IPL 2024: ഹാര്‍ദിക്കിന് സാധിച്ചു, എനിക്കും മുംബൈയിലേക്ക് മടങ്ങി വരണം! ആഗ്രഹം പറഞ്ഞ് താരം
മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ എല്ലാവരേയും ഞെട്ടിച്ചാണ് ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയത്. അരങ്ങേറ്റ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ക്യാപ്റ്റനാക്കുകയും കഴിഞ്ഞ സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക് പാണ്ഡ്യ. എന്നാല്‍ ഈ സീസണിന് മുന്നോടിയായി തികച്ചും അപ്രതീക്ഷിതമായാണ് തന്റെ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് ഹാര്‍ദിക് മടങ്ങിയെത്തിയത്.
ഇപ്പോഴിതാ ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയതുപോലെ തനിക്കും മുംബൈയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മിച്ചല്‍ മക്ലനേഗന്‍. 2015ല്‍ മുംബൈയിലെത്തിയ മക്ലനേഗന്‍ ആറ് വര്‍ഷം മുംബൈക്കൊപ്പം കളിച്ചു. 56 മത്സരത്തില്‍ നിന്ന് 71 വിക്കറ്റുകളും നേടി. ടീം വിട്ട സമയത്ത് 'വിടപറയുന്നില്ല, വീണ്ടും കാണാം' എന്നായിരുന്നു മക്ലനേഗന്‍ പറഞ്ഞത്. വിരമിച്ച ശേഷം പരിശീലക റോളില്‍ വളരാനാണ് മക്ലനേഗന്റെ പദ്ധതി.
ഇതിന്റെ ഭാഗമായി പരിശീലന കോഴ്‌സുകള്‍ അദ്ദേഹം ആരംഭിച്ച് കഴിഞ്ഞു. മുംബൈയുടെ പരിശീലക സംഘത്തില്‍ ഉള്‍പ്പെടാനുള്ള ആഗ്രഹമാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. 'ട്വിറ്ററിലൂടെ നിരവധി ആരാധകര്‍ എന്നാണ് നിങ്ങള്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നതെന്ന് ചോദിക്കുന്നുണ്ട്. ഞാന്‍ തിരിച്ചുവരും. എന്നാല്‍ ഇപ്പോള്‍ പരിശീലന കോഴ്‌സുകളുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. ക്രിക്കറ്റിനെക്കുറിച്ച് സാങ്കേതികമായി കൂടുതല്‍ ആഴത്തില്‍ അറിയാനുണ്ട്.
ദേശീയ ടീമിനൊപ്പമോ എല്ലാവരും അറിയുന്ന ടീമിനൊപ്പമോ പരിശീലകനായി വരവറിയിക്കാനാണ് ആഗ്രഹിക്കുന്നത്. മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തണമെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം' മക്ലനേഗന്‍ പറഞ്ഞു. മുംബൈയുടെ നിര്‍ണ്ണായക ബൗളര്‍മാരിലൊരാളായിരുന്നു മക്ലനേഗന്‍. ഡെത്തോവറില്‍ തല്ലുകൊള്ളിയാവുമെങ്കിലും പവര്‍പ്ലേയില്‍ വിക്കറ്റ് നേടാന്‍ മക്ലനേഗന്‍ മിടുക്കനായിരുന്നു. എന്നാല്‍ ന്യൂസീലന്‍ഡുകാരനായ താരത്തിന് മുംബൈയുടെ പരിശീലക സംഘത്തിലേക്കെത്തുക എളുപ്പമാവില്ല.

ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജാക്‌സ് കാലിസിനൊപ്പം കളിക്കണമെന്നത് തന്റെ സ്വപ്‌നമായിരുന്നുവെന്നും ഇത് സാധിച്ചുവെന്നും മക്ലനേഗന്‍ പറഞ്ഞു. 'വിരമിച്ച ശേഷവും ക്രിക്കറ്റ് കളിക്കുകയെന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. കാലിസിനൊപ്പം കളിക്കണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. വിരമിച്ച ശേഷമാണ് അത് നടന്നത്' മക്ലനേഗന്‍ പറഞ്ഞു. ഇത്തവണത്തെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിയെക്കുറിച്ചും മക്ലനേഗന്‍ പ്രതികരിച്ചു.
'രോഹിത് ശര്‍മയെക്കുറിച്ചോര്‍ത്ത് സങ്കടം തോന്നുന്നു. ഈ ലോകകപ്പിനായി അവന്‍ എത്രത്തോളം മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് എനിക്കറിയാം. വലിയൊരു കിരീടം അവന്‍ അര്‍ഹിച്ചിരുന്നു. എന്നാല്‍ അര്‍ഹിച്ച നേട്ടത്തിലേക്ക് എത്താനായില്ല' മക്ലനേഗന്‍ പറഞ്ഞു. രോഹിത് ശര്‍മയുടെ വിശ്വസ്തനായ ബൗളര്‍മാരിലൊരാളായിരുന്നു മക്ലനേഗന്‍. അതുകൊണ്ടുതന്നെ രോഹിത് നയിച്ച് ഇന്ത്യക്ക് കിരീടം നേടാന്‍ സാധിക്കാതെ പോയത് നിരാശപ്പെടുത്തുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
നിലവില്‍ മാര്‍ക്ക് ബൗച്ചറാണ് മുംബൈയുടെ മുഖ്യ പരിശീലകന്‍. അവസാന സീസണോടെ ഷെയ്ന്‍ ബോണ്ട് മുംബൈയുടെ ബൗളിങ് പരിശീലകസ്ഥാനം ഒഴിഞ്ഞിരുന്നു. പുതിയ സീസണില്‍ ലസിത് മലിംഗയാണ് മുംബൈയുടെ ബൗളിങ് പരിശീലകന്‍. അഞ്ച് തവണ കപ്പിലേക്കെത്തിയ ടീമാണ് മുംബൈ. എന്നാല്‍ കഴിഞ്ഞ കുറച്ചു സീസണുകളിലായി പ്രതീക്ഷിച്ച മികവ് മുംബൈക്കില്ല. കറെന്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവരെല്ലാം ടീം വിട്ടതോടെ മുംബൈ തകര്‍ന്നു.
മികച്ച താരങ്ങള്‍ ടീം വിട്ടതോടെ പഴയ നിലവാരത്തിലേക്കുയരാന്‍ മുംബൈക്ക് സാധിക്കാതെ വന്നിരിക്കുകയാണ്. അടുത്ത സീസണില്‍ വലിയ അഴിച്ചുപണികളോടെ കപ്പിലേക്കെത്താമെന്ന പ്രതീക്ഷയിലാണ് മുംബൈ. ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തിയതോടെ മുംബൈക്കത് വലിയ കരുത്തായി മാറിയിരിക്കുകയാണ്. ഹാര്‍ദിക്കിന്റെ സാന്നിധ്യം മുംബൈയുടെ മധ്യ നിര ബാറ്റിങ്ങിനേയും പേസ് ബൗളിങ് നിരയേയും ശക്തിപ്പെടുത്തും. ഇടവേളക്ക് ശേഷം മുംബൈക്ക് കപ്പിലേക്കെത്താനാവുമോയെന്നത് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications