Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഉമ്രാന്‍ എന്താണ് ഇങ്ങനെ? അതേ പിഴവ് ആവര്‍ത്തിക്കുന്നു, തുറന്നടിച്ച് വീരു

ഐപിഎല്ലില്‍ ഈ സീസണിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. കഴിഞ്ഞ സീസണിലെ 14 മല്‍സരങ്ങളിലും ഓറഞ്ച് ആര്‍മിക്കായി പന്തെറിഞ്ഞ ഉമ്രാന്‍ ഇത്തവണ ടീമിന് അകത്തും പുറത്തുമായി തുടരുകയായിരുന്നു.

ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ പേസറെ ഹൈദരാബാദ് തഴയുകയാണെന്നു വിമര്‍ശനങ്ങളുയരുകയും ചെയ്തു. പക്ഷെ ദയനീയ പ്രകടനം കാരണം തന്നെയാണ് ഉമ്രാനെ ഹൈദരാബാദ് മാറ്റി നിര്‍ത്തിയതിനു കാരണമെന്നു താരം കളിച്ച മല്‍സരങ്ങളിലെ മോശം പ്രകടനം തെളിയിക്കുന്നു. 14 ലീഗ് മല്‍സരങ്ങളില്‍ എട്ടെണ്ണത്തില്‍ മാത്രമേ ഉമ്രാന്‍ മാലിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇലവനിലുണ്ടായിരുന്നുള്ളൂ.

UMRAN MALIK

ഇവയില്‍ നിന്നും വീഴ്ത്തിയത് വെറും അഞ്ചു വിക്കറ്റുകളാണ്. 10.85 എന്ന വളരെ മോശം ഇക്കോണമി റേറ്റിലായിരുന്നു ഇത്. ക്രിക്ക്ബസിന്റെ ഷോയില്‍ വന്നപ്പോഴായിരുന്നു ഉമ്രാന്റെ മറക്കാനാഗ്രഹിക്കുന്ന സീസണിനെക്കുറിച്ചും ഇതിന്റെ കാരണത്തെക്കുറിച്ചും വീരേന്ദര്‍ സെവാഗ് സംസാരിച്ചത്. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഹൈദരാബാദിന്റെ കോച്ചിങ് സംഘത്തിലുണ്ടായിട്ടും ഉമ്രാന്‍ എന്തുകൊണ്ടാണ് തന്റെ തെറ്റുകളില്‍ നിന്നും പാഠം പഠിക്കാതെ പഴയ പിഴവുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നതെന്നു വീരു തുറന്നടിച്ചു.

ഉമ്രാന്‍ മാലിക്കിന്റെ ഏറ്റവും വലിയ പ്രശ്‌നം അവന്‍ തന്റെ ബൗളിങ് ലെങ്ത്തില്‍ നിരന്തരം മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നതാണ്. കൂടുതല്‍ ഫുള്‍ ആയി ബൗള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടാവില്ലെന്നു അവന്‍ ഒരു സൗത്താഫ്രിക്കന്‍ പേസര്‍ ആയിരുന്നെങ്കില്‍ എനിക്കു മനസ്സിലാക്കാന്‍ കഴിയും. പക്ഷെ ഉമ്രാന്‍ എന്തുകൊണ്ടാണ് ഇതു ചെയ്യുന്നതെന്നു മനസ്സിലാവുന്നില്ല. അവനു ഇപ്പോഴും വേണ്ടത്ര അനുഭവസമ്പത്തില്ല.

ഡെയ്ല്‍ സ്റ്റെയ്‌നിനൊപ്പം ഉമ്രാന്‍ ഒരുപാട് പ്രവര്‍ത്തിച്ചിട്ടുണ്ടാവും. പക്ഷെ ബൗളിങില്‍ തന്റെ ലെങ്തിനെക്കുറിച്ച് അവനു ഇനിയും കൃത്യമായ ഐഡിയ ലഭിച്ചിട്ടില്ല. സ്റ്റെയ്‌നിനൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടും, കീഴില്‍ പഠിച്ചിട്ടും കഴിഞ്ഞ വര്‍ഷത്തെ അതേ തെറ്റുകള്‍ ഉമ്രാന്‍ ആവര്‍ത്തിക്കുകയാണെന്നും വീരേന്ദര്‍ സെവാഗ് നിരീക്ഷിച്ചു.

UMRAN MALIK

2021ലെ ഐപിഎല്ലിലൂടെയാണ് ജമ്മു കാശ്മീരുകാരനായ ഉമ്രാന്‍ മാലിക്ക് വരവറിയിക്കുന്നത്. നെറ്റ് ബൗളറായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെത്തിയ പേസര്‍ ബൗളിങിലെ തന്റെ വേഗത കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. 150 കിമിക്കു മുകളില്‍ വേഗതയില്‍ സ്ഥിരമായി ബൗള്‍ ചെയ്യാനുള്ള കഴിവ് ഉമ്രാനെ പേസ് സെന്‍സേഷനാക്കി മാറ്റി.

2021ലെ ഐപിഎല്ലിനു ശേഷം തൊട്ടുപിന്നാലെ നടന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ നെറ്റ് ബൗളര്‍മാരുടെ സംഘത്തിലും ഉമ്രാനെ ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഹൈദരാബാദിനായി കസറിയതോടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 14 മല്‍സരങ്ങളില്‍ നിന്നും 9.03 ഇക്കോണമി റേറ്റില്‍ ഉമ്രാന്‍ വീഴ്ത്തിയത് 22 വിക്കറ്റുകളായിരുന്നു. 25 റണ്‍സിനു അഞ്ചു വിക്കറ്റുകളെടുത്തതായിരുന്നു ഏറ്റവും മികച്ച പ്രകടനം.

2022 ജൂണില്‍ സൗത്താഫ്രിക്കയുമായി നാട്ടില്‍ നടന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലേക്കും ഉമ്രാന്‍ മാലിക്കിനു വിളിയെത്തി. അതിനു ശേഷം ടി20യിലും ഏകദിനത്തിലുമെല്ലാം പേസര്‍ക്കു ഇന്ത്യക്കായി ബൗള്‍ ചെയ്യാന്‍ അവസരം ലഭിക്കുകയും ചെയ്തു. എട്ടു ഏകദിനങ്ങളില്‍ നിന്നും 6.45 ഇക്കോണമി റേറ്റില്‍ 13 വിക്കറ്റുകള്‍ ഉമ്രാന്‍ വീഴ്ത്തിയിട്ടുണ്ട്. ടി20യിലാവട്ടെ എട്ടു മല്‍സരങ്ങളില്‍ നിന്നും 10.49 ഇക്കോണമി റേറ്റില്‍ പേസര്‍ക്കു ലഭിച്ചത് 11 വിക്കറ്റുകളുമാണ്.

Story first published: Tuesday, May 23, 2023, 7:25 [IST]
Other articles published on May 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+