ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ പ്ലേ ഓഫിലേക്കടുക്കവെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ച അവസ്ഥയിലാണുള്ളത്. നിര്‍ണ്ണായക മത്സരത്തില്‍ ആര്‍സിബിയോട് തോറ്റത് രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കടുത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ്. 13 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി നിലവില്‍ ആറാം സ്ഥാനത്താണ് രാജസ്ഥാന്‍.
ഒരു മത്സരം ശേഷിക്കെ രാജസ്ഥാന്‍ പ്ലേ ഓഫിലേക്കെത്താന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം. ആര്‍സിബിയോട് സ്വന്തം മൈതാനത്താണ് രാജസ്ഥാന്‍ തകര്‍ന്നടിഞ്ഞത്. ഇതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതയെ ഇത് കാര്യമായി സ്വാധീനിക്കുകയും ചെയ്തു. ഇത്തവണത്തെ രാജസ്ഥാന്റെ തോല്‍വിയില്‍ സഞ്ജു സാംസണെന്ന നായകന് വലിയ പങ്കുണ്ട്. അവസാന സീസണില്‍ റണ്ണറപ്പുകളായ രാജസ്ഥാന്‍ ഇത്തവണ നന്നായി തന്നെ തുടങ്ങി.

എന്നാല്‍ ടൂര്‍ണമെന്റ് പുരോഗമിക്കവെ രാജസ്ഥാന്റെ പ്രകടനം മോശമായി. കരുത്തുറ്റ താരനിരയുണ്ടായിട്ടും രാജസ്ഥാന് അവസരത്തിനൊത്തുയരാന്‍ സാധിക്കാതെ പോയി. അനായാസമായി പ്ലേ ഓഫില്‍ കടക്കുമെന്ന് തോന്നിച്ചിടത്തുനിന്ന് ഇപ്പോള്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന അവസ്ഥയിലേക്ക് രാജസ്ഥാന്‍ എത്തിയിരിക്കുകയാണ്. നായകനെന്ന നിലയില്‍ സഞ്ജുവിന്റെ മൂന്ന് ദൗര്‍ബല്യങ്ങള്‍ എങ്ങനെയാണ് ടീമിനെ ബാധിച്ചതെന്ന് വിലയിരുത്താം.
സഞ്ജു ഭാഗ്യത്തില്‍ മാത്രം വിശ്വസിക്കുന്ന നായകനാണ്. മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ചല്ല അദ്ദേഹം കളിക്കുന്നത്. തന്റെ വെടിക്കെട്ട് ശൈലി എപ്പോഴും പിന്തുടരുന്ന സഞ്ജു കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി എന്ന രീതിയാണ്. സഞ്ജുവിന്റെ പല തീരുമാനങ്ങളും ഇത്തരത്തിലുള്ളതാണ്. അനാവശ്യ പരീക്ഷണങ്ങള്‍ താരം നടത്താനുള്ള കാരണവും ഇതാണ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ തോറ്റത് സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയുടെ പിഴവ് എടുത്തുകാട്ടുന്നതാണ്. ഒബെഡ് മെക്കോയ് ഉണ്ടായിട്ടും കുല്‍ദീപ് യാദവിനെ 19ാം ഓവര്‍ ഏല്‍പ്പിച്ച സഞ്ജു തോല്‍വി ചോദിച്ചുവാങ്ങുന്നതായിരുന്നു. ഇത്തരത്തില്‍ ബുദ്ധിപൂര്‍വ്വം തീരുമാനമെടുക്കാതെ അനാവശ്യ പരീക്ഷണം നടത്തുന്നത് സഞ്ജുവിന്റെ ദൗര്‍ബല്യമാണ്. സഞ്ജുവിന്റെ മോശം തീരുമാനം കാരണം ഒന്നിലധികം മത്സരങ്ങള്‍ രാജസ്ഥാന്‍ തോറ്റു.

