മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഓരോ സീസണിന് ശേഷവും നിരവധി യുവതാരങ്ങളാണ് മികവ് കാട്ടി വളര്‍ന്നുവരുന്നത്. ഇവരില്‍ പ്രതിഭാശാലികളായവര്‍ ദേശീയ ടീമിലേക്ക് വളരാറുമുണ്ട്. ഇന്നത്തെ ഇന്ത്യന്‍ ടീമിലെ പല പ്രമുഖരും ഐപിഎല്ലിലൂടെ വളര്‍ന്നവരാണെന്ന് പറയാം. രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ ഉള്‍പ്പെടെ പല പ്രമുഖരും ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമിലേക്കെത്തിയവരാണ്.
ഈ വര്‍ഷം ഏകദിന ലോകകപ്പും 2024ല്‍ ടി20 ലോകകപ്പും നടക്കാനിരിക്കെ ഇന്ത്യന്‍ ടീമിനെ ചില പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. അതില്‍ പ്രധാന പ്രശ്‌നങ്ങളിലൊന്ന് മികച്ച ഇടം കൈയന്‍മാരുടെ അഭാവമാണ്. ആശിഷ് നെഹ്‌റയും സഹീര്‍ ഖാനും പടിയിറങ്ങിയ ശേഷം മികച്ച ഇടം കൈയന്‍ പേസര്‍മാരെ കണ്ടെത്താന്‍ ഇന്ത്യക്കായിട്ടില്ല. നിലവില്‍ അര്‍ഷദീപ് സിങ് മാത്രമാണ് ഇന്ത്യക്ക് പരിഗണിക്കാവുന്ന ഇടം കൈയന്‍ പേസര്‍.

എന്നാല്‍ ഇപ്പോള്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമായി മൊഹ്‌സിന്‍ ഖാന്‍ വളര്‍ന്നുവരികയാണ്. അവസാന സീസണോടെ തന്നെ കരുത്തുകാട്ടിയ മൊഹ്‌സിന് ഈ സീസണിലെ ആദ്യ മത്സരങ്ങളില്‍ പരിക്ക് വേട്ടയാടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ചുവരവ് നടത്തിയ മൊഹ്‌സിന്‍ മുംബൈക്കെതിരേ അവസാന ഓവറില്‍ 11 റണ്‍സ് പ്രതിരോധിച്ച് വീണ്ടും കൈയടി നേടുകയാണ്.
ഇന്ത്യയുടെ ഏറെ നാളായുള്ള ഇടം കൈയന്‍ പേസര്‍ക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കഴിവുള്ളവനാണ് മൊഹ്‌സിനെന്ന് പറയാം. ഇന്ത്യ എത്രയും വേഗം മൊഹ്‌സിന്‍ ഖാനെ ടീമിലേക്ക് പരിഗണിക്കണമെന്ന് പറയാനുള്ള കാരണങ്ങള്‍ പരിശോധിക്കാം. പ്രധാന കാരണം മൊഹ്‌സിന്റെ മികവ് തന്നെയാണ്. ന്യൂബോളിലും ഡെത്തോവറിലും ഒരുപോലെ മികവ് കാട്ടാന്‍ മൊഹ്‌സിന്‍ ഖാന് സാധിക്കുന്നു.
മികച്ച ലൈനും ലെങ്തും കാത്തുസൂക്ഷിക്കുന്ന ബൗളറാണ് മൊഹ്‌സിനെന്ന് പറയാം. ന്യൂബോളില്‍ വിക്കറ്റ് നേടിയെടുത്ത് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ താരം മിടുക്കനാണ്. മികച്ച ഇക്കോണമിയിലാണ് മൊഹ്‌സിന്റെ പ്രകടനമെന്നതാണ് എടുത്തു പറയേണ്ടത്. യോര്‍ക്കറുകള്‍ എറിയുമ്പോള്‍ വളരെ കൃത്യതയുണ്ട്. സ്വാഭാവികമായും നല്ല വേഗം കൈവശമുള്ള ബൗളറാണ് മൊഹ്‌സിന്‍. തുടര്‍ച്ചയായി 140ന് മുകളില്‍ വേഗം കുറിക്കാന്‍ താരത്തിന് കഴിവുണ്ട്.
