IPL 2023: റെക്കോഡ് ടോട്ടല്‍, എന്നിട്ടും എന്തുകൊണ്ട് രാജസ്ഥാന്‍ തോറ്റു? മൂന്ന് കാരണങ്ങളിതാ
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ മറ്റൊരു ആവേശകരമായ മത്സരത്തില്‍ കരുത്തരായ രാജസ്ഥാന്‍ റോയല്‍സിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തോല്‍പ്പിച്ചിരിക്കുകയാണ്. അവസാന ഓവറിലെ അവസാന പന്തിലേക്ക് നീണ്ട ആവേശത്തിനൊടുവില്‍ അവസാന സ്ഥാനക്കാരായിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാനെ തോല്‍പ്പിക്കുകയായിരുന്നു.
അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണമെന്നിരിക്കെ ഫലപ്രദമായി ഈ വിജയലക്ഷ്യം മറികടക്കാന്‍ ഹൈദരാബാദിന് സാധിച്ചു. അവസാന ഓവറിലെ അവസാന പന്തില്‍ നോബോള്‍ പിറന്നതാണ് രാജസ്ഥാന് അര്‍ഹിച്ച ജയം നഷ്ടമാക്കിയത്. വിജയിച്ചെന്നുറപ്പിച്ച് കൈകളുയര്‍ത്തി രാജസ്ഥാന്‍ ആഘോഷിക്കുകയും ഹൈദരാബാദ് താരങ്ങള്‍ നിരാശയില്‍ തലയില്‍ കൈവെക്കുകയും ചെയ്തപ്പോഴാണ് മത്സരത്തില്‍ ട്വിസ്റ്റ്. അവസാന പന്ത് നോബോളായി മാറുകയായിരുന്നു.

ഫ്രീ ഹിറ്റായ അവസാന പന്ത് സിക്‌സര്‍ പറത്തി അബ്ദുല്‍ സമദാണ് രാജസ്ഥാന്റെ നെഞ്ചത്ത് വെടിപൊട്ടിച്ചത്. ജയ്പൂരിലെ റെക്കോഡ് ടോട്ടലായ 214 റണ്‍സ് അടിച്ചെടുത്തിട്ടും രാജസ്ഥാന്‍ തോറ്റുവെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. മികച്ച ബൗളര്‍മാരുടെ പിന്തുണയുണ്ടായിട്ടും എന്തുകൊണ്ടാണ് രാജസ്ഥാന്‍ തോറ്റത്? നിര്‍ഭാഗ്യത്തെ മാത്രം പഴിച്ചിട്ട് കാര്യമില്ല. തോല്‍വിയുടെ പ്രധാന മൂന്ന് കാരണങ്ങളിതാ.
പ്രധാനപ്പെട്ട കാരണം സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സി പിഴവാണ്. നായകനെന്ന നിലയില്‍ സഞ്ജുവിന്റെ ചില പ്രധാന തീരുമാനങ്ങള്‍ പിഴച്ചു. അതില്‍ ഒന്നാമത്തെ തീരുമാനം ഇംപാക്ട് പ്ലയറെ ഉപയോഗിച്ചതിലാണ്. ഡെത്ത് ഓവറിലടക്കം നന്നായി പന്തെറിയാന്‍ സാധിക്കുന്ന ഒബെഡ് മക്കോയിയെ ഇംപാക്ട് പ്ലയറാക്കിയത് മികച്ച തീരുമാനമാണെങ്കിലും ഒരോവര്‍ മാത്രമാണ് താരത്തിന് പന്ത് നല്‍കിയത്.
ഇത് വിമര്‍ശിക്കപ്പെടുന്ന തീരുമാനമാണ്. 19ാം ഓവര്‍ കുല്‍ദീപ് യാദവിനെ പന്തേല്‍പ്പിക്കുന്നതിന് പകരം അനുഭവസമ്പന്നനായ മക്കോയിയെ പന്തേല്‍പ്പിക്കാന്‍ സഞ്ജു തയ്യാറാവണമായിരുന്നു. ഇതിന് തയ്യാറാവാതിരുന്നത് മത്സരഫലത്തെ സ്വാധീനിച്ചുവെന്ന് തന്നെ പറയാം. 19ാം ഓവറില്‍ പിറന്ന 24 റണ്‍സാണ് ഹൈദരാബാദിന് തിരിച്ചുവരാന്‍ ഊര്‍ജം നല്‍കിയത്. ഈ ഓവര്‍ സന്ദീപ് ശര്‍മക്ക് നല്‍കി അവസാന ഓവര്‍ മക്കോയിക്ക് നല്‍കാമായിരുന്നു. എന്നാല്‍ ഇതിനും സഞ്ജു ധൈര്യം കാട്ടിയില്ല.
