മുംബൈ: വലിയ നാടകീയതകള്‍ക്കൊടുവിലാണ് ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയത്. ഹാര്‍ദിക് മുംബൈയിലേക്ക് തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലെ ഗുജറാത്ത് നിലനിര്‍ത്തിയവരുടെ പട്ടിക പുറത്തവിട്ടപ്പോള്‍ ഹാര്‍ദിക്കിനെ നായകനായി നിലനിര്‍ത്തിയിരുന്നു. പക്ഷെ രാത്രിയോടെ വീണ്ടും ട്വിസ്റ്റ് സംഭവിച്ചു. കാമറൂണ്‍ ഗ്രീനിനെ മുംബൈ ആര്‍സിബിക്ക് കൈമാറി.
17.5 കോടിക്കാണ് ഗ്രീനിന്റെ കൈമാറ്റം നടന്നത്. പിന്നാലെ ഗുജറാത്തില്‍ നിന്ന് 15 കോടിക്ക് ഹാര്‍ദിക്കിനെ മുംബൈ തിരികെ എത്തിച്ചു. അപ്രതീക്ഷിത നീക്കമാണ് അവസാന നിമിഷം മുംബൈ നടത്തിയത്. ഗുജറാത്തിനെ അരങ്ങേറ്റ സീസണില്‍ കപ്പടിപ്പിക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക്. മുംബൈയിലേക്കെത്തുമ്പോള്‍ ഹാര്‍ദിക്കിന് നായകസ്ഥാനം ഈ സീസണില്‍ത്തന്നെ ലഭിക്കുമോയെന്നത് കണ്ടറിയണം.
ഹാര്‍ദിക്കിന്റെ മുംബൈയിലേക്കുള്ള വരവിനെ പലരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ചിലരെങ്കിലും വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. അവസാന സീസണില്‍ മുംബൈയെ വിമര്‍ശിച്ച് ഹാര്‍ദിക് സംസാരിച്ചിരുന്നു. മുംബൈ ആരാധകരും രോഹിത്തുമടക്കം ഹാര്‍ദിക്കിനെതിരേ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹാര്‍ദിക് തിരിച്ചെത്തിയതോടെ വീണ്ടും ഹാര്‍ദിക്കിനെ പിന്തുണക്കും വാഴ്ത്തുകയും ചെയ്യേണ്ട അവസ്ഥ മുംബൈ ആരാധകര്‍ക്ക് വന്നിരിക്കുകയാണ്.
ഇപ്പോഴിതാ ഹാര്‍ദിക്കിന്റെ കൂടുമാറ്റത്തെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. 'ജീവിതത്തില്‍ പണം, പാരമ്പര്യം എന്നിവയിലേത് വേണമെന്ന് ചോദിക്കുമ്പോള്‍ നിങ്ങള്‍ എന്താണോ തിരഞ്ഞെടുക്കുന്നത് അതാണ് നിങ്ങളെന്താണെന്ന് വിലയിരുത്തുന്നത്. ഹാര്‍ദിക് മുംബൈ വിടാനുണ്ടായ കാരണം അദ്ദേഹത്തിന് നായകന്‍ ആകണമായിരുന്നു എന്നതാണ്. ഗുജറാത്തിന്റെ നായകനാവുകയും പിന്നീട് ഇന്ത്യന്‍ ക്യാപ്റ്റന്‍സിയിലേക്കെത്താനും ഹാര്‍ദിക് ആഗ്രഹിച്ചു.

