IPL: രണ്ടിലൊരു ടീമിനൊപ്പം കപ്പടിക്കണം! ലീഗിലേക്കു തിരിച്ചുവരുമെന്ന് ഗെയ്ല്‍
ഐപിഎല്ലിലെ ഇതിഹാസ ബാറ്റര്‍മാരുടെ നിരയിലാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ സ്ഥാനം. യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹം ഈ സീസണില്‍ കളിക്കുന്നില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു ഫെബ്രുവരിയില്‍ നടന്ന മെഗാ ലേലത്തില്‍ നിന്നും ഗെയ്ല്‍ മാറി നില്‍ക്കുകയായിരന്നു.
ഇപ്പോഴിതാ താന്‍ വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഐപിഎല്ലിലേക്കു മടങ്ങിയെത്തുമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് 42 കാരനായ താരം. 2009ലെ രണ്ടാം സീസണ്‍ മുതല്‍ ടൂര്‍മെന്റില്‍ കളിച്ചിട്ടുള്ള താരമാണ് ഗെയ്ല്‍. അതിനു ശേഷം എല്ലാ ടൂര്‍ണമെന്റുകളിലും അദ്ദേഹം കളിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത സീസണിലെ ഐപിഎല്ലില്‍ മടങ്ങിയെത്തുമെന്നു വെളിപ്പെടുത്തിയ ഗെയ്ല്‍ താന്‍ കിരീടം നേടാന്‍ ആഗ്രഹിക്കുന്ന രണ്ടു ടീമുകള്‍ ഏതൊക്കെയാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ്.

ഐപിഎല്‍ കരിയറില്‍ ഇതുവരെ മൂന്നു ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയാണ് ക്രിസ് ഗെയ്ല്‍ കളിച്ചിട്ടുള്ളത്. 2009ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലൂടെയാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ തുടക്കം കുറിച്ചത്. രണ്ടു സീസണുകള്‍ ഗെയ്ല്‍ കെകെആറിനായി കളിക്കുകയും ചെയ്തു. 16 ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം നേടിയത് 463 റണ്‍സാണ്.
2011ല്‍ റോയല്‍ ചാലഞ്ചേഴ്‌സ്

ബാഗ്ലൂരിലെത്തിയതോടെയാണ് ഗെയ്ല്‍ വിശ്വരൂപം പുറത്തെടുത്തത്. 84 ഇന്നിങ്‌സുകളില്‍ നിന്നും 152.7 സ്്‌ട്രൈക്ക് റേറ്റോടെ 3163 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. അഞ്ചു സെഞ്ച്വറികളും 19 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 2018ല്‍ ഗെയ്ല്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായി മാറി. അവര്‍ക്കായി 41 മല്‍സരങ്ങളില്‍ നിന്നും 1339 റണ്‍സെടുക്കുകയും ചെയ്തു.

ദി മിററിനോടു സംസാരിക്കവെയാണ് ഐപിഎല്ലിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചും കിരീടം നേടാന്‍ ആഗ്രഹിക്കുന്ന ടീമുകളെക്കുറിച്ചും ക്രിസ് ഗെയ്ല്‍ വെളിപ്പെടുത്തിയത്. അടുത്ത വര്‍ഷം ഞാന്‍ ഐപിഎല്ലിലേക്കു തിരിച്ചുവരികയാണ്. അവര്‍ക്കു എന്നെ ആവശ്യമുണ്ട്, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, പഞ്ചാബ് എന്നീ മൂന്നു ടീമുകള്‍ക്കു വേണ്ടി ഞാന്‍ കളിച്ചുകഴിഞ്ഞു.

ബാംഗ്ലൂര്‍, പഞ്ചാബ് ഇവയില്‍ ഏതെങ്കിലുമൊരു ടീമിനൊപ്പം കിരീടം നേടണമെന്നാണ് എന്റെ ആഗ്രഹം. ആര്‍സിബിക്കൊപ്പം വളരെ മികച്ച കരിയറായിരുന്നു എന്റേത്. ഐപിഎല്ലില്‍ ഞാന്‍ ഏറ്റവുമധികം നേട്ടം കൊയ്തതും അവര്‍ക്കൊപ്പമാണ്. പഞ്ചാബിലും നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞു. എനിക്കു വെല്ലുവിളികള്‍ ഇഷ്ടമാണ്, അടുത്ത വര്‍ഷം എന്തു സംഭവിക്കുമെന്ന് നോക്കാമെന്നും ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ നിന്നും തനിക്കു അര്‍ഹിച്ച ബഹുമാനമോ, അംഗീകാരമോ ലഭിച്ചിട്ടില്ലെന്നും ഈ കാരണത്താലാണ് ഈ സീസണില്‍ നിന്നും പിന്‍മാറിയതെന്നും ക്രിസ് ഗെയ്ല്‍ പറയുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളെടുക്കുകയാണെങ്കില്‍ ഐപിഎല്ലില്‍ എന്നോടു ടീമുകള്‍ ശരിയായി പെരുമാറിയില്ലെന്നു എനിക്കു തോന്നി. ഐപിഎല്ലിലും ക്രിക്കറ്റിനും വേണ്ടി ഇത്രയേറെ ചെയ്തിട്ടും എനിക്കു അര്‍ഹിച്ച ബഹുമാനം ലഭിച്ചില്ലെന്നു എനിക്കു തോന്നുകയും ചെയ്തു. ഇതിനാലാണ് ലേലത്തില്‍ നിന്നും മാറിനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ക്രിക്കറ്റിനു ശേഷവും ജീവിതമുണ്ട്. അതിനാല്‍ ഞാന്‍ സാധാരണ നിലയിലേക്കു മാറാന്‍ ശ്രമിക്കുകയാണെന്നും ഗെയ്ല്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ സീസണല്‍ പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്നു ക്രിസ് ഗെയ്ല്‍. പക്ഷെ അദ്ദേഹത്തിനു ബാറ്റിങില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായിരുന്നില്ല. 10 മല്‍സരങ്ങളില്‍ നിന്നും 125.32 സ്‌ട്രൈക്ക് റേറ്റോടെ 193 റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. മാത്രമല്ല ഭൂരിഭാഗം മല്‍സരങ്ങളിലും ഗെയ്ല്‍ മൂന്നാം നമ്പറിലായിരുന്നു ബാറ്റ് ചെയ്തത്. തൊട്ടുമുമ്പത്തെ സീസണില്‍ പഞ്ചാബ് കിങ്‌സിനായി ഏഴു മല്‍സരങ്ങളില്‍ നിന്നും 142 റണ്‍സായിരുന്നു ഗെയ്‌ലിന്റെ സമ്പാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications