IPL 2023: പതിരണ സിഎസ്‌കെയിലെത്തിയതെങ്ങനെ? പിന്നില്‍ ധോണി! നിര്‍ണ്ണായക നീക്കം
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ സിഎസ്‌കെയ്‌ക്കൊപ്പം നിര്‍ണ്ണായക പ്രകടനം നടത്തി കൈയടി നേടുകയാണ് മതീഷ പതിരണ. ജൂനിയര്‍ മലിങ്കയെന്ന് പേരെടുത്ത പതിരണ മലിങ്കയെപ്പോലെ യോര്‍ക്കറുകളിലൂടെ കളി പിടിച്ചെടുക്കുന്ന ബൗളറാണ്. യോര്‍ക്കറുകളെ ആയുധമാക്കിയ പതിരണ ഡെത്ത് ഓവറിലാണ് കൂടുതല്‍ അപകടകാരി.
സിഎസ്‌കെ ആര്‍സിബിക്കെതിരേ വിജയം നേടിയതിന് പിന്നില്‍ ഡെത്ത് ഓവറിലെ പതിരണയുടെ ബൗളിങ് മികവിന്റെ പങ്ക് വളരെ വലുതാണ്. സിഎസ്‌കെയ്‌ക്കൊപ്പം ദീര്‍ഘദൂര കരിയര്‍ ലഭിക്കാന്‍ സാധ്യതയുള്ള പതിരണയെ ടീമിലേക്കെത്തിച്ചതിന് പിന്നില്‍ രസകരമായ ഒരു സംഭവമുണ്ട്. സിഎസ്‌കെ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ എംഎസ് ധോണിയുടെ ഇടപെടലാണ് പതിരണയെ സിഎസ്‌കെയിലെത്തിച്ചത്.

പതിരണയുടെ ബൗളിങ്ങിന്റെ വീഡിയോ വൈറലായിരുന്നു. ഇത് കണ്ടാണ് ധോണി പതിരണയുടെ മികവ് തിരിച്ചറിയുന്നതും സിഎസ്‌കെയിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നതും. 'വൈറല്‍ വീഡിയോ പുറത്തുവരുമ്പോള്‍ 17,18 വയസ് മാത്രമായിരുന്നു പതിരണയുടെ പ്രായം. ധോണി പതിരണയുടെ ബൗളിങ് വീഡിയോ കണ്ടതിന് ശേഷം വാക്‌സിന്‍ സ്വീകരിച്ച് മുന്നൊരുക്കം നടത്തി യുഎഇയിലേക്കെത്താനുമാണ് ആവിശ്യപ്പെട്ടത്.
ആ സമയത്ത് അണ്ടര്‍ 19 ലോകകപ്പ് കളിച്ച് പേരെടുത്ത പതിരണ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും കളിക്കുന്നുണ്ടായിരുന്നു. യോര്‍ക്കറുകളിലൂടെ ബാറ്റ്‌സ്മാനെ പിടിച്ചുകെട്ടുന്ന യുവപേസറുടെ വൈറല്‍ വീഡിയോയാണ് സിഎസ്‌കെയ്ക്ക് പതിരണയില്‍ താല്‍പര്യം തോന്നാന്‍ കാരണമായത്. ധോണിയും പതിരണയുടെ പ്രതിഭയില്‍ വിശ്വാസം അര്‍പ്പിച്ചതോടെ അവന്‍ ടീമിലേക്കെത്തുകയായിരുന്നു'-പരിശീലകനായ ബിലാല്‍ ഫാസി പറഞ്ഞു.
ലസിത് മലിങ്കയുടെ അതേ ബൗളിങ് ആക്ഷനുള്ള താരമാണ് പതിരണ. മലിങ്ക യോര്‍ക്കറുകളിലൂടെ ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ചത് എല്ലാവരും കണ്ടതാണ്. ഈ ചരിത്രം ആവര്‍ത്തിക്കാന്‍ കഴിവുള്ളവനാണ് പതിരണയെന്ന് പറയാം. യോര്‍ക്കറുകളില്‍ വളരെ കൃത്യത പതിരണക്കുണ്ട്. നിലവില്‍ 20 വയസ് മാത്രമാണ് പതിരണയുടെ പ്രായം. അതുകൊണ്ട് തന്നെ വലിയ കരിയര്‍ താരത്തിന് മുന്നിലുണ്ട്.
പതിരണയുടെ ബൗളിങ് മലിങ്കയുടെ അനുകരണമാണെന്ന ആക്ഷേപവും പലരും ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് പതിരണയുടെ പിതാവം പറഞ്ഞതിങ്ങനെയാണ്. 'പതിരണയുടെ ബൗളിങ് ആക്ഷന്‍ മലിങ്കയുടേത് പോലെയാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ മലിങ്കയുടെ ബൗളിങ് ആക്ഷനെ അനുകരിക്കുന്നതല്ല.
കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഇതേ ബൗളിങ് ആക്ഷനിലാണ് അവന്‍ പന്തെറിയുന്നത്. അവന്റെ ബൗളിങ് കഴിവുകള്‍ കഠിന പരിശീലനത്തിലൂടെ മെച്ചപ്പെടുത്തിയതാണ്'-പതിരണയുടെ പിതാവ് പറഞ്ഞു. സ്‌കൂള്‍ ക്രിക്കറ്റില്‍ മലിങ്കയുടെ കീഴില്‍ പരിശീലനം നടത്താനുള്ള ഭാഗ്യവും പതിരണക്കുണ്ട്. 140നടുത്ത് ശരാശരി വേഗം നിലനിര്‍ത്തി പന്തെറിയാനും പതിരണക്ക് സാധിക്കുന്നുണ്ട്.

'കഴിഞ്ഞ് മൂന്ന് വര്‍ഷത്തിനിടെയാണ് ബൗളറെന്ന നിലയില്‍ അവന്‍ ഇത്രയും മെച്ചപ്പെട്ടത്. ധോണി കണ്ട വീഡിയോ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലേത് ആയിരുന്നില്ല. സനത് ജയസൂര്യയുടെ സ്‌കൂളിനെതിരായ സ്‌കൂള്‍ ക്രിക്കറ്റ് മത്സരത്തിലെ പതിരണയുടെ വീഡിയോയാണത്. അതിന് ശേഷമാണ് മലിങ്ക തന്റെ സമാന ആക്ഷനുള്ള ചില താരങ്ങള്‍ക്ക് പരിശീലനം നല്‍കിയത്. അഞ്ചോളം താരങ്ങളെയാണ് മലിങ്ക പ്രത്യേക പരിശീലനം നല്‍കാന്‍ തിരഞ്ഞെടുത്തത്.
അതില്‍ പതിരണയും ഉള്‍പ്പെട്ടു. പതിരണയുടെ മികച്ച വേഗവും കൃത്യതയുമാണ് മലിങ്കക്ക് ഇഷ്ടപ്പെട്ടത്. ഇപ്പോഴും പതിരണ തന്റെ ബൗളിങ്ങിലെ കൃത്യത വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഓരോ മത്സരത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാന്‍ പതിരണക്ക് സാധിക്കുന്നുണ്ട്. മെച്ചപ്പെടാന്‍ ആഗ്രഹിക്കുകയും അതിനായി കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നവനാണ് പതിരണ. വലിയ ഭാവി അവനില്‍ കാണുന്നുണ്ട്'-ബിലാല്‍ ഫാസി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications