For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ലാറയ്ക്കും ഹൈദരാബാദിനും വേണ്ട; ഉമ്രാനെ മുംബൈയ്ക്കു തരൂ, രോഹിത് അടുത്ത ബുംറയാക്കും!

ഇന്ത്യന്‍ ക്രിക്കറ്റിലെ ഷുഐബ് അക്തറെന്നു ലോകം മുഴുവന്‍ ഒരു സമയത്തു പുകഴ്ത്തിയ യുവ ഫാസ്റ്റ് ബൗളറാണ് ഉമ്രാന്‍ മാലിക്ക്. 150 കിമിക്കു മുകളില്‍ വേഗതയില്‍ സ്ഥിരമായി ബൗള്‍ ചെയ്യാനുള്ള മിടുക്കായിരുന്നു ജമ്മു കാശ്മീരില്‍ നിന്നുള്ള പേസറെ വളരെ പെട്ടെന്നു താരപദവിയിലേക്കുയര്‍ത്തിയത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കണ്ടെത്തലായിരുന്ന ഉമ്രാന്‍ പിന്നീട് ഇന്ത്യക്കായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറുകയും ചെയ്തു.

പക്ഷെ ഈ സീസണിലെ ഐപിഎല്ലില്‍ ഹൈദരാബാദിന്റെ ഈ സീസണിലെ മല്‍സരങ്ങള്‍ ക്ലൈമാക്‌സിലെത്തി നില്‍ക്കെ ഉമ്രാന്റെ പൊടിപോലും കാണാനില്ല. ചുരുക്കം ചില മല്‍സരങ്ങളില്‍ മാത്രമേ താരത്തെ ഹൈദരാബാദ് കളിപ്പിച്ചിട്ടുള്ളൂ. മുഖ്യ കോച്ചായി ഈ സീസണില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ബ്രയാന്‍ ലാറയും ക്യാപ്റ്റനായി എയ്ഡന്‍ മാര്‍ക്രവും വന്നതോടെയാണ് ഉമ്രാന്‍ മാലിക്കിന്റെ കഷ്ടകാലം ആരംഭിച്ചത്.

UMRAN MALIK

മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ വളരെയേറ പിന്തുണയ്ക്കുകയും കഴിവ് തെളിയിക്കാന്‍ പരമാവധി അവസരങ്ങള്‍ ഉമ്രാന് നല്‍കുകയും ചെയ്തിരുന്നു. പക്ഷെ നിലവിലെ ടീം മാനേജ്‌മെന്റിന് ഉമ്രാന്റെ കഴിവില്‍ ഇല്ലാത്ത വിശ്വാസം തന്നെയാണ് അവഗണനയ്ക്കു പ്രധാന കാരണം. ഈ സീസണില്‍ ഏഴു മല്‍സരങ്ങളില്‍ മാത്രമേ ഉമ്രാനെ ഹൈദരാബാദ് കളിപ്പിച്ചിട്ടുള്ളൂ. ഇവയില്‍ 17 ഓവറുകള്‍ ബൗള്‍ ചെയ്ത പേസര്‍ 176 റണ്‍സിനു അഞ്ചു വിക്കറ്റുകളെടുക്കുകയും ചെയ്തു. ഇക്കോണമി റേറ്റ് 10.35 ആണ്.

ഉമ്രാന്റെ ഇക്കോണമി റേറ്റ് നേരത്തെയും അത്ര മികച്ചതായിരുന്നില്ല. പക്ഷെ വിക്കറ്റുകളെടുക്കാനുള്ള മികവ് കൊണ്ട് താരം ഈ കുറവ് പരിഹരിക്കുകയായിരുന്നു. ഇത്തവണ കൂടുതല്‍ മല്‍സരങ്ങളില്‍ കളിപ്പിച്ചിരുന്നെങ്കില്‍ ഉമ്രാന്‍ വിക്കറ്റുകളും കൂടുതല്‍ നേടേണ്ടതായിരുന്നു. നേരത്തേ ഇന്ത്യയുടെ മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനുള്‍പ്പെടെയുള്ളവര്‍ ഉമ്രാനെതിരായ ഹൈദരാബാദിന്റെ അവഗണനയ്‌ക്കെതിരേ ആഞ്ഞടിച്ചിരുന്നു.

ഏറ്റവും മികച്ച ഇലവനെ ആവശ്യമായതിനാലും എല്ലാ മല്‍സരങ്ങളിലും വിജയിക്കേണ്ടിയിരുന്നതിനാലുമാണ് ഉമ്രാന്‍ മാലിക്കിനെ കളിപ്പിക്കാതിരുന്നതെന്നാണ് കഴിഞ്ഞ ദിവസം ബ്രയാന്‍ ലാറ നല്‍കിയ വിശദീകരണം. നിങ്ങള്‍ ഒരു താരത്തിന്റെ ഫോം നോക്കേണ്ടതുണ്ട്. ഞങ്ങള്‍ക്കു ഉമ്രാനില്‍ വലിയ പ്രതീക്ഷകളാണുള്ളത്. കൂടാതെ ഡെയ്ല്‍ സ്‌റ്റെയ്‌നിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം അവനു കിട്ടിയിട്ടുണ്ട്. ഒരു മല്‍സരത്തിനായി ടീമിനെ തിരഞ്ഞെടുക്കും മുമ്പ് കളിക്കാരന്റെ ഫോമാണ് നോക്കാറുള്ളതെന്നും ലാറ വ്യക്തമാക്കിയിരുന്നു.

