മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി അവസാനിച്ചിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് സിഎസ്‌കെയാണ് ഇത്തവണ ഐപിഎല്ലില്‍ കിരീടം നേടിയത്. സിഎസ്‌കെയുടെ അഞ്ചാം ഐപിഎല്‍ കിരീടമാണിത്. ഇത്തവണ മികച്ച പല ബാറ്റിങ് പ്രകടനങ്ങളും കാണാന്‍ സാധിച്ചു. 12 സെഞ്ച്വറി പ്രകടനങ്ങള്‍ പിറന്ന ആദ്യ ഐപിഎല്‍ സീസണാണിത്.
അണ്‍ക്യാപ്പഡ് താരങ്ങളിലെ പലരുടേയും പ്രകടനം എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. വലിയ പക്വതയോടെ കളിക്കാന്‍ പല താരങ്ങള്‍ക്കും സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഇവരില്‍ പലരും ചെറിയ പ്രതിഫലത്തില്‍ ടീമിലെത്തി വിസ്മയിപ്പിക്കുന്നവരാണ്. എന്നാല്‍ അടുത്ത ലേലത്തില്‍ ഇവരില്‍ ചില താരങ്ങള്‍ക്ക് വലിയ പ്രതിഫലത്തിലേക്കെത്താനായേക്കും. ഇതില്‍ 15 കോടിയിലധികം ചിലര്‍ അര്‍ഹിക്കുന്നു. അത് ആരൊക്കെയാണെന്ന് നോക്കാം.

ഒന്നാമത്തെ താരം ശുബ്മാന്‍ ഗില്ലാണ്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണറായ ശുബ്മാന്‍ ഗില്‍ ഇതിനോടകം ഇന്ത്യയുടെ നട്ടെല്ലായി കഴിഞ്ഞു. വിരാട് കോലിക്ക് ശേഷം അടുത്ത ഇന്ത്യന്‍ ഇതിഹാസമെന്ന പേരെടുക്കാന്‍ ഗില്ലിനായിട്ടുണ്ട്. 2022ല്‍ എട്ട് കോടിക്കാണ് ഗില്ലിനെ ഗുജറാത്ത് സ്വന്തമാക്കിയത്. ഈ സീസണില്‍ 17 മത്സരത്തില്‍ നിന്ന് 890 റണ്‍സാണ് താരം അടിച്ചെടുത്തത്. റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും ഗില്ലിനായിരുന്നു. 59ന് മുകളിലായിരുന്നു ശരാശരി. മൂന്ന് സെഞ്ച്വറിയും നാല് ഫിഫ്റ്റിയും അദ്ദേഹം നേടി.
ഗില്ലിന്റെ പ്രകടനവും നിലവിലെ പ്രശസ്തിയും വിലയിരുത്തുമ്പോള്‍ എട്ട് കോടി പ്രതിഫലം കുറവാണ്. അതുകൊണ്ടുതന്നെ അടുത്ത ലേലത്തില്‍ ഗുജറാത്ത് വിടാന്‍ ഗില്‍ തയ്യാറായേക്കും. നായകനെന്ന നിലയില്‍ ഗില്‍ വളരാനാഗ്രഹിക്കുന്നുവെന്നും അതുകൊണ്ട് തന്നെ ഗുജറാത്ത് വിടാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ഗില്‍ ലേലത്തിലേക്കെത്തിയാല്‍ എല്ലാ പ്രമുഖരും ഗില്ലിനെ നോട്ടമിട്ടേക്കും. കുറഞ്ഞത് 15 കോടിയെങ്കിലും അദ്ദേഹത്തിന് ലഭിക്കുമെന്നുറപ്പ്.
രണ്ടാമതായി റിങ്കു സിങ്ങിനെ പരിഗണിക്കാം. ഇത്തവണ എല്ലാവരെയും അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് റിങ്കു സിങ്. ഫിനിഷിങ്ങില്‍ അസാധ്യ പ്രകടനം കാഴ്ചവെക്കാന്‍ അണ്‍ക്യാപ്പഡ് താരത്തിന് സാധിക്കുന്നു. അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് വിളികാത്തിരിക്കുന്ന റിങ്കു നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ്. 55 ലക്ഷമാണ് അദ്ദേഹത്തിന്റെ പ്രതിഫലം. 14 മത്സരത്തില്‍ നിന്ന് 474 റണ്‍സാണ് റിങ്കു നേടിയത്. അതും 59ന് മുകളില്‍ ശരാശരിയില്‍. 149ന് മുകളില്‍ സ്‌ട്രൈക്കറേറ്റും റിങ്കുവിനുണ്ട്.
ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അവസാന ഓവറില്‍ അഞ്ച് സിക്‌സര്‍ പറത്തി അവിശ്വസനീയ ജയം നേടിക്കൊടുക്കാന്‍ റിങ്കുവിനായിരുന്നു. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റിങ്കുവിനെ ഇതിനോടകം പ്രമുഖ ടീമുകളെല്ലാം നോട്ടമിട്ട് കഴിഞ്ഞു. അടുത്ത ലേലത്തില്‍ കെകെആര്‍ വലിയ തുക നല്‍കി റിങ്കുവിനെ നിലനിര്‍ത്താതിരുന്നാല്‍ അദ്ദേഹം ലേലത്തിലേക്കെത്താനാണ് സാധ്യത കൂടുതല്‍. അങ്ങനെ വന്നാല്‍ 15 കോടിയെന്ന സ്വപ്‌ന പ്രതിഫലത്തിന് മുകളിലേക്ക് റിങ്കു എത്തിയേക്കും.

മൂന്നാമത്തെ താരം യശ്വസി ജയ്‌സ്വാളാണ്. പവര്‍ പ്ലേയില്‍ പവര്‍ ബാറ്റിങ്ങുകൊണ്ടാണ് ഇടം കൈയന്‍ ഓപ്പണറായ ജയ്‌സ്വാള്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. 14 മത്സരത്തില്‍ നിന്ന് 625 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 48ന് മുകളില്‍ ശരാശരിയില്‍ കളിച്ച ജയ്‌സ്വാളിന്റെ സ്‌ട്രൈക്കറേറ്റ് 163ന് മുകളിലാണ്. ഒരു സെഞ്ച്വറി പ്രകടനവും അദ്ദേഹത്തിന്റെ പേരിലുണ്ട്. ജയ്‌സ്വാള്‍ 4 കോടി രൂപക്കാണ് രാജസ്ഥാനായി കളിക്കുന്നത്. ലേലത്തിലേക്കെത്തിയാല്‍ 15 കോടി താരത്തിന് ലഭിക്കുമെന്നുറപ്പ്.
നാലാമത്തെ താരം ഡെവോണ്‍ കോണ്‍വേയാണ്. സിഎസ്‌കെയുടെ വിക്കറ്റ് കീപ്പര്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ 1 കോടി രൂപക്കാണ് നിലവില്‍ കളിക്കുന്നത്. 16 മത്സരത്തില്‍ നിന്ന് 672 റണ്‍സ് നേടിയ കോണ്‍വേയെ അടുത്ത ലേലത്തിന് മുമ്പ് സിഎസ്‌കെ നിലനിര്‍ത്തിയേക്കും. ലേലത്തിലേക്കെത്തിപ്പെട്ടാല്‍ 15 കോടിയിലേക്കെത്താന്‍ സാധ്യതയുള്ള ബാറ്റ്‌സ്മാനാണ് ഡെവോണ്‍ കോണ്‍വേ.