ഡല്‍ഹി: ത്രില്ലിങ് മാച്ചില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു തോല്‍വി സമ്മതിക്കേണ്ടി വന്നതിന്റെ നിരാശയിലും ദുഖത്തിലുമാണ് രാജസഥാന്‍ റോയല്‍സ്. ജയിക്കാന്‍ സാധിക്കുമായിരുന്ന മല്‍സരമാണ് അവസാന അഞ്ചോവറില്‍ റോയല്‍സില്‍ നിന്നും വഴുതിപ്പോയത്. 20 റണ്‍സിന്റെ വിജയമാണ് റിഷഭ് പന്തും സംഘവും സ്വന്തമാക്കിയത്. നായകന്റെ ഇന്നിങ്‌സ് കെട്ടഴിച്ച സഞ്ജു സാംസണ്‍ അവസാനം വരെ പൊരുതിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല. 46 ബോളില്‍ 86 റണ്‍സ് സ്‌കോര്‍ ചെയ്ത അദ്ദേഹം ഒരു വിവാദ ക്യാച്ചില്‍ പുറത്താവുകയായിരുന്നു.
222 റണ്‍സിന്റെ വലിയ ടോട്ടല്‍ ചേസ് ചെയ്ത റോയല്‍സ് എട്ടു വിക്കറ്റിനു 201 റണ്‍സ് നേടിയാണ് മല്‍സരം അടിയറവച്ചത്. യഥാര്‍ഥത്തില്‍ ഈ മല്‍സരത്തില്‍ 15ാം ഓവര്‍ വരെ കളി റോയല്‍സിന്റെ വരുതിയിലായിരുന്നു. അവസാനത്തെ അഞ്ചോവറിലാണ് ഡിസി കളി തട്ടിയെടുത്തത്. ഇതു എങ്ങനെ സംഭവിച്ചുവെന്നു പരിശോധിക്കാം.

15 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ റോയല്‍സ് മൂന്നു വിക്കറ്റിനു 159 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. അവസാനത്തെ 30 ബോളില്‍ റോയല്‍സിനു ജയിക്കാന്‍ വേണ്ടത് 63 റണ്‍സ്. ഏഴു വിക്കറ്റുകളും പക്കലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഈ മല്‍സരം ജയിക്കുകയെന്നത് റോയല്‍സിനു കടുപ്പമായിരുന്നില്ല. ക്രീസില്‍ നിലയുറപ്പിച്ച് സെഞ്ച്വറിയിലേക്കു കുതിച്ച സഞ്ജുവും (85) ശുഭം ദുബെയുമായിരുന്നു (14) അപ്പോള്‍ ക്രീസില്‍. ഈയൊരു ഘട്ടത്തില്‍ റോയല്‍സ് തന്നെ ജയിക്കുമെന്നാണ് എല്ലാവരും ഉറപ്പിച്ചത്. പക്ഷെ പിന്നീട് കളി അടിമുടി മാറുകയായിരുന്നു.
കളിയിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ് മുകേഷ് കുമാര്‍ എറിഞ്ഞ 16ാം ഓവറിലായിരുന്നു. രണ്ടു ഫോറുകളടക്കം 11 റണ്‍സ് ഈ ഓവറില്‍ വന്നെങ്കിലും നാലാത്തെ ബോളില്‍ സഞ്ജു പുറത്തായത് റോയല്‍സിനു ക്ഷീണമായി. സിക്‌സര്‍ ലഭിക്കേണ്ടിയിരുന്നതാണ് തേര്‍ഡ് അംപയറുടെ മോശം തീരുമാനം കാരണം സഞ്ജുവിന്റെ പുറത്താവലില്‍ കലാശിച്ചത്.
ലോങ് ഓണില്‍ ബൗണ്ടറി ലൈനിന് തൊട്ടരികെ വച്ച് സഞ്ജുവിനെ പിടികൂടിയെങ്കിലും ക്യാച്ചിനു ശേഷം ഷെയ് ഹോപ്പിന്റെ കാല്‍ ബൗണ്ടറി ലൈനില്‍ തട്ടുന്നത് കാണാമായിരുന്നു. പക്ഷെ തേര്‍ഡ് അംപയര്‍ അതു ഔട്ട് തന്നെയെന്നു വിധിക്കുകയായിരുന്നു.
