മുംബൈ: ലോക ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലെ മുന്‍നിരക്കാരനാണ് വീരേന്ദര്‍ സെവാഗ്. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത സെവാഗ് ഇന്ത്യക്കായി മാത്രമല്ല ഐപിഎല്ലിലും തകര്‍പ്പന്‍ റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുള്ള താരമാണ്. ഓപ്പണറായി ഇറങ്ങി തല്ലിത്തകര്‍ക്കുന്ന സെവാഗ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കായാണ് ഐപിഎല്‍ കളിച്ചിട്ടുള്ളത്.
ഐപിഎല്ലില്‍ രണ്ട് തവണ സെഞ്ച്വറി നേടിയിട്ടുള്ള സെവാഗ് താന്‍ സിഎസ്‌കെയ്‌ക്കെതിരേ സെഞ്ച്വറി നേടാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. പഞ്ചാബ് കിങ്‌സിനായി കളിക്കുമ്പോള്‍ സിഎസ്‌കെയ്‌ക്കെതിരേ സെഞ്ച്വറി നേടിയത് മകനുവേണ്ടിയാണെന്നാണ് സെവാഗിന്റെ വെടിപ്പെടുത്തല്‍. മകനെ സ്‌കൂളില്‍ കളിയാക്കിയതിന്റെ പേരില്‍ സെഞ്ച്വറി നേടിയ കഥ വീരു വെളിപ്പെത്തിയത് ഇങ്ങനെയാണ്.

'സിഎസ്‌കെയ്‌ക്കെതിരേ സെഞ്ച്വറി നേടിയത് എപ്പോഴും എനിക്ക് സവിശേഷമായതാണ്. മറക്കാനാവാത്ത നേട്ടമാണിത്. ഈ മത്സരത്തിന് മുമ്പ് എനിക്ക് അധികം റണ്‍സ് നേടാന്‍ സാധിച്ചിരുന്നില്ല. സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് എന്റെ മകന്‍ ഫോണില്‍ വിളിച്ചു. ഡാഡ് നിങ്ങള്‍ക്ക് റണ്‍സ് നേടാനാവാത്തതില്‍ എന്റെ കൂട്ടുകള്‍ കളിയാക്കുന്നു എന്ന് എന്നോട് പറഞ്ഞു. അവനുവേണ്ടി എനിക്ക് റണ്‍സ് നേടണമായിരുന്നു.
സിഎസ്‌കെയ്‌ക്കെതിരേ 122 റണ്‍സടിച്ചതോടെ മകന്‍ വളരെ സന്തോഷവാനായി. ചെന്നൈ വലിയ ടീമാണ്. ഒറ്റയാള്‍ പ്രകടനം കൊണ്ട് മാത്രം തോല്‍പ്പിക്കാന്‍ സാധിക്കുന്ന നിരയല്ല അവരുടേത്. ഞങ്ങളെക്കാലും മികച്ച നിരയായിരുന്നു അവരുടേത്. എന്നാല്‍ ടി20യുടെ സവിശേഷത ഇതാണ്. ഒരു താരത്തിന്റെ പ്രകടനംകൊണ്ട് ശക്തരായ എതിര്‍ ടീമിനെ തോല്‍പ്പിക്കാന്‍ സാധിക്കും'- സെവാഗ് പറഞ്ഞു.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി 58 പന്തിലാണ് സെവാഗ് 122 റണ്‍സ് നേടിയത്. 12 ഫോറും 8 സിക്‌സും സെവാഗ് പറത്തി. 210.34 സ്‌ട്രൈക്കറേറ്റില്‍ കളിച്ച സെവാഗിന്റെ പ്രകടനംകൊണ്ട് ആറ് വിക്കറിറ്റിന് 226 എന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ പഞ്ചാബിനായി. മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്കായി സുരേഷ് റെയ്‌ന 25 പന്തില്‍ 87 റണ്‍സാണ് അടിച്ചെടുത്തത്.
348 സ്‌ട്രൈക്കറേറ്റില്‍ തകര്‍ത്തടിച്ച റെയ്‌ന 12 ഫോറും ആറ് സിക്‌സുമാണ് പറത്തിയത്. മത്സരത്തില്‍ റെയ്‌ന റണ്ണൗട്ടായത് സിഎസ്‌കെയ്ക്ക് തിരിച്ചടിയായി മാറി. എംഎസ് ധോണി 31 പന്തില്‍ 42* റണ്‍സുമായി പുറത്താവാതെ നിന്നെങ്കിലും ഏഴ് വിക്കറ്റിന് 202 റണ്‍സെടുക്കാനെ സിഎസ്‌കെയ്ക്ക് സാധിച്ചുള്ളൂ. 23 റണ്‍സിന്റെ ആവേശ ജയം പഞ്ചാബ് സ്വന്തമാക്കുകയും ചെയ്തു.

ഇത്തരം വലിയ ടീമുകള്‍ക്കെതിരേ വിജയം നേടുന്നത് ഏത് ടീമിനും കപ്പിലേക്കെത്താന്‍ കരുത്ത് പകരുമെന്നാണ് സെവാഗ് പറയുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന്റെ ജയത്തെ സെവാഗ് പ്രശംസിക്കുകയും ചെയ്തു. 'പ്രയാസമുള്ള മത്സരങ്ങളില്‍ വലിയ ടീമുകള്‍ക്കെതിരേ വിജയം നേടുമ്പോള്‍ ആത്മവിശ്വാസം സ്വാഭാവികമായും ഉയരും.
ജയ്‌സ്വാളും ബട്‌ലറും തുടക്കത്തിലേ പുറത്തായപ്പോഴും സഞ്ജുവും ഹെറ്റ്‌മെയറും ചേര്‍ന്ന് വിജയം നേടിയെടുക്കുകയായിരുന്നു. ഈ ജയം അവരെ പ്ലേ ഓഫിലേക്കെത്തിക്കാന്‍ ആത്മധൈര്യം നല്‍കും. ഫൈനലിലേക്കെത്തിയാല്‍ കപ്പിലേക്കെത്താനും ഈ ജയം അവരെ സഹായിച്ചേക്കും. ഞാന്‍ എപ്പോഴും ആരാധകരെ സന്തോഷിപ്പിക്കാനാണ് ശ്രമിക്കാറ്. കാരണം ഐപിഎല്‍ ആരാധകരെ സന്തോഷിപ്പിക്കേണ്ട ലീഗാണ്.
മറ്റ് ലീഗുകള്‍ നടത്തുന്നതിന് പിന്നില്‍ പല ഉദ്ദേശങ്ങളും കാണും. എന്നാല്‍ ഐപിഎല്‍ നടത്തുന്നതിന് പിന്നില്‍ ആരാധകരെ സന്തോഷിപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യം'- സെവാഗ് കൂട്ടിച്ചേര്‍ത്തു. 104 ഐപിഎല്ലില്‍ നിന്ന് 2728 റണ്‍സാണ് സെവാഗ് നേടിയത്. രണ്ട് സെഞ്ച്വറിയും 16 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. വിരമിച്ച ശേഷം പഞ്ചാബ് കിങ്‌സിന്റെ പരിശീലകനായും സെവാഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്.