കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് 1 റണ്‍സിന് തോറ്റാണ് കെകെആറിന്റെ മടക്കം. 14 മത്സരത്തില്‍ നിന്ന് 12 പോയിന്റോടെയാണ് കെകെആര്‍ 16ാം സീസണ്‍ അവസാനിപ്പിക്കുന്നത്. ഈ സീസണില്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ നിധീഷ് റാണയാണ് കെകെആറിന് നയിച്ചത്.
പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ ഇത്തവണ കെകെആറിനായില്ല. വമ്പന്‍ താരനിരയിലെ പ്രതീക്ഷവെച്ചവര്‍ക്കൊന്നും ഇത്തവണ രക്ഷകരാവാന്‍ സാധിക്കാതെ പോയപ്പോള്‍ റിങ്കു സിങ് മാത്രമാണ് കെകെആര്‍ നിരയില്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട് നിന്നത്. മറ്റുള്ളവരെല്ലാം ദുരന്തമായിരുന്നുവെന്ന് പറയാം. ഇത്തവണ കെകെആര്‍ പ്ലേ ഓഫ് കാണാതെ പുറത്താവാനുള്ള പ്രധാനപ്പെട്ട മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

പ്രധാന കാരണം ടീമിന്റെ അനാവശ്യ പരീക്ഷണങ്ങളാണ്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണം നടത്തി പൊളിഞ്ഞ ടീമാണ് കെകെആര്‍. പ്രധാനമായും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് കണ്ടെത്താന്‍ കെകെആറിനായില്ല. ഇത്തവണ ഏഴോളം ഓപ്പണിങ് കൂട്ടുകെട്ടിനെയാണ് കെകെആര്‍ പരീക്ഷിച്ചത്. ഇതില്‍ ഒന്ന് പോലും ടീമിന്റെ വിശ്വാസം നേടിയെടുത്തില്ലെന്നതാണ് വസ്തുത.
മന്ദീപ് സിങ്, റഹ്‌മാനുല്ല ഗുര്‍ബാസ്, വെങ്കടേഷ് അയ്യര്‍, നാരായണ്‍ ജഗദീശന്‍, ജേസന്‍ റോയ്, ലിറ്റന്‍ ദാസ് എന്നിവരെയെല്ലാം മാറി മാറി കെകെആര്‍ പരീക്ഷിച്ചു. ഈ കൂട്ടുകെട്ടെല്ലാം പൊളിഞ്ഞത് കെകെആറിനെ പിന്നോട്ടടിക്കുന്നതില്‍ പ്രധാന കാരണമായി മാറി. ലക്‌നൗവിനെതിരേ ഗുര്‍ബാസിനെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റി ജേസന്‍ റോയിയേയും വെങ്കടേഷ് അയ്യരേയും കെകെആര്‍ പരീക്ഷിച്ചു. ഭേദപ്പെട്ട ഓപ്പണിങ് കൂട്ടുകെട്ട് ലഭിച്ചെങ്കിലും നാലാം നമ്പറിലെത്തിയ ഗുര്‍ബാസ് നിരാശപ്പെടുത്തി.
ഇത്തവണ മികച്ച പ്ലേയിങ് 11 സൃഷ്ടിക്കാന്‍ കെകെആറിനായില്ല. നിരന്തരം ടീം പരീക്ഷണം നടത്തിയെങ്കിലും മികവ് കാട്ടാന്‍ ആര്‍ക്കും സാധിക്കാതെ പോയി. സ്ഥിരതയില്ലാത്തതാണ് പ്രധാന പ്രശ്‌നം. ഇതില്‍ എടുത്തു പറയേണ്ടത് ടീമിന്റെ രണ്ട് സൂപ്പര്‍ താരങ്ങളുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ്. ആന്‍ഡ്രേ റസലും സുനില്‍ നരെയ്‌നും കെകെആറിന്റെ നട്ടെല്ലായ താരങ്ങളാണ്. രണ്ട് പേരെയും കെകെആര്‍ സ്ഥിരമായി നിലനിര്‍ത്താറുമുണ്ട്.
ഇത്തവണ രണ്ട് പേരും ഒരുപോലെ ഫ്‌ളോപ്പായത് കെകെആറിന് തിരിച്ചടിയായി മാറി. റസല്‍ വമ്പനടികള്‍ കാഴ്ചവെക്കുന്ന ഫിനിഷറാണ്. പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്. എന്നാല്‍ ഇത്തവണ റസലിന് തൊട്ടതെല്ലാം പിഴച്ചു. ഒരു മത്സരത്തില്‍ പോലും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താന്‍ റസലിനായില്ല. പന്തെറിഞ്ഞപ്പോള്‍ തല്ലുകൊള്ളിയായും മാറി. അടുത്ത സീസണില്‍ റസലിനെ കെകെആര്‍ കൈവിട്ടേക്കും.

നരെയ്‌നും സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ഗംഭീര പ്രകടനം അവകാശപ്പെടാനാവുന്ന താരമാണ്. എന്നാല്‍ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തിയത് കെകെആറിനെ ബാധിച്ചു. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടിയില്ല. നരെയ്‌നെയും ഇത്തവണ കെകെആര്‍ കൈവിടാനാണ് സാധ്യത. ഇത്തവണ കെകെആറിന് മികച്ച ബൗളര്‍മാരെ കണ്ടെത്താനാവാതെ പോയി. ശര്‍ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ് എന്നിവരായിരുന്നു ടീമിലെ പ്രധാന സീനിയേഴ്‌സ്. ഇവര്‍ തല്ലുവാങ്ങിക്കൂട്ടി.
ശര്‍ദുലിന്റെ ഒരു അര്‍ധ സെഞ്ച്വറി പ്രകടനം മാറ്റിനിര്‍ത്തിയാല്‍ കാര്യമായൊന്നും ചെയ്യാനായില്ല. അടുത്ത സീസണില്‍ ശര്‍ദുലിനെയും കെകെആര്‍ ഒഴിവാക്കിയേക്കും. ഇത്തവണ മികച്ച ബൗളിങ് കൂട്ടുകെട്ട് സൃഷ്ടിക്കാനാവാത്തതും കെകെആറിനെ പിന്നോട്ടടിച്ചു. അടുത്ത സീസണില്‍ മികച്ച ബൗളര്‍മാരെ കെകെആര്‍ സ്വന്തമാക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം സമാന തകര്‍ച്ച ആവര്‍ത്തിച്ചേക്കും.
ശ്രേയസ് അയ്യര്‍ മടങ്ങിയെത്തുന്നതോടെ കെകെആറിന്റെ പകുതി പ്രശ്‌നങ്ങള്‍ അവസാനിക്കും. മികച്ചൊരു നായകനില്ലാതെ പോയത് ഇത്തവണ കെകെആറിനെ പിന്നോട്ടടിച്ച കാരണങ്ങളിലൊന്നാണെന്ന് പറയാം. നിധീഷ് റാണ ശരാശരിക്ക് മുകളിലേക്ക് ബാറ്റ്‌സ്മാനെന്ന നിലയിലോ നായകനെന്ന നിലയിലോ ഉയരാനാവാത്തത് കെകെആറിന്റെ പ്ലേ ഓഫ് സീറ്റ് നിഷേധിക്കപ്പെടാനുള്ള കാരണങ്ങളിലൊന്നായി പറയാം.