സഞ്ജു ധൈര്യം കാട്ടാത്തത് രാജസ്ഥാന്റെ തോല്‍വിക്ക് പ്രധാന കാരണമായി. രണ്ടാമത്തെ കാരണം മോശം ഫീല്‍ഡിങ്ങാണ്. മികച്ച ഫീല്‍ഡര്‍മാരുടെ നിരയാണ് രാജസ്ഥാന്‍ റോയല്‍സ്. എന്നാല്‍ ഹൈദരാബാദിനെതിരേ നിര്‍ണ്ണായക സമയത്ത് നിര്‍ണ്ണായക അവസരങ്ങള്‍ പാഴാക്കിക്കളഞ്ഞത് മത്സരഫലത്തെ സ്വാധീനിച്ചു. എടുത്തു പറയേണ്ടത് സഞ്ജുവിന്റെ പിഴവുകളാണ്. റണ്ണൗട്ടവസരം പാഴാക്കിക്കളഞ്ഞ സഞ്ജു രാഹുല്‍ ത്രിപാഠിയുടെ ക്യാച്ചും നഷ്ടപ്പെടുത്തി.

വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം നടത്തുന്ന സഞ്ജുവില്‍ നിന്ന് ഇത്തരമൊരു പിഴവ് പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല. ഈ രണ്ട് പിഴവുകളും മത്സരത്തില്‍ തോല്‍വിക്ക് കാരണമായി. അബ്ദുല്‍ സമദിനെ പുറത്താക്കാന്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ത്തന്നെ അവസരം ലഭിച്ചതാണ്. എന്നാല്‍ ഇത് മുതലാക്കാന്‍ രാജസ്ഥാന് സാധിക്കാതെ പോയി. സന്ദീപ് ശര്‍മയുടെ പന്തില്‍ മക്കോയിക്ക് ലഭിച്ച ക്യാച്ചാണ് നഷ്ടപ്പെടുത്തിയത്.
ഇത് മത്സരഫലത്തെ സ്വാധീനിച്ചു. ആ ക്യാച്ച് പിടിക്കുകയും അബ്ദുല്‍ സമദ് പുറത്താവുകയും ചെയ്തിരുന്നെങ്കില്‍ മത്സരം പിടിച്ചെടുക്കാന്‍ രാജസ്ഥാന് സാധിക്കുമായിരുന്നു. ഈ പിഴവില്‍ നിന്നാണ് ഹൈദരാബാദ് മത്സരത്തിലേക്ക് പിടിച്ചുകയറിയത്. അവസാന പന്തില്‍ സിക്‌സര്‍ പറത്തി ഹൈദരാബാദിന് റെക്കോഡ് ജയം സമ്മാനിക്കാനും അബ്ദുല്‍ സമദിന് സാധിച്ചു. മത്സരത്തിന്റെ തലവരമാറ്റിയ പിഴവെന്ന് ഇതിന് വിശേഷിപ്പിക്കാം.
സ്പിന്നര്‍മാര്‍ക്ക് പിച്ചില്‍ നല്ല മുന്‍തൂക്കം ലഭിച്ചിരുന്നു. യുസ് വേന്ദ്ര ചഹാല്‍ നാല് വിക്കറ്റും ആര്‍ അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. മാത്രമല്ല റണ്‍സ് വിട്ടുകൊടുക്കുന്നതിലും പിശുക്കുകാട്ടി. എന്നാല്‍ മുരുഗന്‍ അശ്വിന്‍ മൂന്ന് ഓവറില്‍ 42 റണ്‍സാണ് വിട്ടുകൊടുത്തത്. രാജസ്ഥാന്‍ ഇത്രയും നിര്‍ണ്ണായക സമയത്ത് മുരുഗന്‍ അശ്വിനെ പരീക്ഷിച്ചത് തന്നെ മണ്ടന്‍ തീരുമാനമാണ്. മുരുഗന്‍ അശ്വിന്‍ തല്ലുകൊണ്ട സാഹചര്യത്തില്‍ ജോ റൂട്ടിനെ പരീക്ഷിക്കാമായിരുന്നു. ഇതിന് സഞ്ജു തയ്യാറാവാതിരുന്നതും പിഴവുതന്നെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications