ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമാവാന്‍ തനിക്കു കഴിയുമെന്നു ഐപിഎല്ലില്‍ വീണ്ടുമൊരു കിടിലന്‍ ഇന്നിങ്‌സിലൂടെ തെളിയിച്ചിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ. ഇടിവെട്ട് ഇന്നിങ്‌സുകളിലൂടെ ബൗളര്‍മാരുടെ അന്തകനായി മാറിയിരിക്കുകയാണ് ഇടംകൈയന്‍ ഓപ്പണര്‍. പഞ്ചാബ് കിങ്‌സുമായുമായുള്ള സീസണിലെ അവസാന മല്‍സരത്തിലും ഗംഭീര ഇന്നിങ്‌സാണ് കളിച്ചത് അഭിഷേക്. ഇതോടെ താരത്തെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് പ്രേമികള്‍.
ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ് കഴിഞ്ഞാല്‍ എസ്ആര്‍എച്ചിനു വേണ്ടി ഈ സീസണില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത് അഭിഷേകാണ്. അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റോടെയാണ് താരം റണ്‍സ് സ്കോര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. പഞ്ചാബുമായുള്ള കളിയില്‍ തന്റെ ഓപ്പണിങ് പങ്കാളിയായ ഹെഡിനെ ഇന്നിങ്‌സിലെ ആദ്യ ബോളില്‍ നഷ്ടമായെങ്കിലും അതൊന്നും അഭിഷേകിനെ തളര്‍ത്തിയില്ല. കടന്നാക്രമിച്ച താരം തീപ്പൊരി ഫിഫ്റ്റി കുറിച്ചാണ് ക്രീസ് വിട്ടത്. വെറും 28 ബോളില്‍ 66 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. ആറു സിക്‌സറും അഞ്ചു ഫോറുമുള്‍പ്പെടെയാണിത്.

സീസണിലെ മൂന്നാമത്തെ ഫിഫ്റ്റിയിലെത്താന്‍ അഭിഷേകിനു വേണ്ടിവന്നത് 21 ബോളുകള്‍ മാത്രമാണ്. വ്യക്തിഗത സ്‌കോര്‍ 44ല്‍ നില്‍ക്കവെ ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ എട്ടാം ഓവറിലെ അവസാന രണ്ടു ബോളിലും ബൗണ്ടറി പായിച്ചാണ് താരം ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. അര്‍ഷ്ദീപ് സിങെറിഞ്ഞ ആദ്യ ഓവറില്‍ ഒരു ബോള്‍ പോലും അഭിഷേകിനു ലഭിച്ചില്ല.
റിഷി ധവാന്റെ അടുത്ത ഓവറില്‍ ഒരു ബോളാണ് അഭിഷേകിനു നേരിടാനായത്, സിംഗിളോടെ അക്കൗണ്ടും തുറന്നു. എന്നാല്‍ മൂന്നാം ഓവറില്‍ താരം തനിനിറം പുറത്തെടുത്തു. അര്‍ഷ്ദീപെറിഞ്ഞ ഓവറില്‍ രണ്ടു ഫോറും ഒരു സിക്‌സറുമാണ് അഭിഷേക് പറത്തിയത്. ഹര്‍ഷല്‍ പട്ടേലിന്റെ അഞ്ചാം ഓവറില്‍ രണ്ടു സിക്‌സറും ഒരു ഫോറും താരം പായിച്ചു.
ഒരു ഘട്ടത്തിലും ബൗളര്‍മാരെ തനിക്കുമേല്‍ ആധിപത്യം നേടാന്‍ അഭിഷകേ് അനുവദിച്ചില്ല. ഹര്‍പ്രീത് ബ്രാറിന്റെ പത്താം ഓവറില്‍ തുടര്‍ച്ചയായി രണ്ടു സിക്‌സറാണ് താരം നേടിയത്. പക്ഷെ തന്റെ അഗ്രസീവ് ഇന്നിങ്‌സ് സെഞ്ച്വറിയിലെത്തിക്കാന്‍ അഭിഷേകിനായില്ല. 11 ഓവറില്‍ താരം മടങ്ങി. ശശാങ്ക് സിങിന്റെ ഓവറില്‍ വമ്പന്‍ ഷോട്ടിനു ശ്രമിച്ച അഭിഷേകിനെ ഡീപ്പ് കവര്‍ പോയിന്റില്‍ ശിവം സിങാണ് പിടികൂടിയത്.

ഈ സീസണില്‍ 500 റണ്‍സെന്ന മാന്ത്രികസംഖ്യക്കു തൊട്ടരികില്‍ എത്തിനില്‍ക്കുകയാണ് അഭിഷേക്. 13 മല്‍സരങ്ങളില്‍ നിന്നും 42.45 ശരാശരിയില്‍ 201.13 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റില്‍ താരം അടിച്ചെടുത്തത് 467 റണ്‍സാണ്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 75 റണ്‍സാണ്.
സോഷ്യല്‍ മീഡിയയില്‍ അഭിഷേകിനെ പ്രശംസ കൊണ്ട് മൂടുകയാണ് ആരാധകര്‍. നിലവില്‍ ഇന്ത്യയുടെ ബാറ്റിങ് സെന്‍സേഷനായി ചൂണ്ടിക്കാണിക്കപ്പെടുന്ന യശസ്വി ജയ്‌സ്വാളിനേക്കാള്‍ കിടിലന്‍ ബാറ്ററാണ് അഭിഷേകെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റിനു ആവശ്യം അഭിഷേക് ശര്‍മയെപ്പോലെയൊരു താരത്തെയാണ്. തനിച്ചു മല്‍സരഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള യുവതാരങ്ങളിലൊരാളാണ് അദ്ദേഹം. ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന പുതുമുഖ താരങ്ങളുടെ ലിസ്റ്റില്‍ തലപ്പത്താണ് അഭിഷേക്. യശസ്വി ജയ്‌സ്വാളിനേക്കാള്‍ അപകടകാരിയാണ് അദ്ദേഹമെന്നും ആരാധകര്‍ പറയുന്നു.