ഐപിഎല്ലിന്റെ ട്രേഡ് വിന്‍ഡോയില്‍ ഇത്തവണ എല്ലാവരെയും ഞെട്ടിച്ച കൂടുമാറ്റമായിരുന്നു ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടേത്. ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്റെ ക്യാപ്റ്റനും നെടുംതൂണുമായ അദ്ദേഹത്തെ മുന്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ടീമിലേക്കു തിരികെയെത്തിക്കുകയായിരുന്നു. ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് സിഇഒ.
പേസ് ബൗളിങില്‍ ടീമിന്റെ കുന്തമുനയായ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ നിയമവിരുദ്ധമായി തട്ടിയെടുക്കാന്‍ ഒരു ടീം ശ്രമിച്ചുവെന്നാണ് സിഇഒ അര്‍വീന്ദര്‍ സിങ് തുറന്നു പറഞ്ഞിരിക്കുന്നത്. ഷമിയെ വാങ്ങാന്‍ ടീം മാനേജ്‌മെന്റിനെ നേരിട്ടല്ല സമീപിച്ചതെന്നും മറിച്ച് കോച്ചിങ് സ്റ്റാഫ് വഴിയാണ് രഹസ്യ നീക്കം നടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഈ നീക്കം ഐപിഎല്‍ നിയമാവലിയുടെ ലംഘനത്തില്‍ പെടുന്നതാണെന്നും അര്‍വീന്ദര്‍ സിങ് തുറന്നടിച്ചു. ന്യൂസ് 18നുമായി സംസാരിക്കവെയാണ് അദ്ദേഹം ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഐപിഎല്‍ ട്രേഡിങിനു ബിസിസിഐക്കു ചില നിയമങ്ങളുണ്ട്. അതു വഴിയാണ് ഒരു താരത്തെ വാങ്ങാനോ, വില്‍ക്കാനോ ഫ്രാഞ്ചൈസികള്‍ പരസ്പരം ബന്ധപ്പെടേണ്ടത്. ശരിയായ രീതിയില്‍ താല്‍പ്പര്യമുള്ള ഫ്രാഞ്ചൈസികള്‍ സമീപിക്കുകയാണെങ്കില്‍ തങ്ങള്‍ അവരുമായി ചര്‍ച്ചയ്ക്കു തയ്യാറാണ്.
പക്ഷെ ഷമിയുടെ കാര്യത്തില്‍ അതല്ല സംഭവിച്ചത്. തങ്ങളറിയാതെ വളരെ രഹസ്യമായി ഷമിയെ ടീമില്‍ നിന്നും കൈക്കലാക്കാനുള്ള നീക്കമാണ് ആ ഫ്രാഞ്ചൈസി നടത്തിയതെന്നും അര്‍വീന്ദര്‍ സിങ് വ്യക്തമാക്കി. പക്ഷെ ഷമിക്കു വേണ്ടി രഹസ്യനീക്കം നടത്തിയ ഫ്രാഞ്ചൈസി ഏതാണെന്നു മാത്രം വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
ഗുജറാത്ത് ടൈറ്റന്‍സ് വിടാനുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ താരുമാനത്തെക്കുറിച്ചും ജിടി സിഇഒ സംസാരിച്ചു. അദ്ദേഹത്തിന്റെ തീരുമാനത്തെ ഗുജറാത്ത് ടൈറ്റന്‍സ് ബഹുമാനിക്കുന്നതായും തങ്ങളുടെ ഹൃദയത്തില്‍ എല്ലായ്‌പ്പോഴും അതുണ്ടായിരിക്കുമെന്നും അര്‍വീന്ദര്‍ സിങ് പറഞ്ഞു.

ഐപിഎല്‍ റീട്ടെന്‍ഷന്‍ തിയ്യതിയുടെ അവസാന ദിവസമാണ് തികച്ചും നാടകീയമായി ഹാര്‍ദിക് ജിടി വിട്ട് മുംബൈയിലേക്കു കൂടുമാറിയത്. ഇതിനു വേണ്ടി പണം സ്വരൂപിക്കാന്‍ ഓസ്‌ട്രേലിയന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു മുംബൈ വില്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം, ലേലത്തിനായി ഇനി 38.15 കോടി രൂപയാണ് ജിടിയുടെ പഴ്‌സില്‍ ബാക്കിയുള്ളത്. ഈ തുകയ്ക്കു പരമാവധി എട്ടു കളിക്കാരെയാണ് ജിടിക്കു വാങ്ങാന്‍ സാധിക്കുക. ഇതില്‍ ആറു പേര്‍ ഇന്ത്യന്‍ താരങ്ങളും രണ്ടു പേര്‍ വിദേശ താരങ്ങളുമായിരിക്കുകയും വേണം.
ഈ മാസം നടക്കാനിരിക്കുന്ന ലേലത്തിനു മുമ്പ് ജിടി ഒഴിവാക്കിയ കളിക്കാര്‍ യഷ് ദയാല്‍, കെഎസ് ഭരത്, ശിവം മാവി, ഉര്‍വില്‍ പട്ടേല്‍, പ്രദീപ് സാങ്വാന്‍, ഒഡെയ്ന്‍ സ്മിത്ത്, അല്‍സാറി ജോസഫ്, ദസുന്‍ ഷനക എന്നിവരാണ്.
ജിടി നിലനിര്‍ത്തിയ കളിക്കാര്‍
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്യംസണ്‍, അഭിനവ് മനോഹര്‍, ബി സായ് സുദര്‍ശന്‍, ദര്‍ശന്‍ നല്‍കാണ്ഡെ, വിജയ് ശങ്കര്‍, ജയന്ത് യാദവ്, രാഹുല്‍ തെവാത്തിയ, മുഹമ്മദ് ഷമി, നൂര്‍ അഹമ്മദ്, സായ് കിഷോര്‍. റാഷിദ് ഖാന്‍, ജോഷ്വ ലിറ്റില്‍, മോഹിത് ശര്‍മ.