ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ഏറ്റവും ശ്രദ്ധ നേടുന്ന യുവതാരമായി മാറിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍. 21 കാരനായ താരം വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ടാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. സീസണില്‍ സെഞ്ച്വറിയടക്കം നേടിയ ജയ്‌സ്വാള്‍ കെകെആറിനെതിരേ 13 പന്തില്‍ അര്‍ധ സെഞ്ച്വറിയും നേടി ഐപിഎല്ലിലെ വേഗ ഫിഫ്റ്റിക്കാരന്റെ റെക്കോഡും സ്വന്തം പേരിലാക്കി.
കെകെആറിനെതിരേ 47 പന്തില്‍ 98 റണ്‍സുമായി ജയ്‌സ്വാള്‍ പുറത്താവാതെ നിന്നു. 12 ഫോറും 5 സിക്‌സും ഉള്‍പ്പെടെയായിരുന്നു ജയ്‌സ്വാളിന്റെ പ്രകടനം. 208.51 സ്‌ട്രൈക്കറേറ്റിലാണ് താരം ബാറ്റ് ചെയ്തത്. സീസണില്‍ 12 മത്സരത്തില്‍ നിന്ന് 575 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെക്കുന്നതെന്ന് പറയാം. ഇന്ത്യയുടെ അടുത്ത സൂപ്പര്‍ ഹീറോ പരിവേഷം ഇതിനോടകം ജയ്‌സ്വാളിന് ലഭിച്ചുകഴിഞ്ഞു.

എന്നാല്‍ ജയ്‌സ്വാളിന് മുന്നില്‍ ഇനിയും വെല്ലുവിളികളേറെയുണ്ടെന്നതിനാല്‍ ഇപ്പോള്‍ ലഭിക്കുന്ന അമിത പ്രശംസ താരത്തെ ബാധിക്കാനും സാധ്യതകളേറെ. പൃഥ്വി ഷാക്ക് സംഭവിച്ചത് ജയ്‌സ്വാളിന് സംഭവിക്കരുതെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യയുടെ അണ്ടര്‍ 19 ടീം നായകനായെത്തിയ പൃഥ്വി ഇന്ത്യക്കായുള്ള അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയോടെ കസറി. ആഭ്യന്തര ക്രിക്കറ്റിലും അദ്ദേഹം മികവ് കാട്ടി.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം വെടിക്കെട്ട് പ്രകടനം നടത്തി ശ്രദ്ധ നേടിയ പൃഥ്വിക്ക് പിന്നീട് സംഭവിച്ചത് എല്ലാവരും കണ്ടതാണ്. ഇന്ത്യയുടെ അടുത്ത നായകനെന്നും അടുത്ത വീരേന്ദര്‍ സെവാഗെന്നുമെല്ലാം വാഴ്ത്തപ്പെട്ട പൃഥ്വിക്ക് കരിയറില്‍ വലിയ തിരിച്ചടിയാണ് പിന്നീട് നേരിടേണ്ടി വന്നത്. ഇപ്പോള്‍ ഡല്‍ഹിയുടെ പ്ലേയിങ് 11 പോലും പൃഥ്വിക്ക് സ്ഥാനമില്ല. സാങ്കേതികമായി മികവുള്ള താരമാണെങ്കിലും സ്ഥിരതയില്ലായ്മ ബാധിക്കുന്നു.
ജയ്‌സ്വാള്‍ യുവതാരമാണ്. 21 വയസുമാത്രമാണ് പ്രായം. 17ാം വയസില്‍ മുംബൈക്കായി അരങ്ങേറ്റം കുറിച്ച ജയ്‌സ്വാള്‍ കളിച്ച ടൂര്‍ണമെന്റുകളിലെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. എന്നാല്‍ അടുത്ത സൂപ്പര്‍ താരമെന്ന പദവിയിലേക്ക് ഇപ്പോഴെ താരത്തെ ഉയര്‍ത്തുന്നത് ശരിയല്ല. അനാവശ്യ സമ്മര്‍ദ്ദം ജയ്‌സ്വാളിന്റെ കരിയറിനെ പിന്നോട്ടടിക്കാന്‍ സാധ്യത കൂടുതലാണ്. ഇപ്പോള്‍ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ താരത്തെ കളിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്.

ആദ്യമായാണ് ജയ്‌സ്വാള്‍ ഐപിഎല്ലില്‍ 500ലധികം റണ്‍സ് നേടുന്നത്. അവസാന സീസണില്‍ ശരാശരി പ്രകടനം മാത്രമാണ് ജയ്‌സ്വാള്‍ കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ജയ്‌സ്വാളിന്റെ പ്രകടനം കണ്ട് ഇന്ത്യയുടെ ടി20 ടീമിലേക്ക് പരിഗണിക്കണമെന്ന് പറയുന്നതില്‍ യുക്തിയില്ല. സമീപകാലത്ത് കളിച്ച ആഭ്യന്തര ക്രിക്കറ്റിലെല്ലാം തിളങ്ങാന്‍ ജയ്‌സ്വാളിനായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ജയ്‌സ്വാള്‍ അല്‍പ്പം കൂടി കാത്തിരിക്കുന്നതാണ് നല്ലത്.
2024ലെ ടി20 ലോകകപ്പിന് മുന്നോടിയായി ജയ്‌സ്വാളിന് ഇന്ത്യയുടെ ഓപ്പണിങ്ങിലേക്കെത്താന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ കഴിവുള്ളവനാണ് ജയ്‌സ്വാളെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇപ്പോള്‍ താരത്തിന് ലഭിക്കുന്ന അമിത പ്രംശയും സൂപ്പര്‍ താരങ്ങളുമായുള്ള താരതമ്യവുമെല്ലാം ജയ്‌സ്വാളിന്റെ പ്രകടനത്തിനെ ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ജയ്‌സ്വാളും നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. സ്പിന്‍ ജയ്‌സ്വാളിന് അല്‍പ്പം ദൗര്‍ബല്യം തന്നെയാണ്. പേസിനെ കടന്നാക്രമിച്ച് കളിക്കുന് ജയ്‌സ്വാളിന്റെ സ്പിന്നിനെതിരായ സ്‌ട്രൈക്കറേറ്റ് അത്ര മികച്ചതല്ല. അതുകൊണ്ട് തന്നെ താരം ഇക്കാര്യത്തില്‍ ശ്രദ്ധ നല്‍കേണ്ടതാണ്. ഫിറ്റ്‌നസിന്റെ കാര്യവും ജയ്‌സ്വാള്‍ പ്രത്യേകം ശ്രദ്ധിക്കണം. പൃഥ്വി ഷാ തന്റെ കരിയര്‍ നശിപ്പിച്ചത് ഫിറ്റ്‌നസ് ശ്രദ്ധിക്കാത്തതിനാലാണെന്ന് പറയാം.
അതുകൊണ്ട് തന്നെ പൃഥ്വിക്ക് സംഭവിച്ചത് ജയ്‌സ്വാളിന് സംഭവിക്കരുത്. ജയ്‌സ്വാളിനെക്കൂടാതെ റിങ്കു സിങ്, തിലക് വര്‍മ എന്നിവരും അധികം വൈകാതെ ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിക്കുന്നവരാണ്. ഇവരെല്ലാം അമിത പ്രശംസകള്‍ക്ക് കീഴ്‌പ്പെട്ട് കരിയര്‍ നശിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.