ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലേക്കുള്ള വരവ് രാജകീയമാക്കിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. തട്ടകത്തില്‍ ആദ്യ മത്സരത്തിനിറങ്ങിയ ആര്‍സിബി മുംബൈയെ എട്ട് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രകടനമാണ് ആര്‍സിബി നടത്തിയത്. മുംബൈയുടെ പേരുകേട്ട ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കിയതിന് പിന്നാലെ ബൗളര്‍മാരെ തല്ലിക്കരയിക്കാനും ആര്‍സിബിക്ക് സാധിച്ചു.
വിരാട് കോലിയുടെയും (82*) ഫഫ് ഡുപ്ലെസിസിന്റെയും (73) ബാറ്റിങ് പ്രകടനങ്ങളാണ് ആര്‍സിബിക്ക് കരുത്ത് പകര്‍ന്നത്. രണ്ട് പേരും മത്സരിച്ച് ബാറ്റ് ചെയ്തപ്പോള്‍ മുംബൈ ബൗളര്‍മാര്‍ക്ക് ഉത്തരമില്ലാതെ പോയി. ഇതില്‍ ജോഫ്രാ ആര്‍ച്ചറെ കോലി അടിച്ച് കൂട്ടിയതാണ് ആരാധകരെ കൂടുതല്‍ സന്തോഷിപ്പിച്ചത്. ജസ്പ്രീത് ബുംറയുടെ അഭാവം നികത്തുമെന്ന് മുംബൈ ഇന്ത്യന്‍സ് കരുതിയ താരമാണ് ആര്‍ച്ചര്‍. ആദ്യ പന്തില്‍ത്തന്നെ കോലിയുടെ റിട്ടേണ്‍ ക്യാച്ച് ആര്‍ച്ചര്‍ നഷ്ടപ്പെടുത്തി.

പിന്നീട് ആര്‍ച്ചര്‍ക്ക് മുകളില്‍ കോലിയുടെ സംഹാരതാണ്ഡവമാണ് കണ്ടത്. രണ്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 28 റണ്‍സാണ് കോലി അടിച്ചെടുത്തത്. ആര്‍ച്ചറുടെ 17 പന്തുകള്‍ നേരിട്ട കോലി 165ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലാണ് റണ്‍സടിച്ചത്. ആര്‍ച്ചറെ ആദ്യ ഓവറുകളില്‍ നിലത്ത് നിര്‍ത്താന്‍ കോലി സമ്മതിച്ചില്ല. ആര്‍ച്ചര്‍ തല്ലുവാങ്ങിയതോടെ മുംബൈയുടെ മറ്റ് ബൗളര്‍മാരും സമ്മര്‍ദ്ദത്തിലായി. ഇംപാക്ട് പ്ലയറായി മുംബൈ കളത്തിലിറക്കിയ ജേസന്‍ ബെഹറന്‍ഡോര്‍റും നന്നായി തല്ലുവാങ്ങി.
മൂന്ന് ഓവറില്‍ 37 റണ്‍സാണ് അദ്ദേഹം വഴങ്ങിയത്. ഒരു വിക്കറ്റ് പോലും നേടാനായുമില്ല. മൂന്ന് ഫോറും മൂന്ന് സിക്‌സുമാണ് ബെഹറന്‍ഡോര്‍ഫ് വഴങ്ങിയത്. ഫഫ് ഡുപ്ലെസിസാണ് ബെഹറന്‍ഡോര്‍ഫിനെ കൂടുതല്‍ പ്രഹരിച്ചത്. ആദ്യം ആക്രമിച്ച് തുടങ്ങിയത് ഫഫ് ഡുപ്ലെസിസായിരുന്നു. 43 പന്തില്‍ അഞ്ച് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 73 റണ്‍സാണ് ആര്‍സിബി നായകന്‍ നേടിയത്. 169.76 സ്‌ട്രൈക്കറേറ്റിലാണ് ഡുപ്ലെസിസ് ബാറ്റ് വീശിയത്.

