IPL 2024: 60 ബോളില്‍ 6 വിക്കറ്റ്! ഇനി ചഹലിനെ തഴയുക അസാധ്യം, ലോകകപ്പ് ടീമിലെടുക്കൂ
ഇന്ത്യന്‍ ടീമില്‍ നിലവില്‍ അവിഭാജ്യ ഘടകമല്ലെങ്കിലും ഈ തരത്തില്‍ അവഗണിക്കപ്പെടേണ്ടയാളല്ല താനെന്നു കാണിച്ചു തന്നിരിക്കുകയാണ് സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. തുടര്‍ച്ചയായ മൂന്നാമത്തെ സീസണിലും രാജസ്ഥാന്‍ റോയല്‍സിനായി മിന്നുന്ന പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സീസണില്‍ ഹാട്രിക് ജയങ്ങളുമായി റോയല്‍സ് കുതിക്കുമ്പോള്‍ അതില്‍ നിര്‍ണായക പങ്ക് ചഹലിനുമുണ്ട്. ഇതോടെ ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ അദ്ദേഹം കളിക്കാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.
മുംബൈ ഇന്ത്യന്‍സിനെതിരേ കഴിഞ്ഞ ദിവസം വാംഖഡെയില്‍ നടന്ന കളിയില്‍ കണ്ണഞ്ചിപ്പിക്കുന്ന ബൗളിങായിരുന്നു ചഹല്‍ കാഴ്ചവച്ചത്. നാലോവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു പേരെയാണ് അദ്ദേഹം പുറത്താക്കിയത്. വെറും 2.8 ഇക്കോണമി റേറ്റിലായിരുന്നു ഇത്. മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ, ജെറാള്‍ഡ് കോട്‌സി എന്നിവരായിരുന്നു ചഹലിന്റെ ഇരകള്‍. ടൂര്‍ണമെന്റില്‍ മൂന്നു കളിയില്‍ നിന്നും 5.5 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകള്‍ അദ്ദേഹം ഇതിനം നേടിക്കഴിഞ്ഞു. 10 ഓവറുകള്‍ മാത്രമേ മൂന്നു കളിയിലായി ചഹല്‍ ബൗള്‍ ചെയ്തിട്ടുള്ളൂ. ഇവയിലാണ് ആറു പേരെ പുറത്താക്കിയിട്ടുള്ളത്.

കഴിഞ്ഞ രണ്ടു ടി20 ലോകകപ്പുകളിലും അവസരം ലഭിക്കാതിരുന്ന ചഹല്‍ വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ തീര്‍ച്ചയായും പ്ലെയിങ് ഇലവനിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2021ലെ ടി20 ലോകപ്പില്‍ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ചഹല്‍ ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. പകരം ആര്‍ അശ്വിന്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍ എന്നിവര്‍ ടീമിലിടം പിടിക്കുകയായിരുന്നു. ചഹലിനെ തഴഞ്ഞതിന്റെ പേരില്‍ സെലക്ഷന്‍ കമ്മിറ്റി ഏറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.
2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന അവസാനത്തെ ടി20 ലോകകപ്പില്‍ ചഹല്‍ ഇന്ത്യന്‍ ടീമില്‍ അംഗമായെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡും ഒരു കളിയില്‍പ്പോലും അദ്ദേഹത്തെ പരീക്ഷിച്ചില്ല. ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയോടെ പുറത്താവുകയും ചെയ്തു. എന്നാല്‍ ഇത്തവണത്തെ ടൂര്‍ണമെന്റില്‍ തന്നെ തഴയുക അസാധ്യമാണെന്നാണ് ഐപിഎല്ലിലെ മാജിക്കല്‍ പ്രകടനത്തിലൂടെ ചഹല്‍ തെളിയിച്ചിരിക്കുന്നത്.

കരിയര്‍ അവസാനിച്ചെന്നു കരുതിയ ഇടത്തു നിന്നും കുല്‍ദീപ് യാദവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പും രവി ബിഷ്‌നോയിയുടെ വളര്‍ച്ചയുമെല്ലാമാണ് ചഹലിന്റെ അവസരങ്ങള്‍ കുറിച്ചത്. മാത്രമല്ല ദേശീയ ടീമിനായി അവസാനം കളിച്ചിട്ടുള്ള മല്‍സരങ്ങളില്‍ വിക്കറ്റുകളെടുക്കാന്‍ അദ്ദേഹം ശരിക്കും പാടുപെടുകയും ചെയ്തു. ഇതോടെയാണ് ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമുകളില്‍ നിന്നും ചഹല്‍ പൂര്‍ണമായി അപ്രത്യക്ഷനായത്. പക്ഷെ ഐപിഎല്ലില്‍ റോയല്‍സ് ടീമിനോടൊപ്പം അദ്ദേഹം കരിയര്‍ തിരിച്ചുപിടിച്ചിരിക്കുകയാണ്.
വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന സ്പിന്നര്‍മാരായി പരിഗണിക്കപ്പെടുന്നത് കുല്‍ദീപും ബിഷ്‌നോയിയുമാണ്. പക്ഷെ ഐപിഎല്ലില്‍ രണ്ടു പേരുടെയും പ്രകടനം ആശാവഹമല്ല. രണ്ടു മല്‍സരങ്ങളില്‍ നിന്നു 7.62 ഇക്കോണമി റേറ്റില്‍ മൂന്നു വിക്കറ്റുകളാണ് കുല്‍ദീപിനു വീഴ്ത്താനായത്. ബിഷ്‌നോയ് ആവട്ടെ രണ്ടു മല്‍സരങ്ങളില്‍ നിന്നും നേടിയത് ഒരേയൊരു വിക്കറ്റുമാണ്. 10.50 എന്ന ദയനീയ ഇക്കോണമി റേറ്റാണ് ബിഷ്‌നോയ്ക്കുള്ളത്. ഐപിഎല്ലില്‍ ഇത്തവണ ഇതുവരെയുള്ള പ്രകടനം പരിഗണിക്കുമ്പോള്‍ കുല്‍ദീപ്, ബിഷ്‌നോയ് എന്നിവരെ ചഹല്‍ ഓവര്‍ടേക്ക് ചെയ്തു കഴിഞ്ഞു. വരാനിരിക്കുന്ന മല്‍സരങ്ങളിലും ഇതു തുടര്‍ന്നാല്‍ അദ്ദേഹം തീര്‍ച്ചയാടും ലോകകപ്പ് ടീമിന്റെ ഭാഗമാവുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications