ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലാണ് ടീമുകളെല്ലാം. എല്ലാ ടീമിനും ഇത്തവണ ശക്തമായ താരനിരയുണ്ട്. അതുകൊണ്ടുതന്നെ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം. നിലവിലെ ടീമുമായി കപ്പടിക്കാനുള്ള അവസാന അവസരമാണ് ടീമുകള്‍ക്ക് മുന്നിലുള്ളത്. ഈ സീസണിന് ശേഷം മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ഈ സീസണില്‍ കിരീടം നേടാന്‍ ടീമുകള്‍ തമ്മില്‍ തീപ്പൊരി പോരാട്ടം പ്രതീക്ഷിക്കാം.
കെ എല്‍ രാഹുല്‍ നായകനായുള്ള ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ഇത്തവണ വലിയ പ്രതീക്ഷയിലാണ്. ഗൗതം ഗംഭീര്‍ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ ശേഷം ലഖ്‌നൗ കളിക്കുന്ന ആദ്യ സീസണാണ് വരാന്‍ പോകുന്നത്. ഇപ്പോഴിതാ ലഖ്‌നൗ ഈ സീസണില്‍ പ്ലേ ഓഫില്‍ കടക്കില്ലെന്നും വലിയ ദൗര്‍ബല്യം ടീമിനുണ്ടെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ ആകാശ് ചോപ്ര. മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവമാണ് ലഖ്‌നൗവിന്റെ പ്രശ്‌നം.
'ലഖ്‌നൗവിന്റെ ബാറ്റിങ് നിരയില്‍ മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ കുറവുണ്ട്. കെ എല്‍ രാഹുലിനെ അമിതമായി ആശ്രയിക്കുന്നു. ദീപക് ഹൂഡ, പ്രേരക് മങ്കാദ്, ക്രുണാല്‍ പാണ്ഡ്യ എന്നിവരുടെയെല്ലാം പ്രകടനം കണ്ടറിയണം. ആയുഷ് ബദോനി ടോപ് ഓഡറിലേക്ക് എത്തുമോയെന്നതാണ് കണ്ടറിയേണ്ടത്. വളരെ ദുര്‍ബലമായ ബാറ്റിങ്ങാണ് അവരുടേത്. കെ എല്‍ രാഹുലിന് പരിക്കേല്‍ക്കുകയോ വിട്ടുനില്‍ക്കേണ്ട സാഹചര്യമോ വന്നാല്‍ ടീം പ്രയാസപ്പെടും.
മികച്ച ഇന്ത്യന്‍ താരങ്ങളുടെ അഭാവം ലഖ്‌നൗവിനുണ്ട്. ദേവ്ദത്ത് പടിക്കലിന്റെ വരവ് ലഖ്‌നൗവിന് ഗുണം ചെയ്‌തേക്കും. അവസാന സീസണില്‍ മോശമല്ലാത്ത ബാറ്റിങ് പ്രകടനം ദേവ്ദത്തിനുണ്ടായിരുന്നു. ടോപ് ത്രീയില്‍ ദേവ്ദത്തിനെ ബാറ്റുചെയ്യിക്കാവുന്നതാണ്' ആകാശ് ചോപ്ര പറഞ്ഞു. നിലവില്‍ പരിക്കേറ്റ് ടീമിന് പുറത്തുള്ള കെ എല്‍ രാഹുല്‍ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. ഐപിഎല്ലിന് മുമ്പ് രാഹുല്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തുമെന്നാണ് വിവരം.

രാഹുലിന്റെ ഫിറ്റ്‌നസ് എപ്പോഴും വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ്. രാഹുലിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ലഖ്‌നൗ നാണംകെട്ട് തുടര്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നേക്കും. ലഖ്‌നൗവിന്റെ ബൗളിങ് നിരയും ദുര്‍ബലമാണ്. അനുഭവസമ്പത്ത് കുറവുണ്ടെന്നാണ് ആകാശ് പറയുന്നത്. 'ലഖ്‌നൗവിന്റെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അനുഭവസമ്പത്തിന്റെ കുറവുണ്ട്. യാഷ് താക്കൂര്‍ ആഭ്യന്തര മത്സരം പോലും കളിക്കാതെയാണ് വരുന്നത്.
മൊഹ്‌സിന്‍ ഖാന്‍ തുടര്‍ പരിക്കുകള്‍ ഏറ്റുവാങ്ങിയാണ് വരുന്നത്. മായങ്ക് യാദവിന്റെ പ്രകടന മികവ് കണ്ടറിയണം. പൊതുവേ അനുഭവസമ്പത്ത് കുറവുള്ളവരുടെ നിരയാണ് ലഖ്‌നൗ' ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. കെ എല്‍ രാഹുലിനെ അമിതമായി ആശ്രയിക്കുന്ന ടീമാണ് ലഖ്‌നൗ. എന്നാല്‍ മത്സരത്തിന്റെ ഗതിമാറ്റാന്‍ കഴിവുള്ള വിദേശ താരങ്ങള്‍ ലഖ്‌നൗവിലുണ്ട്. ക്വിന്റന്‍ ഡീകോക്കും നിക്കോളാസ് പുരാനും കടന്നാക്രമിക്കാന്‍ ശേഷിയുള്ളവരാണ്.
ഇരുവരും സ്ഥിരതയോടെ മിന്നേണ്ടത് ലഖ്‌നൗവിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കെയ്ല്‍ മെയേഴ്‌സിന്റെ ഓള്‍റൗണ്ട് മികവ് ലഖ്‌നൗവിനെ കരുത്തായേക്കും. മധ്യനിരയില്‍ മാര്‍ക്കസ് സ്റ്റോയിണിസിന്റെ പ്രകടനം നിര്‍ണ്ണായകമാവും. ഓസീസ് ഓള്‍റൗണ്ടര്‍ അവസാന സീസണില്‍ കാര്യമായി ശോഭിച്ചില്ല. എന്നാല്‍ ഇത്തവണ ഗംഭീര പ്രകടനത്തോടെ തിരിച്ചുവരവ് നടത്താന്‍ കെല്‍പ്പുണ്ട്. അമിത് മിശ്രയാണ് സ്പിന്‍ നിരയെ നയിക്കുന്നത്. ക്രുണാല്‍ പാണ്ഡ്യ സ്പിന്‍ ഓള്‍റൗണ്ടറായും കസറേണ്ടതായുണ്ട്.
ഈ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ ലഖ്‌നൗവിന് കെല്‍പ്പുണ്ട്. എഴുതിത്തള്ളാവുന്ന നിരയല്ല ലഖ്‌നൗവിന്റേത്. കടന്നാക്രമിച്ച് കളിക്കാന്‍ ത്രാണിയുള്ളവര്‍ ലഖ്‌നൗവിനൊപ്പമുണ്ട്. എല്ലാവരും ഫോമിലേക്കെത്തിയാല്‍ ഇത്തവണ ലഖ്‌നൗ കപ്പടിച്ചാലും അത്ഭുതപ്പെടാനാവില്ല.