ബംഗളൂരു: ആധുനിക ക്രിക്കറ്റിലെ രാജാവാണ് വിരാട് കോലി. മൂന്ന് ഫോര്‍മാറ്റിലും കോലിയോളം മികവ് കാട്ടുന്ന മറ്റൊരു ബാറ്റ്‌സ്മാനുമില്ലെന്ന് പറയാം. ഐപിഎല്ലില്‍ ഇതിഹാസങ്ങളായ നിരവധി പേര്‍ കളിച്ചിട്ടും റണ്‍വേട്ടക്കാരിലും സെഞ്ച്വറി നേട്ടക്കാരിലുമെല്ലാം തലപ്പത്ത് കോലിയാണ്. കളിക്കുന്ന മൈതാനങ്ങളിലെല്ലാം തന്റെ പ്രകടനം ഗംഭീരമാക്കാന്‍ കോലിക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ കിരീട നേട്ടത്തിലേക്കെത്തുമ്പോള്‍ കോലിക്ക് പലപ്പോഴും നിരാശയാണ് ഫലം.
ഐപിഎല്ലിലെ കോലിയുടെ കിരീട നേട്ടം പരിഗണിക്കുമ്പോള്‍ അക്കൗണ്ട് കാലിയാണ്. രോഹിത് ശര്‍മ അഞ്ചും രോഹിത് ശര്‍മ നാലും ഹര്‍ദിക് പാണ്ഡ്യ ഒന്നും ഗൗതം ഗംഭീര്‍ രണ്ടും കിരീടങ്ങള്‍ നേടിയപ്പോഴും ഇതിഹാസമായ കോലിക്ക് ഒരു കിരീടം പോലുമില്ല. ആരാധകരെയും കോലിയേയും ഒരുപോലെ നിരാശപ്പെടുത്തുന്ന കാര്യമാണിത്. ഇത്തവണ ആര്‍സിബി ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു.

കോലിയും ഫഫ് ഡുപ്ലെസിസും ഗ്ലെന്‍ മാക്‌സുമെല്ലാം തകര്‍ത്ത് കളിച്ചതോടെ ആര്‍സിബി ഇത്തവണ കപ്പടിക്കുമെന്ന് എല്ലാവരും കരുതി. എന്നാല്‍ ഗുജറാത്തിനോട് തോറ്റ് പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. 16 സീസണിലും ആര്‍സിബിക്കും കോലിക്കും കിരീട ഭാഗ്യമില്ല. ഇപ്പോഴിതാ ഒരു കിരീടമെങ്കിലും നേടി വിരമിക്കാന്‍ കോലിയോട് ആര്‍സിബി വിടണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് ആരാധകര്‍.
ആര്‍സിബിയില്‍ നിന്നാല്‍ കോലിക്ക് രാജാവിന്റെ പരിഗണന ലഭിക്കുമെങ്കിലും കിരീടം ഒരിക്കലും ലഭിക്കില്ലെന്നും അതിന്റെ കാരണവും ആരാധകര്‍ പറയുന്നു. ആര്‍സിബിയുടെ ഭാഗ്യക്കേടാണ് ഏറ്റവും വലിയ പ്രശ്‌നം. ഇത്തവണ എല്ലാ കാര്യങ്ങളും അനുകൂലമായിരുന്നു. പേസ് നിരയില്‍ മുഹമ്മദ് സിറാജുള്‍പ്പെടെ മികവ് കാട്ടിയതോടെ ടീമിന് പ്രതീക്ഷ ഉയര്‍ന്നു. എന്നാല്‍ വഴ വില്ലനായെത്തി. ടോസ് ഭാഗ്യവും ഒപ്പം നിന്നില്ല.
ആര്‍സിബിയുടെ ടീം മാനേജ്‌മെന്റ് മണ്ടന്മാരുടെതാണ്. ടീമിനെ ജയിപ്പിക്കാന്‍ സാധിക്കുന്ന ടീമിനെ ഒരു കാലത്തും ആര്‍സിബി തിരഞ്ഞെടുത്തിട്ടില്ല. എല്ലാ കാലത്തും ബാറ്റിങ്ങിന് മാത്രം പ്രാധാന്യം നല്‍കിയാണ് ആര്‍സിബി ടീമിനെ ഇറക്കുന്നത്. ഇതോടെ ബൗളിങ് നിര ദുര്‍ബലമാവുകയും ആര്‍സിബി പരാജയം തുടരുകയും ചെയ്യുന്നു. കോലി ആര്‍സിബി തുടര്‍ന്നാല്‍ ഒരു കിരീടം പോലും നേടാതെ കരിയര്‍ അവസാനിപ്പിക്കേണ്ടി വരും.

