ബംഗളൂരു: ഐപിഎല്ലില്‍ വലിയ ആരാധക പിന്തുണയുള്ള ടീമുകളിലൊന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ സാധിക്കാത്ത ടീമാണെങ്കിലും മികച്ച പ്രകടനം നടത്തി ആരാധക ഹൃദയങ്ങളില്‍ ഇടം നേടാന്‍ ആര്‍സിബിക്ക് സാധിച്ചിട്ടുണ്ട്. വിരാട് കോലി കളിക്കുന്ന ടീമെന്ന നിലയില്‍ ആര്‍സിബിക്ക് വലിയ ആരാധക പിന്തുണയുണ്ട്. കിരീടമില്ലെങ്കിലും പല വമ്പന്‍ റെക്കോഡുകളും ഇപ്പോഴും ആര്‍സിബിക്ക് സ്വന്തം.

ഐപിഎല്ലിലെ ഉയര്‍ന്ന ടീം ടോട്ടല്‍, ഉയര്‍ന്ന കൂട്ടുകെട്ട് തുടങ്ങി പല റെക്കോഡുകളും ഇതില്‍ പെടും. രാഹുല്‍ ദ്രാവിഡ്, ജാക്‌സ് കാലിസ്, ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ് തുടങ്ങി ആരാധകരുടെ ഇഷ്ട താരങ്ങളില്‍ പലരും ആര്‍സിബിക്കായി കളിച്ചവരാണ്. ഇത്തവണ കപ്പ് നേടാമെന്ന വലിയ പ്രതീക്ഷയിലാണ് ആര്‍സി ടീമും ആരാധകരും. ഫഫ് ഡുപ്ലെസിസാണ് ഇത്തവണയും ആര്‍സിബിയുടെ കപ്പിത്താന്‍. കരുത്ത് പകരാന്‍ കോലിയുമുണ്ട്.
ഏപ്രില്‍ 2ന് മുംബൈ ഇന്ത്യന്‍സിനെതിരേയാണ് ആര്‍സിബിയുടെ സീസണിലെ ആദ്യ മത്സരം. ആര്‍സിബിയുടെ 15ാം വാര്‍ഷികത്തിന്റെ ഭാഗമായി ആര്‍സിബി അണ്‍ബോക്‌സ് എന്ന പേരില്‍ ബംഗളൂരുവില്‍ വെച്ച് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍വെച്ച് നടന്ന പരിപാടി കാണാന്‍ ആരാധകര്‍ക്കും അവസരമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായിത്തന്നെ ആര്‍സിബി തങ്ങളുടെ ഇതിഹാസ താരങ്ങള്‍ക്കായുള്ള ഹാള്‍ ഓഫ് ഫെയിം പ്രഖ്യാപിച്ചിരുന്നു.

