ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് കാഴ്ചവെക്കുന്നത്. റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹിയുടെ പരിശീലകനായി റിക്കി പോണ്ടിങ്ങാണുള്ളത്. പരിശീലക സംഘത്തില്‍ സൗരവ് ഗാംഗുലിയും ഉള്‍പ്പെടുന്നു. എന്നാല്‍ ഇതിനൊത്ത മികവിലേക്കുയരാന്‍ ഡല്‍ഹിക്ക് സാധിക്കുന്നില്ല. 5 മത്സരത്തില്‍ നാലിലും തോറ്റ ഡല്‍ഹി പോയിന്റ് പട്ടികയുടെ അവസാന സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്.
മികച്ച താരങ്ങളുണ്ടെങ്കിലും റിഷഭിന്റെ മോശം ക്യാപ്റ്റന്‍സിയും അനാവശ്യ പരീക്ഷണങ്ങളും ടീമിനെ പിന്നോട്ടടിക്കുകയാണ്. സിഎസ്‌കെയ്‌ക്കെതിരേ ജയിച്ചത് മാറ്റിനിര്‍ത്തിയാല്‍ ടീമിന്റെ പ്രകടനം ദുരന്തമാണ്. എന്നാല്‍ ഇപ്പോഴും തിരിച്ചുവരാനുള്ള അവസരം ഡല്‍ഹിക്ക് മുന്നിലുണ്ട്. മൂന്ന് മാറ്റങ്ങള്‍ വരുത്തിയാല്‍ ഡല്‍ഹിക്ക് ശക്തമായി തിരിച്ചെത്താന്‍ സാധിച്ചേക്കും. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ കാര്യം പേസ് നിരയില്‍ നിന്ന് ആന്റിച്ച് നോക്കിയേയെ മാറ്റുകയെന്നതാണ്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഇത്തവണ തല്ലുകൊള്ളിയാവുന്നതാണ് കാണുന്നത്. അതിവേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ളവനാണെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ പിശുക്കില്ല. അതുകൊണ്ടുതന്നെ മികച്ചൊരു വിദേശ പേസറുടെ അഭാവം ഡല്‍ഹിക്കുണ്ട്. ഇപ്പോള്‍ ഡല്‍ഹിക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യം ജോഷ് ഹെയ്‌സല്‍വുഡിനെ ടീമിലെത്തിക്കുകയെന്നതാണ്.
ഇത്തവണത്തെ സീസണില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഓസീസ് പേസര്‍. എന്നാല്‍ ചര്‍ച്ച നടത്തി ഹെയ്‌സല്‍വുഡിനെ ടീമിലേക്കെത്തിച്ചാല്‍ ഡല്‍ഹിക്കത് ആശ്വാസമാവും. റിക്കി പോണ്ടിങ് പരിശീലകനായിരിക്കെ ഹെയ്‌സല്‍വുഡിനെ ഒപ്പം കൂട്ടുക ഡല്‍ഹിക്ക് പ്രയാസമല്ല. സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ പരിക്കും ഡല്‍ഹിയെ കാര്യമായി ബാധിച്ചു. അക്ഷര്‍ പട്ടേല്‍ സ്പിന്‍ നിരയില്‍ മികച്ച പ്രകടനത്തോടെ തിളങ്ങുന്നുണ്ട്. എന്നാല്‍ രണ്ടാം സ്പിന്നറായി മികച്ച താരമില്ല.

കുല്‍ദീപ് ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ഡല്‍ഹിക്കത് വലിയ ആശ്വാസമാവും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മികച്ചൊരു പേസറുടേയും സ്പിന്നറുടേയും അഭാവം ഡല്‍ഹി നിരയിലുണ്ട്. രണ്ടാമത്തെ കാര്യം ബാറ്റിങ് ഓഡറിലെ പൊളിച്ചെഴുത്താണ്. അഭിഷേക് പോറലെ ഡല്‍ഹി അമിതമായി വിശ്വസിക്കുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ പോറലിന് കഴിവുണ്ടെന്നാണ് ഡല്‍ഹിയുടെ വിലയിരുത്തല്‍. എന്നാല്‍ അതിനനുസരിച്ചുള്ള പ്രകടനം കാഴ്ചവെക്കാന്‍ യുവതാരത്തിന് സാധിക്കുന്നില്ല.
അതുകൊണ്ടുതന്നെ പോറലെ പ്ലേയിങ് 11ല്‍ നിന്ന് മാറ്റി നിര്‍ത്തണം. ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ ടോപ് ഓഡറില്‍ കളിപ്പിക്കാന്‍ ഡല്‍ഹി തയ്യാറാവണം. സ്റ്റബ്‌സ് മിന്നും ഫോമിലാണ് കളിക്കുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന സ്റ്റബ്‌സിനെ നിലവില്‍ മധ്യനിരയിലാണ് ഡല്‍ഹി കളിപ്പിക്കുന്നത്. താരത്തിനെ ടോപ് ഓഡറിലേക്കെത്തിച്ചാല്‍ ഡല്‍ഹിയുടെ പ്രകടനത്തില്‍ വളരെ വ്യത്യാസമുണ്ടാവും. എന്നാല്‍ ഡല്‍ഹി ഇതിന് തയ്യാറാവുന്നില്ലെന്നതാണ് വസ്തുത.
പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്തുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. നിലവില്‍ പൃഥ്വി ഷാ ഡല്‍ഹിക്കായി തകര്‍പ്പന്‍ പ്രകടനം നടത്തുന്നുണ്ട്. എന്നാല്‍ ഡേവിഡ് വാര്‍ണര്‍ക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താനാവുന്നില്ല. അതുകൊണ്ടുതന്നെ വാര്‍ണറെ പുറത്തിരുത്തി ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്കിനെ ഡല്‍ഹി കളിപ്പിക്കണം. പവര്‍പ്ലേയില്‍ പിഞ്ച് ഹിറ്റിങ് നടത്താന്‍ ജേക്കിന് കഴിവുണ്ട്. സുനില്‍ നരെയ്ന്‍ നടത്തുന്ന ആക്രമണം പോലെ കളിക്കാന്‍ കഴിവുള്ളവനാണ് ജേക്ക്.
അതുകൊണ്ടുതന്നെ ഈ മാറ്റത്തിന് ഡല്‍ഹി തയ്യാറായാല്‍ ടീം മെച്ചപ്പെടുമെന്ന കാര്യം ഉറപ്പാണ്. നായകന്‍ റിഷഭ് പന്തിന് സ്ഥിരമായൊരു ബാറ്റിങ് പൊസിഷന്‍ നല്‍കേണ്ടതായുണ്ട്. മൂന്നാം നമ്പറില്‍ റിഷഭ് കളിച്ചാല്‍ ഡല്‍ഹിക്കത് വലിയ ഗുണം ചെയ്യും. അല്ലാത്ത പക്ഷം കാര്യങ്ങള്‍ പ്രയാസമായിരിക്കും. പേസ് നിരയില്‍ ഖലീല്‍ അഹമ്മദും ഇഷാന്ത് ശര്‍മയും ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. നായകനെന്ന നിലയില്‍ റിഷഭ് കൂടുതല്‍ ആത്മവിശ്വാസം കാട്ടേണ്ടതും അത്യാവശ്യമാണ്. മികച്ച തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കേണ്ടതായുണ്ട്.