ഈ മാസം 19നു നടക്കാനിരിക്കുന്ന ഐപിഎല്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കളിക്കാരുടെ ലിസ്റ്റ് പുറത്തു വന്നിരിക്കുകയാണ്. ആകെ 1166 താരങ്ങളാണ് ദുബായില്‍ നടക്കാനിരിക്കുന്ന മിനി താരലേലത്തില്‍ രജിസ്റ്റര്‍ ചെയ്ത് ടീമുകളുടെ വിളി കാത്തിരിക്കുന്നത്. ഇത്രയുമധികം താരങ്ങള്‍ ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇവരില്‍ 10 ഫ്രാഞ്ചൈസികള്‍ക്കും കൂടി ആകെ വാങ്ങാന്‍ സാധിക്കുക വെറും 77 പേരെ മാത്രമാണ്. ബാക്കിയുള്ളവര്‍ക്കെല്ലാം ഐപിഎല്‍ മോഹം മറക്കേണ്ടതായി വരും.
കളിക്കാര്‍ക്കു ലേലത്തിനു രജിസ്റ്റര്‍ ചെയ്യേണ്ട തിയ്യതി നവംബര്‍ 30ന് അവസാനിച്ചിരുന്നു. ഇതോടെയാണ് ആരൊക്കെയാണ് ടൂര്‍ണമെന്റില്‍ കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തു വന്നതെന്ന ചിത്രവും തെളിഞ്ഞത്. ചില വമ്പന്‍ താരങ്ങള്‍ ലേലത്തില്‍ ഇത്തവണ ഉള്‍പ്പെട്ടിട്ടുണ്ട്.

ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയന്‍ ഹീറോയായ ഇടംകൈയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ്, ന്യൂസിലാന്‍ഡിന്റെ ഇടംകൈയന്‍ ഓള്‍റൗണ്ടറും പുതിയ സെന്‍സേഷനുമായ രചിന്‍ രവീന്ദ്രയടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ലേലത്തില്‍ ഇത്തവണ ഏറ്റവുമധികം ഡിമാന്റുണ്ടാവാന്‍ സാധ്യതയുള്ള രണ്ടു താരങ്ങളാണ് ഇരുവരും.
എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഓസ്‌ട്രേലിയയുടെ സൂപ്പര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കും ഇത്തവണ ലേലത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ നിന്നും വിട്ടുനിന്ന ഓസ്ട്രേലിയന്‍ ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സും ഇത്തവണ മടങ്ങിയെത്തി. ഇംഗ്ലണ്ടിന്റെ വമ്പനടിക്കാരമായ ബാറ്റര്‍ ഹാരി ബ്രൂക്ക്, സൗത്താഫ്രിക്കയുടെ പുതിയ കണ്ടുപിടുത്തമായ പേസര്‍ ജെറാള്‍ഡ് കോട്‌സി എന്നിവരാണ് ലേലത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രധാന കളിക്കാര്‍.
ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1166 കളിക്കാരില്‍ 830 പേരും ഇന്ത്യന്‍ താരങ്ങളാണ്. ബാക്കിയുള്ള 336 പേരാണ് വിദേശ കളിക്കാര്‍. ഇതില്‍ 45 പേര്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ആകെയുള്ള താരങ്ങളില്‍ 909 പേരും ഇനിയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടില്ലാത്തവരാണ്. ദേശീയ ടീമിനെ പ്രതിനിധീകരിച്ചു കഴിഞ്ഞവര്‍ വെറും 212 പേര്‍ മാത്രമേയുള്ളൂ.
കഴിഞ്ഞ ലോകകപ്പില്‍ 500ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടി പല ബാറ്റിങ് റെക്കോര്‍ഡുകളും കടപുഴക്കിയ രചിന്റെ അടിസ്ഥാന വില വെറും 50 ലക്ഷം രൂപ മാത്രമാണ്. ഏറ്റവുമുയര്‍ന്ന അടിസ്ഥാന വിലയായ രണ്ടു കോടി രൂപയുടെ കാറ്റഗറിയില്‍ കൂടുതല്‍ താരങ്ങളുള്ളത് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് രാജ്യങ്ങളില്‍ നിന്നാണ്.
ഏഴു വീതം കളിക്കാര്‍ ഇരുരാജ്യങ്ങളില്‍ നിന്നും രണ്ടു കോടി രൂപയ്ക്കു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ നാലും സൗത്താഫ്രിക്കയുടെ മൂന്നും കളിക്കാര്‍ ഇതില്‍ ഉള്‍പ്പെട്ടപ്പോള്‍ ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക രാജ്യങ്ങളിലെ ഓരോ താരങ്ങള്‍ വീതവും ഈ തുകയ്ക്കാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഇന്ത്യയുടെ ഹര്‍ഷല്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഉമേഷ് യാദവ്, കേദാര്‍ ജാദവ് എന്നിവര്‍ക്കാണ് രണ്ടു കോടി രൂപ അടിസ്ഥാന വില. ഓസ്‌ട്രേലിയയില്‍ നിന്നുള്ളവര്‍ പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഷോണ്‍ ആബട്ട് എന്നിവരാണ്.
ഇംഗ്ലണ്ടില്‍ നിന്നും ഹാരി ബ്രൂക്ക്, ടോം ബാന്റണ്‍, ബെന്‍ ഡക്കെറ്റ്, ജാമി ഒവേര്‍ട്ടന്‍, ആദില്‍ റഷീദ്, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ് എന്നിവരാണുള്ളത്. രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള സൗത്താഫ്രിക്കക്കാര്‍ ജെറാള്‍ഡ് കോട്‌സി, റൈലി റൂസ്സോ, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ എന്നിവരാണ്.
1.5 കോടി രൂപ അടിസ്ഥാന വിലയുള്ളവരില്‍ പ്രധാനപ്പെട്ടവര്‍ അഫ്ഗാനിസ്താന്റെ മുഹമ്മദ് നബി, ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍, ന്യൂസിലാന്‍ഡിന്റെ ജിമ്മി നീഷാം, ടിം സൗത്തി, ശ്രീലങ്കയുടെ വനിന്ദു ഹസരംഗ, വെസ്റ്റ് ഇന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡര്‍ എന്നിവരാണ്.