മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുമ്പ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ടാണ് ഹാര്‍ദിക് പാണ്ഡ്യയെ മുംബെ ഇന്ത്യന്‍സ് ടീമിലേക്ക് തിരിച്ചെത്തിച്ചത്. ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കിരീടത്തിലേക്കെത്തിക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക്. തീര്‍ത്തും അപ്രതീക്ഷിതമായാണ് ഹാര്‍ദിക്കിനെ മുംബൈ ടീമിലേക്കെത്തിച്ചത്. കൂടാതെ രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിന് നായകസ്ഥാനം നല്‍കുകയും ചെയ്തു.
ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയും ആറ് ലക്ഷത്തോളം ആരാധകര്‍ മുംബൈ ടീമിനെ അണ്‍ഫോളോ ചെയ്യുകയും ചെയ്തു. 2020ന് ശേഷം ഐപിഎല്‍ കിരീടം നേടാത്ത മുംബൈക്ക് വീണ്ടും കിരീടത്തിലേക്കെത്തുന്നതിനായാണ് ഹാര്‍ദിക്കിനെ നായകസ്ഥാനത്തേക്കെത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ മുംബൈയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിയിരിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. പരിക്കിന്റെ പിടിയിലുള്ള ഹാര്‍ദിക് അടുത്ത സീസണ്‍ കളിച്ചേക്കില്ലെന്നാണ് വിവരം.
ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കാലിന് പരിക്കേറ്റ ഹാര്‍ദിക്കിന് മടങ്ങിവരാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് വിവരം. ഹാര്‍ദിക്കിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ മുംബൈക്കത് എട്ടിന്റെ പണിയാവും. മൂന്ന് പ്രശ്‌നങ്ങളും പ്രധാനമായും മുംബൈക്ക് മുന്നിലുണ്ടാവുക. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം പുതിയ നായകനെ കണ്ടെത്തണമെന്നതാണ്. രോഹിത് ശര്‍മയെ മാറ്റിയാണ് ഹാര്‍ദിക്കിനെ മുംബൈ നായകനാക്കിയത്.
അല്‍പ്പം തിടുക്കം കാട്ടിയെടുത്ത തീരുമാനിയിരുന്നു ഇതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ഈ സീസണില്‍ക്കൂടി രോഹിത്തിനെ നായകനാക്കിയ ശേഷം അടുത്ത സീസണില്‍ മാറ്റം കൊണ്ടുവരുന്നതായിരുന്നു മുംബൈക്ക് കൂടുതല്‍ നന്നാവുകയെന്നത് ഇപ്പോള്‍ ടീം മാനേജ്‌മെന്റിന് വ്യക്തമായിക്കാണും. ഇനി രോഹിത്തിനോട് നായകസ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെടാനാവില്ല. അങ്ങനെ ആവശ്യപ്പെട്ടാലും അദ്ദേഹമത് നിരാകരിച്ചേക്കും.

സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ ടീമിലുണ്ടായിട്ടും ഇവരെ മറികടന്ന് ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ നായകനാക്കിയതില്‍ ഇരുവര്‍ക്കും എതിര്‍പ്പുണ്ട്. ഒരു സീസണിനായി ഇവരിലാരെങ്കിലും നായകനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. പുതിയ നായകനെ കണ്ടെത്തുക മുംബൈക്ക് കടുപ്പമേറിയ ജോലിയാണ്. രണ്ടാമത്തെ പ്രശ്‌നം ഹാര്‍ദിക്കിന്റെ അഭാവം മുംബൈ ഇന്ത്യന്‍സില്‍ ഓള്‍റൗണ്ടറുടെ അഭാവമുണ്ടാക്കുമെന്നതാണ്.
കാമറൂണ്‍ ഗ്രീനിനെ മുംബൈ ആര്‍സിബിക്ക് കൈമാറി. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ മുംബൈക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മികച്ച ഓള്‍റൗണ്ടര്‍ ആരാണെന്നതാണ് ചോദ്യം. ഹാര്‍ദിക്കും ക്രുണാല്‍ പാണ്ഡ്യയും ടീം വിട്ടപ്പോള്‍ മുംബൈ ഏറ്റവും പ്രയാസപ്പെട്ടത് മികച്ചൊരു ഓള്‍റൗണ്ടറെ കണ്ടെത്താനാണ്. അതിന് സാധിക്കാതെ വന്നപ്പോള്‍ മുംബൈയുടെ പ്രകടനത്തേയും അത് ബാധിച്ചു. ഇത്തവണ ഹാര്‍ദിക് കളിക്കാതിരുന്നാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ടീമിനെയത് കാര്യമായി ബാധിക്കും.
ഹാര്‍ദിക്കിന്റെ ഉത്തമ പകരക്കാരനെ കണ്ടെത്തുക പ്രയാസമാണ്. അതുകൊണ്ടുതന്നെ ഹാര്‍ദിക് കളിക്കാതിരുന്നാല്‍ ടീമിന്റെ കരുത്തിനെ അത് കുറക്കുമെന്ന കാര്യം ഉറപ്പാണ്. മൂന്നാമത്തെ പ്രശ്‌നം ഹാര്‍ദിക്കിന്റെ അഭാവം ടീമിനോട് വേഗത്തില്‍ പൊരുത്തപ്പെടാനുള്ള അവസരമാണ് നഷ്ടമാക്കുന്നത്. ഹാര്‍ദിക്കിന്റെ മടങ്ങിവരവില്‍ മുംബൈയുടെ പല താരങ്ങള്‍ക്കും അതൃപ്തിയുണ്ട്. അതുകൊണ്ടുതന്നെ ഈ സീസണില്‍ ഹാര്‍ദിക് മുംബൈയില്‍ വേണ്ടത് അത്യാവശ്യമായിരുന്നു.
എല്ലാ താരങ്ങളുമായി പഴയ ബന്ധം സ്ഥാപിച്ചെടുക്കാനും അവരെ ടീമില്‍ നിലനിര്‍ത്താനും ഹാര്‍ദിക് ടീമിനൊപ്പം വേണമായിരുന്നു. വരുന്ന സീസണിന് ശേഷം മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഇതിലൂടെ പല മുംബൈ താരങ്ങളും ടീം വിടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് സംഭവിക്കാതിരിക്കാന്‍ മുംബൈയ്‌ക്കൊപ്പം ഹാര്‍ദിക്കുണ്ടാവുകയും സഹതാരങ്ങളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യേണ്ടിയിരുന്നു. എന്നാല്‍ ഹാര്‍ദിക്കിന്റെ അഭാവത്തോടെ ഈ പദ്ധതി പൊളിഞ്ഞിരിക്കുകയാണ്.
ഹാര്‍ദിക്കില്‍ മുംബൈ വലിയ ഭാവി കാണുന്നു. എന്നാല്‍ അഞ്ച് കിരീടം നേടിക്കൊടുത്ത രോഹിത്തിനെ മുംബൈ പടിയിറക്കിയ രീതി ശരിയായില്ലെന്ന ആക്ഷേപം പരക്കെയുണ്ട്. ഇത് വരുന്ന സീസണില്‍ ടീമിനെ എങ്ങനെ ബാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്.