For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: 5 സിക്‌സുകള്‍ തകര്‍ത്തത് കരിയറല്ല, ജീവിതം! ദയാലിന്റെ ഇപ്പോഴത്തെ അവസ്ഥ ദുരിതം

അഹമ്മദാബാദ്: ഒരു മത്സരത്തിലെ മോശം പ്രകടനംകൊണ്ട് കരിയര്‍ തകര്‍ന്നുപോയ പലരേയും ക്രിക്കറ്റ് ചരിത്രത്തില്‍ കാണാനാവും. എന്നാല്‍ ജീവിതം തന്നെ മാറിമറിഞ്ഞത് ചിലര്‍ക്കുമാത്രമാണ്. ഇത്തരത്തില്‍ ഐപിഎല്ലിലെ ഒരു മോശം പ്രകടനംകൊണ്ട് കരിയറും ജീവിതവും തകര്‍ന്ന അവസ്ഥയിലേക്കെത്തിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ യാദഷ് ദയാല്‍.

16ാം സീസണില്‍ ആരാധകര്‍ ഏറ്റവും ആവേശത്തോടെ കണ്ട മത്സരങ്ങളിലൊന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ നടന്നത്. ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ യാഷ് ദയാലിന്റെ ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ പറത്തി റിങ്കു സിങ് അവിശ്വസനീയ ജയം കെകെആറിന് സമ്മാനിച്ചപ്പോള്‍ മറക്കാനാവാത്ത മത്സരമായി ഇത് മാറി.

റിങ്കുവിന്റെ ബാറ്റിങ് പ്രകടനത്തെ പ്രശംസകൊണ്ട് മൂടിയപ്പോള്‍ ദയാലിന്റെ മോശം ബൗളിങ് നിരവധി വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. എന്നാല്‍ ഈ മത്സരങ്ങള്‍ക്ക് ശേഷം പിന്നെയും മത്സര ആവേശങ്ങളിലേക്കെത്തിയതോടെ യാഷ് ദയാലിനെ എല്ലാവരും മറന്നു. ആ അഞ്ച് സിക്‌സുകള്‍ ദയാലിന്റെ കരിയറും ജീവിതവും മാറ്റിമറിച്ചിരിക്കുകയാണ്. ഇതിനെക്കുറിച്ച് ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

കെകെആറിനെതിരായ മത്സരശേഷം ഗുജറാത്ത് പ്ലേയിങ് 11നിന്ന് തഴഞ്ഞ യാഷ് ദയാല്‍ ഇപ്പോള്‍ എവിടെയാണെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് ഹര്‍ദിക് താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ തുറന്ന് പറഞ്ഞത്. ഈ മോശം പ്രകടനത്തിന് ശേഷം ദയാലിന് പനി പിടിക്കുകയും 10കിലോയോളം ഭാരം കുറയുകയും ചെയ്തുവെന്നാണ് ഹര്‍ദിക് വെളിപ്പെടുത്തിയത്. ഇനിയൊരു തിരിച്ചുവരവിനെക്കുറിച്ച് ഉറപ്പ് പറയാനാവില്ലെന്നുമാണ് ഹര്‍ദിക് വ്യക്തമാക്കിയത്.

'ഈ സീസണില്‍ ഇനി യാഷ് ദയാല്‍ തിരിച്ചുവരുമോയെന്നതിനെക്കുറിച്ച് ഇപ്പോള്‍ എനിക്കൊന്നും പറയാനാവില്ല. ഈ മത്സരത്തിന് കുറച്ചുദിവസങ്ങള്‍ക്ക് ശേഷം അവന് പനി ബാധിച്ചിരുന്നു. ഇപ്പോള്‍ 10 കിലോയോളം ശരീരഭാരം കുറഞ്ഞിരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ അവന് കളിക്കാന്‍ സാധിക്കില്ല. ചിലരുടെ നഷ്ടങ്ങള്‍ ചിലരുടെ വളമായി മാറുന്നു. ചിലപ്പോള്‍ അവനെ വീണ്ടും കളത്തില്‍ കാണാന്‍ നീണ്ട നാളുകള്‍ വേണ്ടിവന്നേക്കും'- ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു.

