ഐപിഎല്ലിന്റെ പ്ലേഓഫ് ബെര്‍ത്തിനായുള്ള പോരാട്ടം മുറുകുകയാണ്. ഒരു ടീമും ഇനിയും പ്ലേഓഫിലേക്കു ടിക്കറ്റെടുത്തിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന 10 ടീമുകളില്‍ ഒമ്പതു പേര്‍ക്കും ഇനിയും പ്ലേഓഫ് സാധ്യത നിലനില്‍ക്കുകയാണ്. പ്ലേ്ഓഫ് പ്രതീക്ഷ പൂര്‍ണമായി അസ്തമിച്ച ടീം അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് മാത്രമാണ്. ബാക്കിയുള്ള മൂന്നു കളികള്‍ ജയിച്ചാലും മുംബൈ അവസാന നാലില്‍ ഇടം പിടിക്കില്ല.
ഗ്രൂപ്പുഘട്ടത്തിലെ 54 മല്‍സരങ്ങള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി ബാക്കിയുള്ളത് വെറും 16 മല്‍സരങ്ങള്‍ മാത്രം. ഇവയുടെ ഫലങ്ങളായിരിക്കും ആദ്യത്തെ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്തുന്ന ടീമുകളെ തീരുമാനിക്കുക. പ്ലേഓഫ് ബെര്‍ത്തിനായി പോരടിക്കുന്ന ഒമ്പതു ടീമുകളുടെയും സാധ്യതകളെക്കുറിച്ച് നമുക്കു പരിശോധിക്കാം.

പോയിന്റ് പട്ടികയെടുത്താല്‍ രണ്ടു ടീമുകളൊഴികെ ബാക്കിയെല്ലാവരും 11 മല്‍സരങ്ങള്‍ വീതം കളിച്ചു കഴിഞ്ഞു. 16 പോയിന്റോടെ രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് തലപ്പത്തുള്ളത്. ഇതേ പോയിന്റോടെ രാജസ്ഥാന്‍ റോയല്‍സ് രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു.
12 പോയിന്റ് വീതമുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍. ഡല്‍ഹി ക്യാപ്പിറ്റല്‍സ് (8 പോയിന്റ്), റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (8), പഞ്ചാബ് കിങ്‌സ് (8), ഗുജറാത്ത് ടൈറ്റന്‍സ് (8), മുംബൈ (6) എന്നിവരാണ് തുടര്‍ന്നുള്ളത്.
ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന രണ്ടു ടീമുകളായ കെകെആറും റോയല്‍സും പ്ലേഓഫിലേക്കു ഒരുചുവട് വച്ച് കഴിഞ്ഞു. ഒരു മല്‍സരം മാത്രം ജയിച്ചാല്‍ രണ്ടു പേര്‍ക്കും പ്ലേഓഫിലെത്താം. റോയല്‍സിനു നാലും കെകെആറിനു മൂന്നും മല്‍സരങ്ങളാണ് ശേഷിക്കുന്നത്.
നിലവിലെ ചാംപ്യന്‍മാരായ ചെന്നൈക്കു ശേഷിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണമെങ്കിലും ജയിച്ചാല്‍ പ്ലേഓഫ് കളിക്കാം. ഹൈദരാബാദും പ്ലേഓഫിന് അരികില്‍ നില്‍ക്കുകയാണ്. നാലു മല്‍സരങ്ങളാണ് ഓറഞ്ച് ആര്‍മിക്കു ശേഷിച്ചത്. ഇതില്‍ രണ്ടെണ്ണം ജയിച്ചാല്‍ അവര്‍ക്കു പ്ലേഓഫ് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ പോയിന്റ പട്ടികയില്‍ അതിനു ശേഷമുള്ള ടീമുകളുടെ പ്ലേഓഫ് സാധ്യതകള്‍ അത്ര എളുപ്പമല്ല.

മോശം നെറ്റ് റണ്‍റേറ്റ് അവര്‍ക്കു തിരിച്ചടിയാണ്. അതുകൊണ്ടു തന്നെ ഇനിയുള്ള മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണം മികച്ച മാര്‍ജിനില്‍ ജയിക്കാനായാല്‍ എല്‍എസ്ജിക്കു പ്ലേഓഫ് പ്രതീക്ഷയുണ്ട്. അടുത്ത മൂന്നും ജയിച്ചാല്‍ എല്‍എസ്ജി ഉറപ്പായും പ്ലേഓഫിലുണ്ടാവും. ഡിസിക്കും ശേഷിച്ച മൂന്നും മല്‍സരങ്ങളില്‍ രണ്ടെണ്ണമെങ്കിലും ജയിക്കണം. അതോടൊപ്പം മറ്റു മല്‍സരഫലങ്ങളെയും ആശ്രയിക്കേണ്ടിവരും.
ആര്‍സിബിയുടെ കാര്യമെടുത്താല്‍ അവസാന സ്ഥാനത്തു നിന്നും ഹാട്രിക് ജയത്തോടെ അവര്‍ ഏഴാംസ്ഥാനത്തേക്കു കയറുകയായിരുന്നു. ശേഷിച്ച മൂന്നു കളിയും മികച്ച മാര്‍ജിനില്‍ ആര്‍സിബിക്കു ജയിച്ചേ തീരൂ. അതോടൊപ്പ മറ്റു മല്‍സര ഫലങ്ങളും അനുകൂലമായി വന്നാല്‍ പ്ലേഓഫില്‍ കടക്കാം.
ആര്‍സിബിയുടെ ഏറെക്കുറെ സമാനമായ സാഹചര്യമാണ് പഞ്ചാബിനുമുള്ളത്. അടുത്ത മൂന്നു കളിയും വലിയ മാര്‍ജിനില്‍ അവര്‍ക്കു ജയിക്കണം. കൂടാതെ മറ്റു മല്‍സരങ്ങളും അനുകൂലമായി വരേണ്ടതുമുണ്ട്. ജിടിക്കും ശേഷിച്ച മൂന്നു മല്‍സരങ്ങള്‍ ഡു ഓര്‍ ഡൈയാണ്. വലിയ മാര്‍ജിനില്‍ ഇവയില്‍ ജിടിക്കു ജയിച്ചേ തീരൂ. കൂടാതെ മറ്റു മല്‍സരങ്ങളുടെ ഫലം കൂടി അനുകൂലമാവണം. എങ്കില്‍ മാത്രമേ ജിടി പ്ലേഓഫ് കാണുകയുള്ളൂ.