മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ഈ മാസം 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ ശക്തമായ താരനിരയാണ് മിക്ക ടീമുകള്‍ക്കുമുള്ളത്. അതുകൊണ്ടുതന്നെ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. ടി20 ലോകകപ്പും വരാനിരിക്കുന്നതിനാല്‍ എല്ലാ താരങ്ങള്‍ക്കും വരുന്ന ഐപിഎല്‍ സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ സീസണിലും മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരത്തിനായാണ് എല്ലാവരും കാത്തിരിക്കുന്നത്.
എന്നാല്‍ ഇത്തവണ മുംബൈയും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടത്തെയാണ് ആവേശത്തോടെ ആരാധകര്‍ ഉറ്റുനോക്കുന്നത്. ഗുജറാത്ത് വിട്ട് ഹാര്‍ദിക് പാണ്ഡ്യ മുംബൈയുടെ നായകസ്ഥാനത്തേക്കെത്തിയതാണ് ഈ വാശിക്ക് കാരണം. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നീ സീനിയര്‍ താരങ്ങളെ തഴഞ്ഞാണ് ഹാര്‍ദിക്കിനെ മുംബൈ നായകസ്ഥാനത്തേക്കെത്തിച്ചത്. കൂടാതെ അഞ്ച് കിരീടം നേടിക്കൊടുത്ത രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിലും ആരാധകര്‍ക്ക് എതിര്‍ അഭിപ്രായമുണ്ട്.
മുംബൈ നായകനായി ഇറങ്ങുമ്പോള്‍ വലിയ വെല്ലുവിളിയാണ് ഹാര്‍ദിക്കിനെ കാത്തിരിക്കുന്നത്. ടീമിനുള്ളിലെ പിണക്കം മുതല്‍ ആരാധകരെ തിരികെ കൊണ്ടുവരുന്നത് ഉള്‍പ്പെടെ വലിയ വെല്ലുവിളികള്‍ ഹാര്‍ദിക്കിനെ കാത്തിരിക്കുന്നു. എന്നാല്‍ ഹാര്‍ദിക്കിന് മുന്നിലുള്ള ശരിയായ വെല്ലുവിളി എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് എബി ഡിവില്ലിയേഴ്‌സ്. അത് ഓള്‍റൗണ്ടറെന്ന നിലയില്‍ തിളങ്ങുകയും മികച്ച ബൗളിങ് പ്രകടനം നടത്തുകയെന്നതുമാണെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്.
'ഹാര്‍ദിക് പാണ്ഡ്യയെപ്പോലൊരു ഓള്‍റൗണ്ടറുടെ അഭാവം മുംബൈക്കുണ്ടായിരുന്നു. ഹാര്‍ദിക്കില്ലാതെ മുംബൈ സംതുലിതമായ നിരയാകില്ല. ഹാര്‍ദിക്കിന് വരുന്ന സീസണില്‍ വലിയ റോളുണ്ടെന്നാണ് കരുതുന്നത്. ഹാര്‍ദിക് ബൗളിങ്ങില്‍ തിളങ്ങുകയും ഓള്‍റൗണ്ട് ഷോ കാഴ്ചവെക്കുകയും ചെയ്യേണ്ടത് മുംബൈയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. അവന്റെ ബൗളിങ് പ്രകടനമാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ പൂര്‍ണ്ണ ഫിറ്റ്‌നസോടെയാണ് ഹാര്‍ദിക് തിരിച്ചെത്തിയിരിക്കുന്നത്.

