സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിജയം ഐപിഎല്ലില്‍ മറ്റു ടീമുകളുടെയും പ്ലേഓഫ് സാധ്യത കൂടുതല്‍ കടുപ്പമാക്കിയിരിക്കുകയാണ്. ആര്‍സിബിയുടെ തോല്‍വിക്കായി മറ്റു ടീമുകള്‍ പ്രാര്‍ഥിച്ചെങ്കിലും അതു ഫലം കാണാതെ പോവുകയായിരുന്നു.
ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ നാലു ടീമുകളായിരുന്നു പ്രധാനമായും ആര്‍സിബിയുടെ പതനം ആഗ്രഹിച്ചത്. പക്ഷെ ഹൈദരാബാദില്‍ ആര്‍സിബി വമ്പന്‍ ജയം കൊയ്തതോടെ ഈ ടീമുകളുടെയെല്ലാം പ്ലേഓഫ് സാധ്യത തുലാസിലായിരിക്കുകയാണ്. അവസാന മാച്ചില്‍ ഈ ടീമുകള്‍ക്കെല്ലാം ഇനി ജയിച്ചേ തീരൂ.

നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് മാത്രമേ ഇതിനകം പ്ലേഓഫില്‍ സ്ഥാനമുറപ്പിച്ചിട്ടുള്ളൂ. 13 മല്‍സരങ്ങളില്‍ നിന്നും 18 പോയിന്റോടെയാണ് അവര്‍ തലപ്പത്തുള്ളത്. ജിടിയെ മറികടന്ന് ഇനി മറ്റൊരു ടീമിനും ഒന്നാംസ്ഥാനത്തേക്കു കയറാന്‍ സാധിക്കില്ല. ശേഷിച്ച മൂന്നു പ്ലേഓഫ് ടിക്കറ്റുകള്‍ക്കായി ചെന്നൈ (15 പോയിന്റ്), ലഖ്‌നൗ (15), ബാംഗ്ലൂര്‍ (14), മുംബൈ (14), രാജസ്ഥാന്‍ (12) എന്നീ അഞ്ചു ടീമുകളാണ് പ്രധാനമായും പോരടിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (12), പഞ്ചാബ് കിങ്‌സ് (12) എന്നിവര്‍ക്കും നേരിയ സാധ്യത നിലനില്‍ക്കുന്നു. ഇവരുടെയെല്ലാം പ്ലേഓഫ് സാധ്യത പരിശോധിക്കാം.
13 മല്‍സരങ്ങളില്‍ നിന്നും ഏഴു ജയവും അഞ്ചു തോല്‍വിയുമടക്കം (ഒരു മല്‍സരം ഉപേക്ഷിക്കപ്പെട്ടു) 15 പോയിന്റോടെ രണ്ടാംസ്ഥാനത്താണ് സിഎസ്‌കെ. ശനിയാഴ്ച ഡല്‍ഹി ക്യാപ്പിറ്റല്‍സുമായിട്ടാണ് സിഎസ്‌കെയുടെ അവസാന മല്‍സരം. ഇതില്‍ ജയിച്ചാല്‍ സിഎസ്‌കെയ്ക്കു പ്ലേഓഫില്‍ കടക്കാം. ഡിസിയോടു സിഎസ്‌കെ തോല്‍ക്കുകയാണെങ്കില്‍ ജിടി ആര്‍സിബിയെയോ, കെകെആര്‍ ലഖ്‌നൗവിനെയോ, ഹൈദരാബാദ് മുംബൈയെയോ പരാജയപ്പെടുത്തണം. എങ്കില്‍ മാത്രമേ ചെന്നൈ പ്ലേഓഫിലുണ്ടാവൂ.
സിഎസ്‌കെയുടെ അതേ സാഹചര്യമാണ് 13 മല്‍സരങ്ങളില്‍ നിന്നും 15 പോയിന്റ് തന്നെയുള്ള ലഖ്‌നൗവിനുമുള്ളത്. അവസാനത്തെ മാച്ചില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ തോല്‍പ്പിച്ചാല്‍ അവര്‍ പ്ലേഓഫില്‍ കടക്കും. പക്ഷെ കെകെആറിനോടു പരാജയപ്പെട്ടാല്‍ ജിടി ആര്‍സിബിയെയോ, ഡിസി സിഎസ്‌കെയോ, എസ്ആര്‍എച്ച് മുംബൈയെയോ തോല്‍പ്പിക്കണം. എങ്കില്‍ ലഖ്‌നൗവിനു പ്ലേഓഫില്‍ കടക്കാം.
ആര്‍സിബിക്കു പ്ലേഓഫിലെത്താന്‍ 54.2 ശതമാനം സാധ്യതയാണുള്ളത്. ഞായറാഴ്ച ജിടിയുമായിട്ടാണ് അവരുടെ അവസാന മല്‍സരം. വലിയൊരു മാര്‍ജിനില്‍ ഈ മല്‍സരം ജയിച്ചാല്‍ 16 പോയിന്റോടെ ആര്‍സിബി പ്ലേഓഫിലെത്തും. എന്നാല്‍ തോല്‍ക്കുകയാണെങ്കില്‍ എസ്ആര്‍എച്ച് മുംബൈയെ പരാജയപ്പെടുത്തണം. അങ്ങനെ വന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബി പ്ലേഓഫിലെത്തും.
മുംബൈയുടെ പ്ലേഓഫ് ഇപ്പോള്‍ അവരുടെ കൈളിലല്ല. അടുത്ത മല്‍സരത്തില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ചാലും മുംബൈയ്ക്കു പ്ലേഓഫ് ഉറപ്പില്ല. സിഎസ്‌കെ, ലഖ്‌നൗ, ആര്‍സിബി എന്നീ ടീമുകളിലൊന്ന് അവസാനത്തെ ലീഗ് മല്‍സരത്തില്‍ തോല്‍ക്കുകയാണെങ്കില്‍ മാത്രം മുംബൈയ്ക്കു പ്ലേഓഫിലെത്താം. എന്നാല്‍ ഹൈദരാബാദിനോടു തോറ്റാല്‍ മുംബൈ പുറത്താവും.

റോയല്‍സ്, പഞ്ചാബ് കിങ്സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നീ ടീമുകളുടെ സാഹചര്യം സമാനമാണ്. അവസാന ലീഗ് മല്‍സരങ്ങളില്‍ ഈ മൂന്നു ടീമുകള്‍ക്കും വലിയ വിജയം ആവശ്യമാണ്. റോയല്‍സ് പഞ്ചാബുമായും കെകെആര്‍ ലഖ്‌നൗവുമായുമാണ് പോരടിക്കുക.
ഈ മല്‍സരങ്ങളില്‍ ജയിക്കുന്നതിനൊപ്പം ആര്‍സിബിയും മുംബൈയും വലിയ മാര്‍ജിനില്‍ പരാജയപ്പെടുകയും ചെയ്താല്‍ മാത്രമേ റോയല്‍സ്, കെകെആര്‍, പഞ്ചാബ് ടീമുകള്‍ക്കു പ്രതീക്ഷയുള്ളൂ. അങ്ങനെ വന്നാല്‍ ഏറ്റവും മികച്ച നെറ്റ് റണ്‍റേറ്റുള്ള ടീമുകളിലൊന്ന് ജിടി, സിഎസ്‌കെ, ലഖ്‌നൗ എന്നിവര്‍ക്കു പിന്നിലായി പ്ലേഓഫില്‍ കടക്കും.