കോലിയെപ്പോലൊരു ഇതിഹാസ താരം ഒരു കിരീടമെങ്കിലും അര്‍ഹിക്കുന്നു. കോലിക്ക് ആര്‍സിബി വിട്ടാല്‍ പോകാന്‍ സാധിക്കുന്ന മൂന്ന് ടീമുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം. ഏറ്റവും ബെസ്റ്റ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. കോലിയെ രാജാവിനെപ്പോലെ പിന്തുണക്കുന്ന മാനേജ്‌മെന്റ് അവര്‍ക്കുണ്ട്. കൂടാതെ താരങ്ങളില്‍ നിന്നും വലിയ പിന്തുണ കോലിക്ക് ലഭിക്കുമെന്നുറപ്പ്. കെകെആര്‍ അടുത്ത സീസണില്‍ വലിയ അഴിച്ചുപണി നടത്തിയേക്കും.
അതുകൊണ്ട് തന്നെ കോലിക്ക് അനായാസം കെകെആറിലേക്കെത്താം. ഉയര്‍ന്ന പ്രതിഫലവും ക്യാപ്റ്റന്‍ സ്ഥാനവും കോലിക്ക് ലഭിക്കും. ഗൗതം ഗംഭീര്‍ രണ്ട് തവണ കപ്പടിപ്പിച്ച ശേഷം കിരീടത്തിലേക്കെത്താന്‍ കെകെആറിനായിട്ടില്ല. നിലവില്‍ എടുത്തു പറയാവുന്ന സൂപ്പര്‍ താരം കെകെആറിലില്ല. അതുകൊണ്ട് തന്നെ കോലിക്ക് വലിയ സ്വീകാര്യത കെകെആറില്‍ ലഭിക്കുമെന്നുറപ്പ്.
കോലിക്ക് പോകാവുന്ന മറ്റൊരു ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. നിലവില്‍ മികച്ചൊരു നായകന്റെയും സൂപ്പര്‍ താരത്തിന്റെയും അഭാവം ഹൈദരാബാദിനുണ്ട്. 2016ലെ ചാമ്പ്യന്മാരായ ഹൈദരാബാദും വലിയ അഴിച്ചുപണിക്കൊരുങ്ങുകയാണ്. ബ്രയാന്‍ ലാറയെന്ന പരിശീലകനൊപ്പം വിരാട് കോലികൂടിയെത്തുമ്പോള്‍ ഹൈദരാബാദിന് വലിയ നേട്ടമായി അത് മാറും. സാമ്പത്തികമായി നേട്ടവും ഹൈദരാബാദിന്റെ ആരാധക പിന്തുണയിലും അത് വലിയ വര്‍ധനവുണ്ടാക്കും.
കോലിയെ കൈയും നീട്ടി ഹൈദരാബാദ് സ്വീകരിക്കുമെന്നുറപ്പ്. മാനേജ്‌മെന്റിന്റെ പൂര്‍ണ്ണ പിന്തുണയും കോലിക്കുണ്ടാവും. മൂന്നാമത്തെ ടീം ഡല്‍ഹി ക്യാപിറ്റല്‍സാണ്. കോലി ഡല്‍ഹിക്കായി കളിച്ചുവളര്‍ന്ന താരമാണ്. അതുകൊണ്ട് തന്നെ കോലി ഡല്‍ഹിക്കായി ഐപിഎല്‍ കളിച്ചാല്‍ ആരാധകര്‍ക്കിടയിലും വലിയ സ്വീകാര്യത ലഭിക്കും. സൗരവ് ഗാംഗുലിയുമായുള്ള ഉടക്ക് മാത്രമാണ് കോലിയുടെ ഡല്‍ഹിയിലേക്കെത്താനുള്ള വഴിക്ക് തടസം.
കോലിയെത്തുമെന്നുറപ്പായാല്‍ ഗാംഗുലിയെ മാറ്റാന്‍ ഡല്‍ഹി മടികാട്ടില്ല. കോലിക്ക് ആര്‍സിബിയില്‍ തുടരുന്നതിലും നല്ലത് ഡല്‍ഹിയിലേക്ക് കൂടുമാറുന്നതാണ്. റിഷഭ് പന്തിനും അത് വലിയ ആത്മവിശ്വാസം നല്‍കും. വേണമെങ്കില്‍ ഡല്‍ഹിയുടെ നായകനായും കോലിക്ക് കളിക്കാനാവും. കോലിയെപ്പോലൊരു താരമെത്തിയാല്‍ ഡല്‍ഹി കന്നി കിരീടത്തിലേക്കെത്തിയേക്കും.