ഐപിഎല്‍ ചരിത്രത്തില്‍ ഒന്നിലേറെ ഫൈനലുകളില്‍ കളിച്ചിട്ടും ഒരിക്കല്‍പ്പോലും കിരീടം നേടാന്‍ ഭാഗ്യമില്ലാതെ പോയ നിരവധി ക്രിക്കറ്റര്‍മാരെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയും. ചില ഫ്രാഞ്ചൈസികളില്‍ ആയതു കൊണ്ടു മാത്രം കരിയറില്‍ ഐപിഎല്‍ ട്രോഫി നേടാന്‍ സാധിക്കാത്ത ഇതിഹാസ താരങ്ങളുമുണ്ട്. മറ്റേതെങ്കിലും ഫ്രാഞ്ചൈസികള്‍ക്ക് ഒപ്പമായിരുന്നെങ്കില്‍ ഒന്നിലധികം ട്രോഫികള്‍ ഇവരുടെ പേരില്‍ കുറിക്കപ്പെടുകയും ചെയ്യുമായിരുന്നു.
ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ജയിക്കാനാവാതെ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള താരങ്ങളെയെടുത്താല്‍ അവിടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുന്‍ ക്യാപ്റ്റനും ഇന്ത്യയുടെ ഇതിഹാസ ബാറ്ററുമായ വിരാട് കോലിയെ വെല്ലാന്‍ മറ്റൊരു ക്രിക്കറ്ററും ഇല്ലെന്നു കാണാം. അതുകൊണ്ടു തന്നെ ഐപിഎല്ലിലെ ഏറ്റവും നിര്‍ഭാഗ്യവാനായിട്ടുള്ള ക്രിക്കറ്ററെന്ന പേരും അദ്ദേഹത്തിനു തന്നെയാണ്. 237 മല്‍സരങ്ങളാണ് ഫൈനലില്‍ ജയിക്കാനാവാതെ കോലി പൂര്‍ത്തിയാക്കിയത്. മറ്റൊരു താരവും 200ന് മുകളില്‍ മല്‍സരങ്ങള്‍ കളിച്ചിട്ടില്ല.

2008ലെ കന്നി സീസണ്‍ മുതല്‍ കഴിഞ്ഞ 16 സീസണുകളിലായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമാണ് വിരാട് കോലി. ഇതിനിടെ മൂന്നു തവണ ടീമിനു വേണ്ടി ഫൈനലില്‍ കളിക്കാനുള്ള ഭാഗ്യം ലഭിക്കുകയും ചെയ്തു. പക്ഷെ മൂന്നു തവണയും പരാജയമായിരുന്നു ഫലം. ഒരു തവണ കലാശപ്പോരില്‍ ആര്‍സിബിയെ നയിച്ചതും കോലിയാണ്. 2009ലായിരുന്നു ആര്‍സിബിക്കൊപ്പം അദ്ദേഹത്തിന്റെ കന്നി ഫൈനല്‍. അന്നു ഡെക്കാന്‍ ചാര്‍ജേഴ്‌സിനോടാണ് അനില്‍ കുംബ്ലെ നയിച്ച ആര്‍സിബി ഫൈനലില്‍ തോറ്റത്.
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വീണ്ടുമൊരു കിരീടപ്പോരിനു യോഗ്യത നേടി. ഇത്തവണ ടീമിനെ നയിച്ചത് ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ സ്പിന്നറുമായ ഡാനിയേല്‍ വെറ്റോറിയായിരുന്നു. പക്ഷെ ഇത്തവണയും വിരാട് കോലിയുള്‍പ്പെട്ട ടീമിനു കപ്പുയര്‍ത്താന്‍ സാധിച്ചില്ല. ഫൈനലില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങിസ് ആര്‍സിബിയെ കെട്ടുകെട്ടിക്കുകയായിരുന്നു.
2016ല്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ആര്‍സിബി ആദ്യമായി ഫൈനലിലേക്കു ടിക്കറ്റെടുത്തു. പക്ഷെ തന്റെ മുന്‍ഗാമികളായ അനില്‍ കുംബ്ലെയുടെയും ഡാനിയേല്‍ വെറ്റോറിയുടെയും വിധിയാണ് അദ്ദേഹത്തെയും കാത്തിരുന്നത്. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് കോലിപ്പടയെ വീഴ്ത്തി കിരീടത്തില്‍ മുത്തമിട്ടത്. അതിനു ശേഷം കഴിഞ്ഞ ഏഴു സീസണുകളായി ഒരിക്കല്‍പ്പോലും ആര്‍സിബിയെ ഫൈനലില്‍ കണ്ടിട്ടില്ല.

കലാശക്കളിയില്‍ ജയിക്കാനാവാതെ ഏറ്റവുമധികം ഐപിഎല്‍ മല്‍സരങ്ങളില്‍ കളിച്ചവരില്‍ വിരാട് കോലി കഴിഞ്ഞാല്‍ രണ്ടാംസ്ഥാനത്തു അദ്ദേഹത്തിന്റെ ആര്‍സിബിയിലെ മുന്‍ കൂട്ടുകാരനും സൗത്താഫ്രിക്കയുടെ ഇതിഹാസ താരവുമായ എബി ഡിവില്ലിയേഴ്‌സാണ്. ഫൈനലുള്‍പ്പെടെ 184 മല്‍സരങ്ങളില്‍ കളിച്ചിട്ടും കിരീടം നേടാന്‍ ഭാഗ്യമില്ലാതെയാണ് എബിഡി കളി മതിയാക്കിയത്. 2011, 16 സീസണുകളില്‍ ആര്‍സിബിക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ രണ്ടു ഫൈനലുകള്‍.
എബി ഡിവില്ലിയേഴ്‌സിനു ശേഷം മൂന്നാമത് ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയായിരുന്നു നേരത്തേയുണ്ടായിരുന്നത്. എന്നാല്‍ 172 മല്‍സരങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം അദ്ദേഹം തന്റെ കന്നിക്കിരീടം സ്വന്തമാക്കിയിരുന്നു. രഹാനെയ്ക്കു പകരം പുതിയ മൂന്നാമന്‍ ഇന്ത്യയുടെ മുന്‍ സ്പിന്നറും വെറ്ററന്‍ താരവുമായ അമിത് മിശ്രയാണ്. 161 മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചത്.
നാലാംസ്ഥാനം രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനാണ്. ഫൈനലിലെത്തിയിട്ടും കിരീടമില്ലാതെ അദ്ദേഹം 152 മല്‍സരങ്ങളില്‍ ഇതിനകം കളിച്ചുകഴിഞ്ഞു. കരിയറില്‍ ഒരിക്കല്‍ മാത്രമേ സഞ്ജുവിനു ഫൈനലില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടുള്ളൂ. 2022ല്‍ റോയല്‍സ് ക്യാപ്റ്റനായിരിക്കവെയായിരുന്നു ഇത്. അന്നു കലാശക്കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു സഞ്ജുവും റോയല്‍സും പരാജയം സമ്മതിക്കുകയായിരുന്നു.