മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമായി ഡല്‍ഹി ക്യാപിറ്റല്‍സ് മാറിയിരിക്കുകയാണ്. കളിച്ച മൂന്ന് മത്സരത്തിലും ടീം ദയനീയമായി തോറ്റു. വമ്പന്മാരുടെ നിരയാണെങ്കിലും ഒരു മികച്ച പോരാട്ടം പോലും കാഴ്ചവെക്കാന്‍ ഡേവിഡ് വാര്‍ണര്‍ക്കും സംഘത്തിനും സാധിച്ചിട്ടില്ല. റിഷഭ് പന്തിന്റെ അഭാവം ടീമിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് പറയാം.
ടീം സ്‌കോറിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ഡല്‍ഹി നിരയില്‍ ആര്‍ക്കും സാധിക്കുന്നില്ലെന്നതാണ് വസ്തുത. നായകനെന്ന നിലയില്‍ ഡേവിഡ് വാര്‍ണര്‍ക്ക് മുന്നില്‍ നിന്ന് നയിക്കാനാവുന്നില്ല. റണ്‍സ് നേടുന്നുണ്ടെങ്കിലും വമ്പനടി കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. വാര്‍ണറുടെ സ്‌ട്രൈക്കറേറ്റാണ് പ്രശ്‌നം. ഇപ്പോഴിതാ വാര്‍ണറുടെ ബാറ്റിങ്ങിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വീരേന്ദര്‍ സെവാഗ്.

ഇങ്ങനെയാണെങ്കില്‍ വാര്‍ണര്‍ ഐപിഎല്‍ കളിക്കാന്‍ ഇന്ത്യയിലേക്ക് വരണ്ടെന്നാണ് സെവാഗ് അഭിപ്രായപ്പെട്ടത്. 'വാര്‍ണര്‍ നിങ്ങള്‍ ഇത് കേള്‍ക്കുന്നുണ്ടെന്നാണ് കരുതുന്നത്. ദയവായി നന്നായിട്ട് ബാറ്റ് ചെയ്യൂ. 25 പന്തിലെങ്കിലും 50 നേടാന്‍ ശ്രമിക്കൂ. യശ്വസി ജയ്‌സ്വാളിനെപ്പോലെ ബാറ്റ് ചെയ്യൂ. നിങ്ങള്‍ക്കതിന് സാധിക്കുന്നില്ലെങ്കില്‍ ഇന്ത്യയിലേക്ക് വരാതിരിക്കാനും ഐപിഎല്‍ കളിക്കാതിരിക്കാനും ശ്രമിക്കൂ'-സെവാഗ് പറഞ്ഞു.
മുന്‍ ഡല്‍ഹി താരമായിരുന്ന സെവാഗിന് ഡല്‍ഹിയുടെ പ്രകടനത്തില്‍ നിരാശയാണുള്ളത്. അദ്ദേഹമത് തുറന്ന് പറയുകയും ചെയ്തു. ഓപ്പണറായി ഇറങ്ങുന്ന വാര്‍ണര്‍ക്ക് സഹതാരങ്ങളുടെ പിന്തുണയില്ലാത്തതിനാലാണ് മെല്ലപ്പോക്ക് ബാറ്റിങ് നടത്തേണ്ടി വരുന്നത്. പൃഥ്വി ഷായും മിച്ചല്‍ മാര്‍ഷും പവര്‍പ്ലേക്കുള്ളില്‍ത്തന്നെ പുറത്താവുന്നതോടെ വാര്‍ണര്‍ക്ക് നിലയുറപ്പിച്ച് കളിക്കേണ്ടി വരുന്നു. ഇതോടെ സ്‌ട്രൈക്കറേറ്റ് മോശമാവുന്നു.

മൂന്ന് മത്സരങ്ങളില്‍ നിന്ന് 52.67 ശരാശരിയില്‍ 158 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഇതില്‍ രണ്ട് ഫിഫ്റ്റിയും ഉള്‍പ്പെടും. നിലവിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് വാര്‍ണര്‍. എന്നാല്‍ സ്‌ട്രൈക്കറേറ്റ് 117.03 ആണെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ഡല്‍ഹിയുടെ മറ്റ് താരങ്ങള്‍ അവസരത്തിനൊത്ത് ഉയരേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. പ്രധാനമായും പൃഥ്വി ഷാ. വെടിക്കെട്ട് ഓപ്പണര്‍ മൂന്ന് മത്സരത്തിലും നിരാശപ്പെടുത്തി.
അവസാന മത്സരത്തില്‍ ഇംപാക്ട് പ്ലയറായെത്തി ഗോള്‍ഡന്‍ ഡെക്കായാണ് പൃഥ്വി പുറത്തായത്. മധ്യനിരയിലും പ്രശ്‌നങ്ങളേറെ. ഇതോടെ ടീം സ്‌കോറിന് ഒച്ചിഴയുന്ന വേഗമാവുന്നു. ഡല്‍ഹിയുടെ സ്‌കോര്‍ബോര്‍ഡുയര്‍ത്താന്‍ നിലവിലെ താരങ്ങളിലാര്‍ക്കും സാധിക്കുന്നില്ല. പ്ലേയിങ് 11ല്‍ മാറ്റം വരുത്തിയിട്ടും ഡല്‍ഹിക്ക് മികച്ച സ്‌കോറിലേക്കെത്താന്‍ സാധിക്കുന്നില്ല.
രാജസ്ഥാന്‍ റോയല്‍സിനെതിരേ മനീഷ് പാണ്ഡെയെ പരിഗണിച്ചപ്പോള്‍ താരം ഡെക്കിനാണ് പുറത്തായത്. റില്ലി റൂസോ, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ വമ്പനടിക്കാരാണ്. മാര്‍ഷ് അവസാന ഇന്ത്യന്‍ പരമ്പരയിലടക്കം തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ചിരുന്നു. എന്നാല്‍ ഡല്‍ഹിക്കൊപ്പം തിളങ്ങാനാവുന്നില്ല. ഇത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നു. വെടിക്കെട്ട് ഫിനിഷറായ റോവ്മാന്‍ പവരും ഫ്‌ളോപ്പ്.

ഖലീല്‍ അഹമ്മദ്, ആന്‍ റിച്ച് നോക്കിയേ, മുകേഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പേസ് നിരയും ശോകം. അക്ഷര്‍ പട്ടേല്‍ സ്പിന്നറെന്ന നിലയില്‍ നിരാശപ്പെടുത്തുന്നു. കുല്‍ദീപ് യാദവിനും ശരാശരിക്ക് മുകളിലോട്ട് ഉയരാന്‍ സാധിക്കുന്നില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മെച്ചപ്പെടാത്ത പക്ഷം ഡല്‍ഹിക്ക് കാര്യങ്ങള്‍ പ്രയാസമാവുമെന്നുറപ്പ്.
ഡല്‍ഹിക്ക് തിരിച്ചുവരാന്‍ വാര്‍ണര്‍-പൃഥ്വി ഓപ്പണിങ് മെച്ചപ്പെടേണ്ടതായുണ്ട്. പൃഥ്വിയെ മാറ്റിനിര്‍ത്തി വാര്‍ണര്‍-മാര്‍ഷ് ഓപ്പണിങ് കൂട്ടുകെട്ട് ഡല്‍ഹിക്ക് പരിഗണിക്കാവുന്നതാണ്. ലളിത് യാദവ് മധ്യനിരയില്‍ തിളങ്ങുന്ന താരമാണ്. എന്നാല്‍ ബൗളര്‍മാരില്‍ നിന്ന് കൂടുതല്‍ പിന്തുണയും വേണം. റിഷഭിന്റെ അഭാവം നികത്തുന്ന അഭിഷേക് പോറലിനും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഡല്‍ഹിക്ക് മുന്നോട്ടുള്ള യാത്ര കടുപ്പം.