ഡുപ്ലെസിസ് പുറത്താവുമ്പോള്‍ 148 എന്ന വിജയത്തിനോട് തൊട്ടടുത്തേക്കെത്താന്‍ ആര്‍സിബിക്ക് സാധിച്ചു. പതിയെ തുടങ്ങിയ കോലി പിന്നീട് കത്തിക്കയറുകയായിരുന്നു. 7, 68 റണ്‍സില്‍ ലൈഫ് ലഭിച്ചതും കോലിക്ക് കരുത്തായി. 49 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെയാണ് കോലി 82 റണ്‍സടിച്ചത്. ക്ലാസിക് ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താന്‍ കോലിക്കായി. ആര്‍സിബി ആരാധകരുടെ ആര്‍പ്പുവിളികള്‍ വലിയ പ്രചോദനമായെന്ന് മത്സരശേഷം കോലി പ്രതികരിച്ചു.
ജോഫ്രാ ആര്‍ച്ചറെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ജസ്പ്രീത് ബുംറയുടെ വിടവ് നികത്തേണ്ടത് ആര്‍ച്ചറുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ആര്‍ച്ചര്‍ക്ക് പഴയ മൂര്‍ച്ചയില്ലെന്നാണ് ആദ്യ മത്സരത്തിലെ പ്രകടനത്തില്‍ നിന്ന് വ്യക്തമാവുന്നത്. റണ്‍റേറ്റ് പിടിച്ചുനിര്‍ത്തുന്നതില്‍ ആര്‍ച്ചര്‍ പരാജയമാണ്. എന്നാല്‍ പവര്‍പ്ലേയില്‍ തല്ലുവാങ്ങിയതിന് ശേഷം ഡെത്ത് ഓവറില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ആര്‍ച്ചര്‍ക്ക് സാധിച്ചിരുന്നു.

ഇത്തവണത്തെ മുംബൈയുടെ കുതിപ്പിന് വലിയ കരുത്ത് പകരേണ്ടത് ആര്‍ച്ചറാണ്. എന്നാല്‍ താരത്തിന്റെ നിലവിലെ പ്രകടനം ടീമിന് ആത്മവിശ്വാസം നല്‍കുന്നതല്ല. യോര്‍ക്കറുകളിലൂടെയും കില്ലര്‍ ബൗണ്‍സറുകളിലൂടെയും വിറപ്പിക്കുന്ന ആര്‍ച്ചറുടെ പഴയ മികവ് വരുന്ന മത്സരങ്ങളില്‍ ഉണ്ടാവാത്ത പക്ഷം അവസാന സീസണിലെ തകര്‍ച്ച മുംബൈ ആവര്‍ത്തിക്കാന്‍ സാധ്യത കൂടുതലാണ്. ബുംറയുടെ അഭാവം മുംബൈയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് രോഹിത് ശര്‍മ തന്നെ മത്സരശേഷം തുറന്ന് പറഞ്ഞിരുന്നു.
മുംബൈയുടെ ബാറ്റിങ് നിരയില്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ആദ്യ മത്സരത്തില്‍ ശോകമായിരുന്നു. ഇവര്‍ പെട്ടെന്ന് ഫോമിലേക്കെത്തുമെന്ന പ്രതീക്ഷയുമില്ല. അതുകൊണ്ട് തന്നെ മുംബൈക്ക് കാര്യങ്ങള്‍ കടുപ്പം. അതേ സമയം അവസാന സീസണില്‍ പ്ലേ ഓഫ് കളിച്ച ആര്‍സിബി ഇത്തവണയും പ്രതീക്ഷ നല്‍കുന്നു. ആര്‍സിബി ബൗളര്‍മാര്‍ മികവ് കാട്ടിയത് ടീമിന് വലിയ ആത്മവിശ്വാസം നല്‍കുമെന്നുറപ്പ്.