രണ്ട് ഐപിഎല്‍ മല്‍സരങ്ങള്‍ കൊണ്ടു തന്നെ ഇന്ത്യയുടെ പുതിയ പേസ് സെന്‍സേഷനായി മാറിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ യുവ പേസര്‍ മായങ്ക് യാദവ്. കളിച്ച രണ്ടു മല്‍സരങ്ങളിലും തീപ്പൊരി ബൗളിങ് കാഴ്ചവച്ച താരം ഇവയില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. ആറു വിക്കറ്റുകളാണ് രണ്ടു മല്‍സരങ്ങളില്‍ യാദവ് കടപുഴക്കിയത്. 150 കിമി വേഗതയില്‍ തുടര്‍ച്ചയായി ബൗള്‍ ചെയ്യാനുള്ള അസാധാരണ കഴിവാണ് താരത്തെ സ്‌പെഷ്യലാക്കി മാറ്റുന്നത്.
156.7 കിമി വേഗതയില്‍ വരെ പന്തെറിഞ്ഞ് യാദവ് വിസമിയിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ചെറിയൊരു കാര്യം ശ്രദ്ധിക്കുകയാണെങ്കില്‍ ബൗളിങില്‍ ഇനിയും വേഗത വര്‍ധിപ്പിക്കാന്‍ താരത്തിനു സാധിക്കുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ യാദവിന്റെ ബൗളിങിനെക്കുറിച്ച് വിലയിരുത്തുകയായിരുന്നു അദ്ദേഹം.

മായങ്ക് യാദവിന്റെ ബൗളിങ് ആക്ഷന്‍ വളരെ മികച്ചതും സിംപിളുമാണെന്നാണ് ലീയുടെ വിലയിരുത്തല്‍. പക്ഷെ ബൗളിങ് ആക്ഷനിടെ യാദവിന്റ തലയുടെ പൊസിഷനില്‍ ചെരിവുണ്ടെന്നും അതു നേരെയാക്കാന്‍ ശ്രമിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ഉപദേശം. തലയുടെ പൊസിഷന്‍ നേരെ കൊണ്ടു വരികയാണെങ്കില്‍ ബൗളിങ് വേഗത ഇനിയും 4-5 കിമി വരെ വര്‍ധിപ്പിക്കുവാന്‍ യാദവിനു തീര്‍ച്ചയായും സാധിക്കുമെന്നും ലീ ചൂണ്ടിക്കാട്ടി.
ലീയുടെ ഉപദേശം പ്രാവര്‍ത്തികമാക്കാനായാല്‍ പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറുടെ ലോക റെക്കോഡ് തകര്‍ക്കാന്‍ യാദവിനു സാധിച്ചേക്കും. 2003ലെ ഐസിസി ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ 161.3 കിമി വേഗതയില്‍ ബൗള്‍ ചെയ്തായിരുന്നു അക്തര്‍ ചരിത്രം കുറിച്ചത്. ഏറ്റവും വേഗമേറിയ ബൗളെന്ന അദ്ദേഹത്തിന്റെ ഈ റെക്കോര്‍ഡിനു വെല്ലുവിളിയുയര്‍ത്താന്‍ മറ്റൊരു ഫാസ്റ്റ് ബൗളര്‍ക്കും ഇനിയും സാധിച്ചിട്ടില്ല.

157 കിമിക്കടുത്ത് വേഗതയില്‍ യാദവ് ഐപിഎല്ലില്‍ ഇതിനകം ബൗള്‍ ചെയ്തു കഴിഞ്ഞു. അതുകൊണ്ടു തന്നെ 4-5 കിമി കൂടി വേഗതയില്‍ ബൗള്‍ ചെയ്യാനായാല്‍ 161-162 കിമിയെന്നത് താരത്തെക്കൊണ്ട് അസാധ്യവുമല്ല. അക്തറുടെ ലോക റെക്കോര്‍ഡ് തകര്‍ത്തെറിയാന്‍ കഴിഞ്ഞാല്‍, അതു യാദവിനു മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റിനും സുവര്‍ണ മുഹൂര്‍ത്തമായി മാറുമെന്നുറപ്പാണ്.
നിലവില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ നാലാമത്തെ ബോളിന്റെ അവകാശിയാണ് താരം. നേരിയ വ്യത്യാസത്തിലാണ് ആദ്യത്തെ മൂന്നു സ്ഥാനക്കാര്‍ യാദവിനു മുന്നിലുള്ളത്. ഓസ്‌ട്രേലിയയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ഷോണ്‍ ടെയ്റ്റാണ് ഐപിഎല്ലിലെ വേഗ രാജാവ്.
157.7 കിമി വേഗതയില്‍ ബൗള്‍ ചെയ്തായിരുന്നു താരം റെക്കോര്‍ഡിട്ടത്. 2011ല്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കവെയായിരുന്നു ഇത്. രണ്ടാംസ്ഥാനം ന്യൂസിലാന്‍ഡിന്റെ ലോക്കി ഫെര്‍ഗൂസനാണ്. 2022ല്‍ 157.3 കിമി വേഗതയില്‍ ബൗള്‍ ചെയ്യാന്‍ അദ്ദേഹത്തിനായിരുന്നു.
മൂന്നാംസ്ഥാനത്തു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ യുവ പേസര്‍ ഉമ്രാന്‍ മാലിക്കാണ്. ഒരു സമയത്തു ഇന്ത്യയുടെ അക്തറെന്നു വിശേഷിപ്പിക്കപ്പെട്ട ഉമ്രാന്‍ 2022ലായിരുന്നു വേഗതയേറിയ മൂന്നാമത്തെ പന്തെറിഞ്ഞത്. 157 കിമിയായിരുന്നു അന്നു അദ്ദേഹത്തിന്റെ ബൗളിങ് വേഗത. അതേസമയം, കളിച്ച രണ്ടാമത്തെ മല്‍സരത്തില്‍ തന്നെ 157 കിമിക്കടുത്ത് വേഗതയില്‍ ബൗള്‍ ചെയ്തു കഴിഞ്ഞ യാദവ് ഈ സീസണ്‍ കഴിയുമ്പോഴേക്കും സകല റെക്കോര്‍ഡുകളും തിരുത്താനുള്ള സാധ്യത കൂടുതലാണ്.