അവന്‍ ഇന്ത്യക്കായി ഓള്‍റൗണ്ട് പ്രകടനങ്ങള്‍ നടത്തിയത് നോക്കുക. ജസ്പ്രീത് ബുംറയെപ്പോലെ നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്താന്‍ കെല്‍പ്പുള്ളവര്‍ മുംബൈയുടെ കരുത്തുയര്‍ത്തുന്നു' ഡിവില്ലിയേഴ്‌സ് പറഞ്ഞു. ഗുജറാത്തിന്റെ മികച്ച പ്രകടനത്തിന് പിന്നില്‍ ഹാര്‍ദിക്കിന്റെ ഓള്‍റൗണ്ട് പ്രകടനം നിര്‍ണ്ണായകമായിരുന്നു. പ്രധാന മത്സരങ്ങളിലെല്ലാം അവസരത്തിനൊത്തുയരാന്‍ ഹാര്‍ദിക്കിനായി. ന്യൂബോളിലും ഡെത്തോവറിലും വിക്കറ്റ് വീഴ്ത്തുന്ന ബൗളറായി ഹാര്‍ദിക് മികവ് കാട്ടി.
ഈ മികവ് മുംബൈ ഇന്ത്യന്‍സിനൊപ്പവും ഹാര്‍ദിക് കാട്ടേണ്ടതായുണ്ട്. ബാറ്റിങ് നിരയില്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ടിം ഡേവിഡ് തുടങ്ങി പല വിശ്വസ്തരും മുംബൈക്കുണ്ട്. എന്നാല്‍ പേസ് ഓള്‍റൗണ്ടറായി വിശ്വസിക്കാവുന്നത് ഹാര്‍ദിക്കിനെ മാത്രമാണ്. അതുകൊണ്ടുതന്നെ പന്തുകൊണ്ടാണ് ഹാര്‍ദിക് കൂടുതല്‍ തിളങ്ങേണ്ടത്. മുംബൈ മികച്ച യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നുണ്ടെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.
'മികച്ച യുവതാരങ്ങളെ വളര്‍ത്താന്‍ മുംബൈക്ക് സാധിക്കുന്നുണ്ട്. മുംബൈയുടെ പല താരങ്ങളുടേയും പേര് നേരത്തെ കേട്ടിട്ടുള്ളതല്ല. എന്നാല്‍ അവര്‍ കളിക്കാനെത്തുമ്പോള്‍ 10 വര്‍ഷത്തിലധികം കളിച്ചിട്ടുള്ളവരെപ്പോലെയുള്ള പ്രകടനമാണ് കാഴ്ചവെക്കുന്നത്' ഡിവില്ലിയേഴ്‌സ് പറഞ്ഞു. തിലക് വര്‍മ മുംബൈയുടെ മികച്ച കണ്ടെത്തലുകളിലൊന്നാണ്. ഏത് പൊസിഷനിലും തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് തിലക്. പാര്‍ട്ട് ടൈം സ്പിന്നറായും താരത്തെ ഉപയോഗിക്കാം.
മുംബൈ 2020ന് ശേഷം പിന്നോട്ട് പോകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പരിക്കും പേസ് നിരയുടെ ശക്തിക്കുറവുമായിരുന്നു. ജോഫ്രാ ആര്‍ച്ചറെ വലിയ പ്രതീക്ഷയോടെയാണ് കൊണ്ടുവന്നതെങ്കിലും പരിക്ക് താരത്തെ ബാധിച്ചു. എന്നാല്‍ ഇത്തവണ മുംബൈ ബൗളിങ് ശക്തമാക്കിയിട്ടുണ്ട്. ജെറാള്‍ഡ് കോയിറ്റ്‌സി, ജേസന്‍ ബെഹറന്‍ഡോര്‍ഫ്, ദില്‍ഷന്‍ മധുശന്‍ക, നുവാന്‍ തുഷാര, ആകാശ് മധ്‌വാള്‍ തുടങ്ങി മികച്ച പേസ് കരുത്ത് മുംബൈക്കുണ്ട്.
ഇവര്‍ക്കൊപ്പം ജസ്പ്രീത് ബുംറയും ഹാര്‍ദിക്കും ചേരുമ്പോള്‍ മുംബൈ ബൗളിങ്ങിനെ എല്ലാവരും ഭയക്കണം. ഭാഗ്യം തുണച്ചാല്‍ ഇത്തവണ കപ്പടിക്കാന്‍ മുംബൈക്ക് സാധിച്ചേക്കും. അത്രയും കരുത്തുറ്റ നിര മുംബൈക്കുണ്ട്.