വിരാട് കോലിയാണ് ആര്‍സിബിയുടെ ഹാള്‍ഓഫ് ഫെയിമില്‍ ഉള്‍പ്പെടുന്ന രണ്ട് താരങ്ങളെ പ്രഖ്യാപിച്ചത്. ഒരാള്‍ ക്രിസ് ഗെയ്‌ലും രണ്ടാമത്തെയാള്‍ എബി ഡിവില്ലിയേഴ്‌സുമാണ്. രണ്ട് പേരും ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ളവരും എക്കാലത്തെയും മികച്ച ടി20 ബാറ്റ്‌സ്മാന്‍മാരുമാണ്. ഇരുവരും ആര്‍സിബിക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഇത്തരമൊരു അംഗീകാരം നല്‍കപ്പെട്ടത്. എന്നാല്‍ ആര്‍സിബി എന്തുകൊണ്ടാണ് കോലിയെ ഹാള്‍ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്താത്തത്?
ഐപിഎല്ലിലെ റണ്‍വേട്ടക്കാരിലെ ഒന്നാമനും ആര്‍സിബിയുടെ റണ്‍വേട്ടക്കാരിലെ ഒന്നാമനും മുന്‍ നായകനുമെല്ലാമായിട്ടും ആര്‍സിബി ഹാള്‍ഓഫ് ഫെയിമില്‍ എന്തുകൊണ്ട് കോലിയെ പരിഗണിക്കുന്നില്ലെന്നതാണ് ചോദ്യം. ഇതിന് കാരണം മറ്റൊന്നുമല്ല, വിരമിച്ച താരങ്ങളെയാണ് ഹാള്‍ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തുന്നത്. ഇത് പ്രകാരം നോക്കുമ്പോള്‍ കോലിക്ക് ഹാള്‍ഓഫ് ഫെയിമില്‍ ഇടം നേടാനുള്ള യോഗ്യതയില്ല. നിലവില്‍ ആര്‍സിബിക്കായി കോലി കളിക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ കോലിയെ ഈ അംഗീകാരത്തിലേക്ക് പരിഗണിക്കാനാവില്ല. എന്നാല്‍ കോലി വിരമിച്ചാല്‍ ഹാള്‍ഓഫ് ഫെയിമില്‍ കോലിക്ക് ഇടമുറപ്പ്. ആര്‍സിബിക്ക് ഫഫ് ഡുപ്ലെസിസ് കിരീടം നേടിക്കൊടുത്താലും വിരാട് കോലിയെന്ന ക്യാപ്റ്റനും താരത്തിനും മുകളിലാവില്ല ആ നേട്ടം. ആര്‍സിബിയുടെ ആരാധകരെ സംബന്ധിച്ച് കോലിയാണ് എല്ലാം. കോലി ടീം വിട്ടാല്‍ ആര്‍സിബിയുടെ ആരാധക പിന്തുണയില്‍ വലിയ കുറവുണ്ടാവുമെന്നുറപ്പ്.

ആര്‍സിബിയുടെ എക്കാലത്തെയും മികച്ച ഇതിഹാസ താരം കോലിയായിരിക്കും. ക്രിസ് ഗെയ്‌ലും എബി ഡിവില്ലിയേഴ്‌സുമെല്ലാം കോലിക്ക് കീഴില്‍ കളിച്ചവരാണ്. ഉടനൊന്നും വിരമിക്കലിനെക്കുറിച്ച് കോലി ചിന്തിച്ചേക്കില്ല. നാല് വര്‍ഷമെങ്കിലും അദ്ദേഹം ഐപിഎല്ലില്‍ കളിതുടരുമെന്നുറപ്പ്. ആരാധക പിന്തുണയും സൂപ്പര്‍ താരങ്ങളുമെല്ലാം ഉണ്ടെങ്കിലും ഇതുവരെ കിരീടം ആര്‍സിബിക്ക് നേടാനായില്ലെന്നതാണ് സങ്കടം. ഇത്തവണ അതിന് സാധിക്കുമോയെന്ന് കണ്ടറിയം.
ഇത്തവണയും വിരാട് കോലിയുടെ ബാറ്റിങ്ങില്‍ത്തന്നെയാണ് ആര്‍സിബിയുടെ പ്രധാന പ്രതീക്ഷ. ഫഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരുടെ പ്രകടനവും നിര്‍ണ്ണായകമാവും. ദിനേഷ് കാര്‍ത്തികിന്റെ ഫിനിഷിങ് മികവും ടീമിന് കരുത്താണ്. മിച്ചല്‍ ബ്രാസ്വെലിന്റെയും ഫിന്‍ അലന്റെയും വരവ് ടീമിന്റെ കരുത്തുയര്‍ത്തും. വനിന്‍ഡു ഹസരങ്ക, ജോഷ് ഹെയ്‌സല്‍വുഡ്, ഡേവിഡ് വില്ലി, റീസി ടോപ്ലി തുടങ്ങിയ ബൗളര്‍മാരും ആര്‍സിബിക്ക് മുതല്‍ക്കൂട്ടാവുമെന്നുറപ്പ്.