സാഹചര്യം മനസിലാക്കി പെട്ടെന്ന് തീരുമാനമെടുക്കാന്‍ സഞ്ജുവിന് സാധിക്കാത്തത് നായകനെന്ന നിലയിലെ വലിയ കുറവാണ്. രണ്ടാമത്തെ പ്രശ്‌നം ബാറ്റിങ്ങാണ്. നായകന്‍ ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് നയിക്കുന്നവനാകണം. എന്നാല്‍ സഞ്ജുവിനത് സാധിക്കുന്നില്ല. നിര്‍ണ്ണായകമായ സമയത്ത് ഉത്തരവാദിത്തമില്ലാതെ ബാറ്റ് ചെയ്താണ് സഞ്ജു വിക്കറ്റ് തുലക്കുന്നത്. ഏറ്റവും ഒടുവിലായി ആര്‍സിബിയോടും സഞ്ജു നിരാശപ്പെടുത്തി.
രണ്ട് ഓപ്പണര്‍മാര്‍ ഡെക്കിന് പുറത്തായ സാഹചര്യത്തില്‍ നായകനെന്ന നിലയില്‍ ഉത്തരവാദിത്തമേറ്റെടുത്ത് നിലയുറപ്പിച്ച് കളിക്കാനായിരുന്നു സഞ്ജു ശ്രമിക്കേണ്ടിയിരുന്നത്. എന്നാല്‍ യാതൊരു ഉത്തരാവാദിത്തവുമില്ലാതെ വലിയ ഷോട്ടിന് ശ്രമിച്ച് താരം പുറത്തായി. ഇതോടെ ടീം കൂട്ടത്തകര്‍ച്ചയിലേക്ക് പോവുകയും ചെയ്തു. സഞ്ജു തന്റെ വെടിക്കെട്ട് ബാറ്റിങ് ശൈലിയില്‍ ഉറച്ചുനില്‍ക്കുന്നതാണ് നല്ലതെങ്കിലും സാഹചര്യത്തിനനുസരിച്ച് കളിക്കേണ്ടതായുണ്ട്.
നായകനെന്ന നിലയില്‍ സഞ്ജുവിന് ബാറ്റിങ്ങില്‍ ഉത്തരവാദിത്തമില്ല. ഇതുവരെ സഞ്ജു മികച്ച നിലയില്‍ ഫിനിഷ് ചെയ്ത മത്സരം ഇല്ലെന്ന് തന്നെ പറയാം. അവസാനംവരെ നിന്ന് വിജയിപ്പിക്കാന്‍ എംഎസ് ധോണി, രോഹിത് ശര്‍മസ, വിരാട് കോലി ഉള്‍പ്പെടെയുള്ളവരെ സഞ്ജു മാതൃകയാക്കേണ്ടതാണ്. കെകെആര്‍ ഇത്തവണ നായകസ്ഥാനത്തേക്കെത്തിച്ച നിധീഷ് റാണ പോലും ടീമിനായി ഉറച്ച് നിന്ന് വിജയത്തിലേക്കെത്തിക്കുന്നു.
എന്നാല്‍ ഇപ്പോഴും സഞ്ജുവിനത് സാധിക്കുന്നില്ല. അത് നായകനെന്ന നിലയിലെ വലിയ കുറവുതന്നെയാണ്. മറ്റൊരു പ്രധാന പ്രശ്‌നം ടീമില്‍ ആക്രമണോത്സകത സൃഷ്ടിക്കാനാവുന്നില്ല. വളരെ തണുത്ത ശരീര ഭാഷയാണ് സഞ്ജുവും സംഘവും മൈതാനത്ത് കാട്ടുന്നത്. ഇത് എതിരാളികള്‍ക്ക് കൂടുതല്‍ മാനസിക മുന്‍തൂക്കം നല്‍കുന്നു. നായകനെന്ന നിലയില്‍ ആക്രമണോത്സകതയോടെ സഹതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കണം. സഞ്ജുവിനത് സാധിക്കുന്നില്ലെന്ന് തന്നെ പറയാം.