കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന പ്രകടനം നടത്തുന്ന താരങ്ങളിലൊരാളാണ് യശ്വസി ജയ്‌സ്വാള്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ റെക്കോഡ് പ്രകടനം നടത്തിയ ജയ്‌സ്വാള്‍ ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാവുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ 17ാം സീസണ്‍ മുന്നോട്ട് പോകവെ രാജസ്ഥാനൊപ്പം ജയ്‌സ്വാള്‍ നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെക്കുന്നത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ പ്രതീക്ഷ നല്‍കിയെങ്കിലും 9 പന്തില്‍ 19 റണ്‍സുമായി ജയ്‌സ്വാള്‍ മടങ്ങി. 3 ഫോറും 1 സിക്‌സുമാണ് ജയ്‌സ്വാള്‍ നേടിയത്. വലിയ സ്‌കോറിലേക്കുയരാന്‍ ജയ്‌സ്വാളിന് സാധിക്കുന്നില്ല. ഇത് രാജസ്ഥാനേയും കാര്യമായി ബാധിക്കുന്നു. ടി20 ലോകകപ്പ് വരാനിരിക്കെ ജയ്‌സ്വാളിനെ ഓപ്പണറായി പരിഗണിക്കുന്നതിനെക്കുറിച്ച് സെലക്ടര്‍മാരും രണ്ടാമതൊന്ന് ആലോചിച്ചേക്കും. വരുന്ന മത്സരങ്ങള്‍ ജയ്‌സ്വാളിന് വളരെ നിര്‍ണ്ണായകമാണെന്ന് പറയാം.
ഇപ്പോഴിതാ ജയ്‌സ്വാളിന് എവിടെയാണ് പിഴക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. 'ഇപ്പോള്‍ യശ്വസിയെക്കുറിച്ചോര്‍ത്ത് അല്‍പ്പം ആശങ്കയുണ്ട്. കാരണം അടുത്തിടെയൊന്നും അവന്‍ ഇങ്ങനെ നിരാശപ്പെടുത്തി കളിച്ചിട്ടില്ല. എല്ലാ പന്തിലും അടിച്ചുകളിക്കാന്‍ ശ്രമിക്കുന്നതാണ് അവന്റെ പ്രശ്‌നം. അവനൊരു മികച്ച താരമാണ്. ടൈമിങ് ഉപയോഗിച്ച് കളിക്കുന്ന താരമാണവന്‍. അല്ലാതെ ആന്‍ഡ്രേ റസലിനെപ്പോലെ മസില്‍ ഉപയോഗിച്ച് കളിക്കുന്നവനല്ല.
അവന്റെ ബാറ്റിങ് ശൈലി വ്യത്യസ്തമാണ്. അവന്റെ ചെറുപ്പം മുതല്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. കുമാര്‍ സംഗക്കാര ജയ്‌സ്വാളോട് സംസാരിക്കണം. രോഹിത് ശര്‍മ ഫോണിലെങ്കിലും അവനെ വിളിച്ച് സംസാരിക്കണം. ടി20 ലോകകപ്പിലേക്ക് പോകണമെങ്കില്‍ ഈ ഫോം പോരെന്ന് ഓര്‍മിപ്പിക്കണം. അല്‍പ്പം കൂടി കരുതലോടെ കളിക്കാന്‍ പറയണം. ഒരു സിക്‌സും ഫോറും പറത്തി വീണ്ടുമൊരു വലിയ ഷോട്ടിന് ശ്രമിച്ച് പുറത്താവുന്നതാണ് ഇപ്പോള്‍ കാണുന്നത്. ക്ഷമ കാട്ടുന്നില്ല' ആകാശ് ചോപ്ര പറഞ്ഞു.

പിഞ്ച് ഹിറ്ററായ ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍. ആദ്യ പന്ത് മുതല്‍ കടന്നാക്രമിച്ച് കളിക്കാന്‍ ധൈര്യം കാട്ടുന്ന ജയ്‌സ്വാളിന് പക്ഷെ ക്ഷമയോടെ കളിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത. ബൗളറേയും പിച്ചിന്റെ സ്വഭാവത്തേയും പരിഗണിച്ച് ബാറ്റ് ചെയ്യാന്‍ ജയ്‌സ്വാള്‍ തയ്യാറാകുന്നില്ല. തന്റെ ബാറ്റിങ് മികവില്‍ വിശ്വസിക്കുന്നത് നല്ലതാണെങ്കിലും ഇപ്പോള്‍ കാട്ടുന്നത് അമിത ആത്മവിശ്വാസമാണെന്ന് പറയാം. പന്ത് നോക്കാതെ കടന്നാക്രമിക്കുമ്പോള്‍ താരത്തിന് വിക്കറ്റ് നഷ്ടമാകുന്നു.
ഇന്ത്യക്കായി ടി20 ലോകകപ്പില്‍ ഓപ്പണറാവാന്‍ നിരവധി താരങ്ങള്‍ കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജയ്‌സ്വാളിന് നേരിട്ട് ഇന്ത്യന്‍ ടീമിലേക്കെത്തുക കടുപ്പമായിരിക്കും. ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം ഓപ്പണിങ് നോട്ടമിടുന്നവരാണ്. ഇവരെല്ലാം ജയ്‌സ്വാളിനെക്കാള്‍ ഫോമിലാണ് കളിക്കുന്നത്. ഈ മാസം അവസാനമോ മെയ് 1നോ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചേക്കും.
ഈ സാഹചര്യത്തില്‍ നിലവിലെ ജയ്‌സ്വാളിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. 24, 24, 5, 10, 39, 0, 19 എന്നിങ്ങനെയാണ് ഈ സീസണിലെ താരത്തിന്റെ സ്‌കോര്‍. ഏഴ് മത്സരത്തില്‍ നിന്ന് ഒരു ഫിഫ്റ്റി പോലും നേടിയെടുക്കാന്‍ ജയ്‌സ്വാളിനായിട്ടില്ല. അതുകൊണ്ടുതന്നെ വരുന്ന മത്സരങ്ങള്‍ ജയ്‌സ്വാളിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഫോമിലേക്കെത്താനാവാത്ത പക്ഷം ടി20 ലോകകപ്പ് ടീമില്‍ നിന്നും ജയ്‌സ്വാള്‍ തഴയപ്പെടാന്‍ സാധ്യത കൂടുതലാണ്.
എന്നാല്‍ ഫോമിലേക്കെത്തിയാല്‍ ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ ജയ്‌സ്വാളിന് കഴിവുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ജയ്‌സ്വാളില്‍ ഇപ്പോഴും ടീം മാനേജ്‌മെന്റ് വിശ്വസിക്കുന്നു. വരുന്ന മത്സരങ്ങളിലൂടെ തിരിച്ചുവരവ് നടത്താന്‍ ജയ്‌സ്വാളിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.