ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ചാമ്പ്യന്മാരായി അഞ്ചാം കിരീടം അലമാരിയിലെത്തിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇതോടെ മുംബൈ ഇന്ത്യന്‍സിനൊപ്പം ഏറ്റവും കൂടുതല്‍ ഐപിഎല്‍ കിരീടമുള്ള ടീമെന്ന റെക്കോഡിനൊപ്പമെത്താനും സിഎസ്‌കെയ്ക്കായി. ഈ സീസണോടെ സിഎസ്‌കെ നായകനും ഇതിഹാസവുമായ എംഎസ് ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്.
എന്നാല്‍ അടുത്ത സീസണിലും കളിക്കുമെന്ന സൂചന നല്‍കിയാണ് ധോണി 16ാം സീസണോട് വിടപറഞ്ഞത്. എന്നാല്‍ കാല്‍മുട്ടിന് പരിക്ക് വേട്ടയാടുന്ന ധോണി അടുത്ത സീസണില്‍ കളിക്കാനുള്ള സാധ്യത കുറവാണ്. കളിച്ചാലും അടുത്ത സീസണോടെ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നുറപ്പ്. അതുകൊണ്ട് തന്നെ ധോണിയുടെ ഉത്തമ പകരക്കാരനെ സിഎസ്‌കെയ്ക്ക് കണ്ടെത്തേണ്ടതായുണ്ട്.

സിഎസ്‌കെയില്‍ ധോണിയുടെ പകരക്കാരനായി സഞ്ജു സാംസണ്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. രാജസ്ഥാന്‍ റോയല്‍സ് നായകനെന്ന നിലയില്‍ ഈ സീസണില്‍ സഞ്ജു നിരാശപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ടീമിന് പുറത്തുള്ള സഞ്ജുവിന് ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ സിഎസ്‌കെയിലേക്കെത്തുന്നത് ഗുണം ചെയ്യുമെന്നുറപ്പാണ്. അവസാന മെഗാ ലേലത്തിന് മുമ്പ് ചില പ്രമുഖ ടീമുകള്‍ സമീപിച്ചിരുന്നുവെന്ന് സഞ്ജു സാംസണ്‍ പറഞ്ഞിരുന്നു.
എന്നാല്‍ അതില്‍ സിഎസ്‌കെ ഉണ്ടാകില്ലെന്നുറപ്പ്. സഞ്ജുവിനെ സിഎസ്‌കെ ഒരിക്കലും ധോണിയുടെ പകരക്കാരനാക്കില്ല. അതുപറയാന്‍ ചില കാരണങ്ങളുണ്ട്. എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാരണം സഞ്ജുവിന്റെ പ്രകടനം തന്നെയാണ്. സിഎസ്‌കെയുടെ ശൈലിയും സഞ്ജുവിന്റെ ശൈലിയും രണ്ട് തരത്തിലുള്ളതാണ്. സഞ്ജു ഏത് സാഹചര്യത്തിലും കടന്നാക്രമിച്ച് കളിക്കാന്‍ താല്‍പര്യപ്പെടുന്ന ബാറ്റ്‌സ്മാനാണ്.
തന്റെ ശൈലി ഒരിക്കലും മാറ്റില്ലെന്ന് സഞ്ജു തന്നെ പറഞ്ഞിട്ടുണ്ട്. സുനില്‍ ഗവാസ്‌കര്‍ ഉപദേശിച്ചിട്ട് പോലും ശൈലി മാറ്റില്ലെന്ന് സഞ്ജു പറഞ്ഞുവെന്നത് എസ് ശ്രീശാന്ത് കഴിഞ്ഞിടെ വെളിപ്പെടുത്തിയിരുന്നു. വമ്പനടിക്കാരായ താരങ്ങളെ ടീമിലെത്തിച്ച് കപ്പടിക്കുന്ന രീതിയല്ല സിഎസ്‌കെയുടേത്. പക്വതയുള്ള സീനിയര്‍ താരങ്ങളെ ഉപയോഗിച്ച് പദ്ധതി മെനയുന്നവരാണ് സിഎസ്‌കെ. അതുകൊണ്ട് സിഎസ്‌കെയിലേക്ക് സഞ്ജുവിനെ പരിഗണിക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായേക്കില്ല.
