മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ വലിയ കിരീട പ്രതീക്ഷ നല്‍കിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ ചാമ്പ്യന്മാരായ രോഹിത് ശര്‍മയും സംഘവും ഇത്തവണ പ്ലേ ഓഫിലേക്കെത്തുകയും എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പ്പിച്ച് രണ്ടാം ക്വാളിഫയറിലേക്കെത്തുകയും ചെയ്തു. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റാണ് മുംബൈ പുറത്തായത്.
ബൗളര്‍മാരുടെ മോശം പ്രകടനമാണ് രോഹിത്തിനെയും സംഘത്തെയും തളര്‍ത്തിയത്. ജസ്പ്രീത് ബുംറയുടെയും ജോഫ്രാ ആര്‍ച്ചറുടെയും പരിക്ക് മുംബൈയെ പിന്നോട്ടടിച്ചു. മികച്ച പല ബാറ്റിങ് പ്രകടനങ്ങളും മുംബൈ കാഴ്ചവെച്ചെങ്കിലും കപ്പിലേക്കെത്താനായില്ല. ഇത്തവണ മുംബൈ ചില താരങ്ങളെ വേണ്ടവിധം ഉപയോഗിച്ചില്ലെന്ന് പറയാം. ഇത്തരത്തില്‍ അര്‍ഹിച്ച അവസരം ലഭിക്കാതെ പോയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

വിഷ്ണു വിനോദാണ് ഒന്നാമത്തെ താരം. മലയാളിയായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് ആവിശ്യത്തിന് അവസരം മുംബൈ ടീമില്‍ ലഭിച്ചില്ല. ടി20യില്‍ 49 ഇന്നിങ്‌സില്‍ നിന്ന് 138 സ്‌ട്രൈക്കറേറ്റില്‍ 1228 റണ്‍സാണ് വിഷ്ണു നേടിയത്. മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് നിര വളരെ ശക്തമാണ്. അതുകൊണ്ട് തന്നെ വിഷ്ണുവിന് അധികം അവസരം ലഭിക്കാതെ പോവുകയായിരുന്നു. മൂന്ന് മത്സരം കളിച്ച താരം 37 റണ്‍സാണ് നേടിയത്. വിഷ്ണു കൂടുതല്‍ അവസരം അര്‍ഹിച്ചിരുന്നു.
റില്ലി മെറീഡത്താണ് മറ്റൊരു താരം. മുംബൈ ഇന്ത്യന്‍സ് ക്രിസ് ജോര്‍ദാന് തുടര്‍ച്ചയായി അവസരം നല്‍കിയപ്പോഴും റില്ലിക്ക് ആവിശ്യത്തിന് അവസരം നല്‍കിയില്ല. അഞ്ച് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റാണ് താരം നേടിയത്. 10ന് മുകളിലായിരുന്നു ഇക്കോണമി. ഇതോടെയാണ് മെറീഡത്തിനെ മുംബൈ പുറത്തിരുത്തിയത്. എന്നാല്‍ ജോര്‍ദാനെക്കാള്‍ ഭേദപ്പെട്ട താരം മെറീഡത്തായിരുന്നു.
ജോര്‍ദാന്‍ തല്ലുവാങ്ങിക്കൂട്ടുമ്പോള്‍ മെറീഡത്ത് ബെഞ്ചിലിരുന്നത് മുംബൈക്ക് പറ്റിയ പിഴവാണെന്ന് പറയാം. മൂന്നാമത്തെ താരമാണ് ട്രിസ്റ്റന്‍ സ്റ്റബ്‌സ്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ സ്റ്റബ്‌സ് തകര്‍പ്പന്‍ ഫീല്‍ഡറുമാണ്. സമീപകാല ഫോം അല്‍പ്പം മോശമാണെങ്കിലും ടി20യില്‍ വെടിക്കെട്ട് കാഴ്ചവെക്കാന്‍ കഴിവുള്ളവനാണ് സ്റ്റബ്‌സ്. പക്ഷെ മുംബൈ ആവിശ്യത്തിന് പിന്തുണ താരത്തിന് നല്‍കിയില്ല.
സീസണില്‍ രണ്ട് മത്സരം മാത്രം കളിച്ച താരം 25 റണ്‍സാണ് ആകെ നേടിയത്. കൂടുതല്‍ അവസരം അര്‍ഹിച്ച താരമാണ് സ്റ്റബ്‌സെന്ന് തന്നെ പറയാം. മറ്റൊരു താരം ഡെവാള്‍ഡ് ബ്രെവിസാണ്. ബേബി എബിയെന്ന് അറിയപ്പെടുന്ന ബാറ്റ്‌സ്മാന്‍ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ളവനാണ്. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് ബ്രെവിസെന്ന് പറയാം. ദക്ഷിണാഫ്രിക്ക ടി20 ലീഗില്‍ മുംബൈ കേപ് ടൗണായി 10 മത്സരത്തില്‍ നിന്ന് 235 റണ്‍സാണ് താരം നേടിയത്.

എന്നാല്‍ മുംബൈ ഒറ്റ മത്സരത്തില്‍ പോലും താരത്തിന് അവസരം നല്‍കിയിട്ടില്ല. സീസണിലുടെനീളം ബെഞ്ചിലിരുന്ന ദൗര്‍ഭാഗ്യവാനായ താരമാണ് ബ്രെവിസ്. ആദ്യ മത്സരങ്ങളില്‍ മുംബൈയുടെ ഓപ്പണര്‍മാര്‍ക്ക് വലിയ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. ആ സമയത്ത് പകരക്കാരനായി ബ്രെവിസിനെ പ്രതീക്ഷിച്ചിരുന്നെങ്കിലും താരത്തിന് അവസരം ലഭിച്ചില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.
പേസര്‍ ആകാശ് മധ് വാളാണ് മറ്റൊരു താരം. ഈ സീസണില്‍ അഞ്ച് വിക്കറ്റ് പ്രകടനമടക്കം നടത്തി മികവ് കാട്ടാന്‍ ആകാശിന് സാധിച്ചിരുന്നു. എന്നാല്‍ മുംബൈ എല്ലാ മത്സരങ്ങളിലും ആകാശിനെ പരിഗണിച്ചിരുന്നില്ല. എട്ട് മത്സരത്തില്‍ നിന്ന് 14 വിക്കറ്റാണ് യുവതാരം നേടിയത്. ആദ്യ മത്സരം മുതല്‍ അവസരം അര്‍ഹിച്ചിരുന്ന താരമാണ് ആകാശെന്ന് പറയാം. പക്ഷെ വൈകിയാണ് മുംബൈ താരത്തെ പരിഗണിച്ചത്.
ആകാശിനെ ബെഞ്ചിലിരുത്തിയത് മുംബൈ കാട്ടിയ അബദ്ധമാണ്. ആദ്യ മത്സരം മുതല്‍ മുംബൈ പരിഗണിച്ചിരുന്നെങ്കില്‍ ലീഗ് ഘട്ടത്തില്‍ കൂടുതല്‍ ജയങ്ങള്‍ നേടിയെടുക്കാന്‍ മുംബൈക്ക് ചിലപ്പോള്‍ സാധിക്കുമായിരുന്നു. എന്നാല്‍ മുംബൈ ആദ്യ മത്സരങ്ങളില്‍ ആകാശിനെ ഉപയോഗിക്കാന്‍ തയ്യാറായില്ല.