ഞങ്ങള്‍ക്കു 25 കളിക്കാരുണ്ട്. നിങ്ങള്‍ കാര്‍ത്തിക് ത്യാഗിയെ കളിപ്പിക്കാത്തതിനെക്കുറിച്ചും ചോദിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. കാരണം അവനും സ്‌പെഷ്യല്‍ ടാലന്റാണ്. ടീം സെലക്ഷന്റെ കാര്യത്തില്‍ എനിക്കു തെറ്റായി ഒന്നും കാണാന്‍ സാധിക്കുന്നില്ല. ഓരോ തവണ ഗ്രൗണ്ടില്‍ ഇറങ്ങുമ്പോഴും കളിക്കണമെന്നു ഞങ്ങള്‍ യഥാര്‍ഥത്തില്‍ കളിക്കണമെന്ന് ആഗ്രഹിക്കുന്ന പ്രകടനമല്ല ടീമിന്റെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നും ബ്രയാന്‍ ലാറ വിശദീകരിച്ചിരുന്നു.

UMRAN MALIK

അതേസമയം, കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തത് ഉമ്രാന്‍ മാലിക്കായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 22 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിരുന്നു. റണ്‍സ് കുറച്ചധികം വിട്ടുകൊടുത്തെങ്കിലും മികച്ച നിരവധി സ്‌പെല്ലുകള്‍ ഉമ്രാന്‍ എറിഞ്ഞിരുന്നു.

ഇന്ത്യന്‍ ടീമിലേക്കു താരത്തിനു വിളിയെത്താനുള്ള കാരണവും കഴിഞ്ഞ ഐപിഎല്ലായിരുന്നു. കൂടുതല്‍ മല്‍സരപരിചയം ലഭിക്കുന്നതിലൂടെ ഉമ്രാന് ഈ സീസണില്‍ മെച്ചപ്പെട്ട ബൗളറായി മാറാമായിരുന്നു. പക്ഷെ ഹൈദരാബാദ് ടീം മതിയായ അവസരങ്ങള്‍ നല്‍കാതെ പുറത്ത് ഇരുത്തിയത് താരത്തിന്റെ കരിയറിനെയും ദോഷകരമായി ബാധിച്ചേക്കും.

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണ് ഉമ്രാന്‍ മാലിക്കിനെ തഴഞ്ഞതിനെതിരേ ഹൈദരാബാദ് ടീമിനെതിരേ രംഗത്തു വന്നിരിക്കുന്നത്. ആവശ്യമില്ലെങ്കില്‍ സീസണിനു ശേഷം താരത്തെ റിലീസ് ചെയ്യൂവെന്നും നിരവധി ടീമുകള്‍ അവസരം നല്‍കാന്‍ തയ്യാറാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പ്രിയപ്പെട്ട എസ്ആര്‍എച്ച്, ദയവു ചെയ്ത് ഉമ്രാന്‍ മാലിക്കിനെ റിലീസ് ചെയ്യൂ. മുംബൈ ഇന്ത്യന്‍സിന്റെ നീലയും ഗോള്‍ഡും ജഴ്‌സിയില്‍ അദ്ദേഹത്തെ കാണാന്‍ ആഗ്രഹിക്കുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉമ്രാനെ അടുത്ത ജസ്പ്രീത് ബുംറയായി മാറ്റിയെടുക്കുമെന്നും ഒരു ആരാധകന്‍ ചൂണ്ടിക്കാട്ടി.

ഉമ്രാന്‍ മാലിക്കിനെ ഹൈദരാബാദ് തുടര്‍ച്ചയായി കളിപ്പിക്കുന്നില്ലെന്നത് വലിയ സര്‍പ്രൈസാണ്. ഉമ്രാന്‍ + ഭുവി ജോടി ഹൈദരാബാദിന്റെ മലിങ്ക + ബുംറ ജോടിയായി മാറുമായിരുന്നു. ഈ ഐപിഎല്ലില്‍ വളരെയധികം അണ്ടര്‍റേറ്റഡ് ചെയ്യപ്പെട്ട താരമാണ് ഉമ്രാന്‍ മാലിക്ക്. വളരെ മോശം തീരുമാനമാണ് ഹൈദരാബാദ് ടീം മാനേജ്‌മെന്റിന്റേതെന്നും ആരാധകര്‍ വിമര്‍ശിച്ചു.

Story first published: Tuesday, May 16, 2023, 14:11 [IST]
Other articles published on May 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+