യഥാര്‍ഥത്തില്‍ റോയല്‍സ് കളി തോറ്റ നിമിഷം ഇതു തന്നെയെന്നു നിസംശയം പറയാം. കാരണം അത്രയും മികച്ച ഫോമിലായിരുന്നു സഞ്ജു ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. ലൂസ് ഷോട്ടുകളൊന്നും അദ്ദേഹം കളിച്ചിരുന്നില്ല. ബോളിന്റെ മെറിറ്റിനു അനുസരിച്ചുള്ള ഷോട്ടുകളാണ് സഞ്ജു പായിച്ചത്. സിക്‌സര്‍ ലഭിക്കേണ്ടിയിരുന്ന ഷോട്ടാണ് തേര്‍ഡ് അംപയര്‍ ഔട്ട് വിധിച്ചത്.

17ാം ഓവര്‍ ഖലീല്‍ അഹമ്മദിനായിരുന്നു. ഓരോ സിക്‌സറും ഫോറുമടക്കം 11 റണ്‍സ് ഈ ഓവറില്‍ റോയല്‍സിനു ലഭിച്ചെങ്കിലും ഒരു വിക്കറ്റ് കൂടി നഷ്ടമായി. സഞ്ജുവിനു പിന്നാലെ ക്രീസില്‍ നിലയുറപ്പിച്ച അടുത്തയാളായ ദുബയൊണ് (25) പുറത്തായത്. എങ്കിലും റോയല്‍സിനു ജയം അപ്രാപ്യമായിരുന്നില്ല. അഞ്ചിനു 181 റണ്‍സെന്ന നിലയിലായിരുന്നു അവര്‍. 18 ബോളില്‍ ജയിക്കാന്‍ വേണ്ടത് 41 റണ്‍സ്. പക്ഷെ ഇവിടെയാണ് ഡിസി നായകന്‍ റിഷഭ് പന്തിന്റെ ഉജ്ജ്വല ക്യാപ്റ്റന്‍സി ടീമിനെ ജയിപ്പിച്ചത്.
ഇഷാന്ത് ശര്‍മയ്ക്കു ഒരോവര്‍ ബാക്കിയുണ്ടായിരുന്നിട്ടും 18ാം ഓവര്‍ അദ്ദേഹം കുല്‍ദീപ് യാദവിനു നല്‍കുകയായിരുന്നു. വമ്പനടിക്കാരനായ ഡൊണോവന്‍ ഫെരേരയെ (1) രണ്ടാമത്തെ ബോളില്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയ കുല്‍ദീപ് അവസാന ബോളില്‍ ആര്‍ അശ്വിനെയും (2) മടക്കി. ഈ ഓവറില്‍ റോയസിനു ലഭിച്ചത് വെറും നാലു റണ്‍സ്. ഇതോടെ ഡിസി വിജയം ഏറെക്കുറെ ഉറപ്പാക്കി.
12 ബോളില്‍ ജയിക്കാന്‍ വേണ്ടത് 37 റണ്‍സ്. റാസിഖ് ദാര്‍ എറിഞ്ഞ 19ാം ഓവറില്‍ എട്ടു റണ്‍സ് മാത്രമേ ലഭിച്ചുള്ളൂ. നാലാമത്തെ ബോളില്‍ റോവ്‌മെന്‍ പവെല്‍ സിക്‌സര്‍ പറത്തിയെങ്കിലും ശേഷിച്ച അഞ്ചു ബോളില്‍ വെറും രണ്ടു റണ്‍സ് മാത്രമേ ബൗളര്‍ വഴങ്ങിയുള്ളൂ. 20ാം ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണമായിരുന്നു. പക്ഷെ മുകേഷിന്റെ ഓവറില്‍ നേടാനായത് എട്ടു റണ്‍സ് മാത്രം. വെടിക്കെട്ട് താരം പവെല്‍ രണ്ടാമത്തെ ബോളില്‍ ബൗള്‍ഡായോടെ റോയല്‍സിന്‍റെ തോല്‍വിയുറപ്പാവുകയും ചെയ്തു.