ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന്റെ ആവേശത്തിന് ഇന്ന് കൊടിയേറുകയാണ്. ഐപിഎല്‍ കിരീടത്തിനായി 10 ടീമുകള്‍ തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഇത്തവണത്തെ ഐപിഎല്ലിന് ശേഷം ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ എല്ലാ താരങ്ങള്‍ക്കും ഇത്തവണത്തെ സീസണ്‍ സുപ്രധാനമാണ്. എല്ലാ ടീമുകളും മിനി ലേലത്തിലൂടെ കരുത്തുയര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തീപാറുന്ന പോരാട്ടം ഇത്തവണ പ്രതീക്ഷിക്കാം.
പല പ്രമുഖരും ഇതിനോടകം തങ്ങളുടെ പ്രവചനങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ ഇത്തവണത്തെ കിരീട ജേതാവ് ആരായിരിക്കുമെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ പേസറായ ബ്രെറ്റ് ലീ. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമല്ല കപ്പ് ആര്‍സിബി നേടുമെന്നാണ് ലീ പറയുന്നത്. എബി ഡിവില്ലിയേഴ്‌സിനൊപ്പം ചാനലില്‍ സംസാരിക്കവെയാണ് ബ്രെറ്റ് ലീ തന്റെ പ്രവചനം നടത്തിയിരിക്കുന്നത്.
'ഇത്തവണത്തെ 10 ടീമുകളിലൂടെ പോകുമ്പോള്‍ 10 ടീമും ഒന്നിനൊന്ന് ശക്തമാണ്. എന്നാല്‍ ആര്‍സിബിക്ക് ഇത്തവണ വലിയ കിരീട സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആര്‍സിബിക്ക് മികച്ച താരനിരയാണുള്ളത്' ലീ പറഞ്ഞു. മൂന്ന് തവണ ഫൈനല്‍ കളിച്ചിട്ടുള്ള ടീമാണ് ആര്‍സിബി. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്‍ കളിക്കുന്ന ആര്‍സിബിക്ക് ഇതുവരെ കപ്പിലേക്കെത്താനുള്ള ഭാഗ്യമുണ്ടായിട്ടില്ല. ഇത്തവണയും മികച്ച താരനിര ആര്‍സിബിക്ക് അവകാശപ്പെടാം.
എന്നാല്‍ ചില താരങ്ങളെ അമിതമായി ആശ്രയിക്കുന്ന നിരയാണ് ഇത്തവണയും ആര്‍സിബിയെന്ന് പറയാം. വിരാട് കോലി, ഫഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരില്‍ ആര്‍സിബി അമിതമായി പ്രതീക്ഷവെക്കുന്നു. ഇവരുടെ ഫോമിനെ അടിസ്ഥാനമാക്കിയാവും ആര്‍സിബി മുന്നോട്ട് പോവുക. ഇവര്‍ ഫ്‌ളോപ്പായാല്‍ ടീമിന് വിശ്വസിക്കാന്‍ സാധിക്കുന്ന താരങ്ങളില്ലെന്ന് തന്നെ പറയാം. എല്ലാ സീസണിലുമുള്ള ദൗര്‍ബല്യം ഇത്തവണയും ആര്‍സിബിക്കുണ്ട്.

ടീമിന്റെ ബൗളിങ് നിര കരുത്തുറ്റതാണെന്ന് പറയാനാവില്ല. മുഹമ്മദ് സിറാജ് നയിക്കുന്ന പേസ് നിര ശരാശരി നിലവാരം മാത്രമുള്ളതാണ്. അതുകൊണ്ടുതന്നെ ആര്‍സിബി ഇത്തവണ കപ്പിലേക്കെത്താന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം. മുന്‍ സിഎസ്‌കെ താരം സുരേഷ് റെയ്‌നയും ഇത്തവണ കൂടുതല്‍ കിരീട സാധ്യത ആര്‍സിബിക്കാണെന്നാണ് പറഞ്ഞത്. കോലി ആരാധകരെല്ലാം അദ്ദേഹം ഐപിഎല്‍ കിരീടം നേടണമെന്ന് ഏറെ നാളുകളായി ആഗ്രഹിക്കുന്നു.
എന്നാല്‍ ഇതുവരെ അതിന് ഭാഗ്യമുണ്ടായില്ല. ഇത്തവണ വനിതാ പ്രീമിയര്‍ ലീഗ് കിരീടം നേടിയത് ആര്‍സിബിയാണ്. അതുകൊണ്ടുതന്നെ പുരുഷ ടീമിന് ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ അഭിമാന പ്രശ്‌നമാണ്. വനിതാ ടീം കിരീടം നേടിയതിനാല്‍ പുരുഷ ടീമിനേയും ഇത്തവണ ഭാഗ്യം കാത്തിരിക്കുന്നുണ്ടെന്നാണ് ആരാധക പ്രതീക്ഷ. ഉദ്ഘാടന മത്സരത്തില്‍ ശക്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിക്കാന്‍ ആര്‍സിബിക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
ഇത്തവണ മുംബൈ ഇന്ത്യന്‍സ് വലിയ കിരീട സാധ്യതയുള്ള ടീമാണ്. ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ താരനിരയോടെയാണ് മുംബൈ ഇറങ്ങുന്നത്. സൂര്യകുമാര്‍ യാദവിന് പരിക്കേറ്റത് അല്‍പ്പം ക്ഷീണമാണ്. എങ്കിലും രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ടിം ഡേവിഡ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന മുംബൈ അതി ശക്തം. ബൗളിങ് നിരയില്‍ പരിക്ക് വില്ലനായിട്ടുണ്ട്.
എങ്കിലും ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിര അതിശക്തമാണ്. ഇത്തവണ ആറാം കിരീടത്തിലേക്കെത്താന്‍ മുംബൈക്ക് കരുത്തുണ്ട്. സിഎസ്‌കെയും മോശം നിരയല്ല. എംഎസ് ധോണി നായകസ്ഥാനം ഒഴിഞ്ഞെങ്കിലും റുതുരാജ് ഗെയ്ക്‌വാദിന് കീഴില്‍ കസറാനാവുമെന്ന പ്രതീക്ഷയാണ് സിഎസ്‌കെയ്ക്കുള്ളത്. ഗൗതം ഗംഭീര്‍ ഉപദേഷ്ടാവിന്റെ റോളിലെത്തിയത് കെകെആറിനും പ്രതീക്ഷ നല്‍കുന്നു. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സും ശക്തമായ താരങ്ങളുടെ നിരയാണ്.