അവസാന സീസണില്‍ 5.97 ഇക്കോണമിയില്‍ 14 വിക്കറ്റാണ് താരം വീഴ്ത്തിയത്. ഇതില്‍ നിന്ന് തന്നെ മൊഹ്‌സിന്റെ മികവ് വ്യക്തം. നിരവധി യുവ പേസര്‍മാരില്‍ നിന്ന് മൊഹ്‌സിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹം ഇടം കൈയന്‍ പേസറാണെന്നത് തന്നെയാണ്. ഇന്ത്യക്കാവശ്യം മികച്ചൊരു ഇടം കൈയന്‍ പേസറെയാണ്. അതുകൊണ്ട് തന്നെ തല്‍സ്ഥാനത്തേക്ക് മൊഹ്‌സിന് മുന്‍തൂക്കമുണ്ട്. മൂന്ന് ഫോര്‍മാറ്റിലേക്കും ഉപയോഗിക്കാവുന്ന ബൗളറാണ് മൊഹ്‌സിനെന്നതാണ് എടുത്തു പറയേണ്ടത്.

നിലവില്‍ ഇന്ത്യ പരിഗണിക്കുന്ന അര്‍ഷദീപ് സിങ് തല്ലുകൊള്ളിയായ ബൗളറാണ്. ഐപിഎല്ലിലടക്കം താരം റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മടികാട്ടുന്നില്ല. ഈ സാഹചര്യത്തില്‍ അര്‍ഷദീപിനെ വിശ്വസിച്ച് ഇനിയും മുന്നോട്ട് പോവുക പ്രയാസമാണ്. മൂന്ന് ഫോര്‍മാറ്റിലേക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന ബൗളറല്ല അര്‍ഷദീപ്. അതുകൊണ്ട് തന്നെ മൊഹ്‌സിന്‍ ഖാന് മുന്‍തൂക്കം അവകാശപ്പെടാനാവും.
ഇന്ത്യയുടെ മുഖ്യ ബൗളറായി വളരാന്‍ മികവുള്ളവനാണ് മൊഹ്‌സിന്‍ ഖാന്‍. ജസ്പ്രീത് ബുംറ തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലാവുന്നു. ഇനിയൊരു ശക്തമായ തിരിച്ചുവരവ് കണ്ടറിയണം. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് മറ്റൊരു സൂപ്പര്‍ പേസറെന്ന് പേരെടുക്കാന്‍ സാധിക്കുന്ന താരത്തെ വളര്‍ത്തേണ്ടതായുണ്ട്. ഇതിന് അനുയോജ്യനായ താരമാണ് മൊഹ്‌സിന്‍ ഖാന്‍. നല്ല വേഗവും കൃത്യതയുമുള്ള മൊഹ്‌സിന്‍ ഖാനെ ഇന്ത്യക്ക് അടുത്ത സൂപ്പര്‍ ബൗളറായി വളര്‍ത്താവുന്നതാണ്.
യുവതാരമായതിനാല്‍ താരത്തിന് മുന്നില്‍ ഇഷ്ടം പോലെ സമയവുമുണ്ട്. ഫലപ്രദമായി ഉപയോഗിക്കുകയും പിന്തുണക്കുകയും ഫിറ്റ്‌നസ് ശ്രദ്ധിക്കുകയും ചെയ്താല്‍ അടുത്ത സൂപ്പര്‍ പേസറായി വളരാന്‍ മൊഹ്‌സിന് സാധിക്കുമെന്ന കാര്യം ഉറപ്പാണ്.