നിലവില്‍ യാഷ് ദയാല്‍ ഗുജറാത്ത് ടീമിനൊപ്പമില്ല. അദ്ദേഹം വീട്ടിലേക്ക് തിരികെ പോയിരിക്കുകയാണ്. അവിടെയാണ് അദ്ദേഹമുള്ളത്. ദയാലിന്റെ പ്രകടനം കുടുംബത്തെയും ബാധിച്ചുവെന്ന് ദയാലിന്റെ പിതാവ് വെളിപ്പെടുത്തുയിരുന്നു. അവന്റെ മകന്‍ ആരോടും സംസാരിക്കുന്നില്ലെന്നും ഭാര്യയും അമ്മയും നിരാശകൊണ്ട് ഭക്ഷണം കഴിക്കാത്ത സാഹചര്യം ഉണ്ടായെന്നുമെല്ലാമാണ് ദയാലിന്റെ പിതാവ് തുറന്നു പറഞ്ഞത്.

rinku singh

നിലവിലെ ദയാലിന്റെ അവസ്ഥ പരിതാപകരമാണെന്ന് ഹര്‍ദിക്കിന്റെ വാക്കുകളില്‍ നിന്ന് വ്യക്തം. ഗുജറാത്ത് ടൈറ്റന്‍സ് അരങ്ങേറ്റ സീസണില്‍ കപ്പടിച്ചപ്പോള്‍ സജീവ സാന്നിധ്യമായി ഇടം കൈയന്‍ പേസറുണ്ടായിരുന്നു. 12 മത്സരത്തില്‍ നിന്ന് 11 വിക്കറ്റുകളാണ് ദയാല്‍ ഇതുവരെ നേടിയത്. 40 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. എന്നാല്‍ 10.29 എന്ന മോശം ഇക്കോണമിയാണ് ദയാലിനുള്ളത്.

ഇനിയൊരു തിരിച്ചുവരവ് ദയാലിനെ സംബന്ധിച്ച് പ്രയാസമാണ്. ഗുജറാത്ത് ടൈറ്റന്‍സ് പോലും ദയാലിന് പിന്തുണ നല്‍കുന്നില്ല. അടുത്ത സീസണില്‍ ഗുജറാത്ത് ദയാലിനെ ഒഴിവാക്കാനാണ് സാധ്യത കൂടുതല്‍. മറ്റൊരു ടീമും ദയാലിനെ പരിഗണിക്കാനുള്ള സാധ്യതയും വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇനി ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്ന താരത്തിന് ബുദ്ധിമുട്ടായിരിക്കും.

അതേ സമയം ദയാലിനെതിരേ പറത്തിയ അഞ്ച് സിക്‌സുകള്‍ റിങ്കു സിങ്ങിന്റെ കരിയറില്‍ വലിയ മാറ്റംകൊണ്ടുവന്നിരിക്കുകയാണ്. 2024ല്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ ഉറ്റുനോക്കുന്ന നിലയിലേക്ക് മാറാന്‍ റിങ്കുവിന് സാധിച്ചിട്ടുണ്ട്. ഫിനിഷര്‍ റോളില്‍ അസാധ്യ മികവാണ് ഇടം കൈയനായ റിങ്കുവിനുള്ളത്. ദയാലിന്റെ കരിയര്‍ തകര്‍ത്തത് റിങ്കുവിന്റെ കരിയറില്‍ നേട്ടമായെന്ന് പറയാം.

ആര്‍സിബിക്കെതിരായ അവസാന മത്സരത്തിലും റിങ്കു സിങ് മിടുക്കുകാട്ടിയിരുന്നു. നിലയുറപ്പിച്ച് കളിക്കാനും നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാനും കഴിവുള്ള ബാറ്റ്‌സ്മാനാണ് റിങ്കു സിങ്. സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിലും മികവ് തുടര്‍ന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് അധികം വൈകാതെ റിങ്കുവിന് വിളി പ്രതീക്ഷിക്കാവുന്നതാണ്.

Story first published: Thursday, April 27, 2023, 15:40 [IST]
Other articles published on Apr 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+