മറ്റൊരു പ്രധാന കാരണം ഇതിനോടകം മികച്ചൊരു വിക്കറ്റ് കീപ്പര്‍ സിഎസ്‌കെയ്ക്കുണ്ട്. ഓപ്പണറായ ഡെവോണ്‍ കോണ്‍വേയാണത്. ന്യൂസീലന്‍ഡ് താരം തകര്‍പ്പന്‍ പ്രകടനമാണ് സീസണില്‍ നടത്തിയത്. ധോണി സീറ്റൊഴിഞ്ഞാല്‍ പകരം വിക്കറ്റ് കീപ്പറായി മുന്‍ഗണന കോണ്‍വേക്കാണ്. കീപ്പറെന്ന നിലയില്‍ മികവ് തെളിയിക്കാന്‍ കോണ്‍വേക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മറ്റൊരു പ്രധാന വിക്കറ്റ് കീപ്പറെ സിഎസ്‌കെ നോട്ടമിട്ടേക്കില്ല. സഞ്ജുവിനെ ടീമിലേക്കെത്തിച്ചാലും ബാക്കപ്പ് താരമായി മാറേണ്ടി വരും.

16 മത്സരത്തില്‍ നിന്ന് 672 റണ്‍സുമായി കോണ്‍വേ തിളങ്ങിയിരുന്നു. ഫൈനലിലെ താരമായിരുന്നു കോണ്‍വേ. മൂന്നാമത്തെ കാരണം ധോണിക്ക് പകരം സിഎസ്‌കെ പരിഗണിക്കുക ഫിനിഷറെയാവും. ബെന്‍ സ്റ്റോക്‌സ് നിലവില്‍ സിഎസ്‌കെയുടെ ഭാഗമാണ്. രവീന്ദ്ര ജഡേജയും സ്‌റ്റോക്‌സും ചേര്‍ന്ന് സിഎസ്‌കെയുടെ മധ്യനിരയെ നയിക്കാനാണ് സാധ്യത. സഞ്ജുവിനെ ഫിനിഷര്‍ റോളില്‍ കളിപ്പിക്കുന്നത് വലിയ ഗുണം ചെയ്‌തേക്കില്ല. അതുകൊണ്ട് തന്നെ സഞ്ജുവിനെ സിഎസ്‌കെ പരിഗണിച്ചേക്കില്ല.
എംഎസ് ധോണിക്കും സഞ്ജുവിനെ പരിഗണിക്കുന്നതില്‍ വലിയ താല്‍പര്യമുണ്ടായേക്കില്ല. ധോണി വലിയ പിന്തുണ നല്‍കിയ താരമല്ല സഞ്ജു. ബാക്കപ്പ് വിക്കറ്റ് കീപ്പറായി യുവതാരത്തെ വളര്‍ത്താനാവും സിഎസ്‌കെ ശ്രമിക്കുക. മറ്റൊരു പ്രധാന കാരണം സഞ്ജുവിന് നല്‍കേണ്ടി വരുന്ന ഉയര്‍ന്ന പ്രതിഫലമാണ്. 14 കോടിക്കാണ് നിലവില്‍ സഞ്ജു രാജസ്ഥാനായി കളിക്കുന്നത്. ഇത്രയും വലിയ പ്രതിഫലം നല്‍കാന്‍ സിഎസ്‌കെ തയ്യാറായേക്കില്ല. അതുകൊണ്ട് തന്നെ സഞ്ജുവിന് സിഎസ്‌കെയിലെത്തുക പ്രയാസമാവും.