ഫ്രാഞ്ചൈസി നായകനായി അധികനാളായില്ല. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ നായകനാവാന്‍ പോവുകയാണ്. ഇത് ശരിയായ കാര്യമാണെന്ന് കരുതുന്നില്ല. ഇപ്പോള്‍ മുംബൈയിലേക്കെത്തുമ്പോള്‍ നായകസ്ഥാനം ലഭിച്ചേക്കില്ല. എന്നാല്‍ ടി20 ലോകകപ്പില്‍ ഹാര്‍ദിക് ഇന്ത്യയെ നയിച്ചേക്കും. ഇത് ശരിയായ പ്രവണതയായി കരുതുന്നില്ല'- ആകാശ് ചോപ്ര പറഞ്ഞു. ഹാര്‍ദിക് മുംബൈയിലേക്ക് തിരിച്ചെത്തിയെങ്കിലും നായകസ്ഥാനം ലഭിച്ചേക്കില്ല.
ഈ സീസണില്‍ കൂടി രോഹിത് ശര്‍മ മുംബൈയെ നയിച്ചേക്കും. അടുത്ത ഐപിഎല്‍ രോഹിത് കളിക്കാന്‍ സാധ്യത വളരെ കുറവാണ്. അപ്പോള്‍ നായകസ്ഥാനം ഹാര്‍ദിക്കിലേക്കെത്തും. സൂര്യകുമാര്‍ യാദവ് മുംബൈയിലുണ്ടെങ്കിലും നായകസ്ഥാനം ഏല്‍പ്പിക്കാന്‍ ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നില്ല. ഇതാണ് ഹാര്‍ദിക്കിനെ തിരികെ എത്തിക്കാനുള്ള കാരണം. ഗുജറാത്ത് ടൈറ്റന്‍സ് ഹാര്‍ദിക്കിനെ വിട്ടുകൊടുക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
പരിശീലകന്‍ ആശിഷ് നെഹ്‌റയും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും തമ്മിലുള്ള കൂട്ടുകെട്ട് അത്ഭുത പ്രകടനത്തിലേക്കാണ് ഗുജറാത്തിനെ എത്തിച്ചത്. എന്നാല്‍ ഹാര്‍ദിക് ഗുജറാത്ത് വിടുന്നത് തിരിച്ചടിയായി ടീം കാണുന്നില്ലെന്നതാണ് വസ്തുത. അതിനൊരു കാരണവുമുണ്ട്. നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ മിടുക്കന്മാരായവര്‍ നിലവില്‍ ഗുജറാത്തിനൊപ്പമുണ്ട്. ശുബ്മാന്‍ ഗില്‍ വളര്‍ന്നുവരുന്ന ഇതിഹാസമാണ്. അതുകൊണ്ടുതന്നെ ഗുജറാത്തിന് നായകസ്ഥാനത്തേക്ക് പരിഗണിക്കാം.
കെയ്ന്‍ വില്യംസണ്‍, റാഷിദ് ഖാന്‍ എന്നിവരും ഗുജറാത്തിനൊപ്പമുണ്ട്. രണ്ട് പേരും നായകന്മാരെന്ന നിലയില്‍ അനുഭവസമ്പത്തുള്ളവരാണ്. എന്നാല്‍ ഹാര്‍ദിക്കിനെപ്പോലെ ഭാഗ്യവാന്മാരായ നായകന്മാരാണ് ഇരുവരുമെന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ അടുത്ത സീസണിലെ ഗുജറാത്തിന്റെ പ്രകടനം എങ്ങനെയാവുമെന്നത് കാത്തിരുന്ന് കണ്ടറിയാം.
മുംബൈക്ക് അടുത്ത സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. സിഎസ്‌കെ മുംബൈയുടെ അഞ്ച് ഐപിഎല്‍ കിരീടമെന്ന റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ അടുത്ത സീസണില്‍ കപ്പടിച്ച് സിഎസ്‌കെയ്ക്ക് മുന്നിലെത്തുകയെന്നത് മുംബൈക്ക് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ തലമുറ മാറ്റം ഉണ്ടായതോടെ പഴയ മികവ് നഷ്ടപ്പെട്ട മുംബൈക്ക് വരുന്ന സീസണില്‍ കപ്പിലേക്കെത്താനാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.