മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ പുരോഗമിക്കവെ ഏറ്റവും കൂടുതല്‍ കൈയടി നേടുന്ന താരങ്ങളിലൊരാളാണ് തിലക് വര്‍മ. ഇടം കൈയന്‍ യുവ ബാറ്റ്‌സ്മാന്റെ പ്രായം 20 മാത്രമാണെങ്കിലും അപാരമായ പക്വതയോടെ കളിക്കാന്‍ താരത്തിനാവുന്നു. മൂന്നാം നമ്പറിലും നാലാം നമ്പറിലും അഞ്ചാം നമ്പറിലുമെല്ലാം ഒരുപോലെ തിളങ്ങാന്‍ തിലകിന് സാധിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ടത്.
അവസാന സീസണിലൂടെത്തന്നെ തിലക് എല്ലാവരുടെയും ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ വണ്‍ സീസണ്‍ വണ്ടറായി തിലക് ഒതുങ്ങിപ്പോവുമോയെന്ന ആശങ്ക പലരും പങ്കുവെച്ചിരുന്നു. പക്ഷെ ആശങ്കകളെല്ലാം കാറ്റില്‍ പറത്തി ബാറ്റുകൊണ്ട് വിസ്മയിപ്പിക്കുകയാണ് തിലക് വര്‍മ. അവസാന സീസണില്‍ 14 മത്സരത്തില്‍ നിന്ന് 397 റണ്‍സടിച്ച തിലക് ഈ സീസണില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 214 റണ്‍സ് ഇതിനോടകം അക്കൗണ്ടിലാക്കിക്കഴിഞ്ഞു.

മുംബൈ ഇന്ത്യന്‍സിന് മാത്രമല്ല ഇന്ത്യക്കും വലിയ പ്രതീക്ഷ നല്‍കുകയാണ് തിലക്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ അഞ്ചാമനായെത്തിയ തിലക് 17 പന്തില്‍ 37 റണ്‍സാണ് അടിച്ചെടുത്തത്. 2 ഫോറും 4 സിക്‌സും അതില്‍ ഉള്‍പ്പെടും. 217ന് മുകളിലായിരുന്നു യുവതാരത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഹൈദരാബാദിനെതിരായ പ്രകടനത്തോടെ വമ്പനൊരു നേട്ടവും തിലക് സ്വന്തം പേരിലാക്കിയിരിക്കുകയാണ്.
20 വയസിനുള്ളില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരങ്ങളില്‍ മൂന്നാം സ്ഥാനത്തേക്കുയരാന്‍ തിലകിനായിരിക്കുകയാണ്. 30 സിക്‌സുകള്‍ വീതം നേടി സഞ്ജു സാംസണിനൊപ്പമാണ് നിലവില്‍ തിലക്. ഈ റെക്കോഡില്‍ സഞ്ജുവിനെ മറികടക്കാന്‍ തിലകിന് സാധിച്ചേക്കും. 34 സിക്‌സുകളുമായി മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷനാണ് രണ്ടാം സ്ഥാനത്തുള്ളത്. ഈ റെക്കോഡിനെയും പിന്നിലാക്കാന്‍ ഇഷാനായേക്കും.
എന്നാല്‍ 67 സിക്‌സുകളുമായി ഈ റെക്കോഡില്‍ റിഷഭ് പന്താണ് തലപ്പത്തുള്ളത്. ഈ റെക്കോഡ് മറികടക്കുക തിലകിന് പ്രയാസമാവും. ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ വലിയ നേട്ടങ്ങള്‍ താരത്തിന് മുന്നിലുണ്ട്. മുംബൈ ഇന്ത്യന്‍സ് ഭാവി സൂപ്പര്‍ സ്റ്റാറെന്ന നിലയിലേക്ക് ഇതിനോടകം തിലകിനെ പരിഗണിച്ചിട്ടുമുണ്ട്. എല്ലാത്തരം ഷോട്ടുകളും അനായാസം കളിക്കുന്നുവെന്നതാണ് തിലകിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്ന കാര്യം.
ഇന്ത്യക്ക് നാലാം നമ്പറില്‍ വിശ്വസ്തനായ താരമില്ലാതായിട്ട് കാലങ്ങളേറെയായി. യുവരാജ് സിങ് കളമൊഴിഞ്ഞ ശേഷം നാലാം നമ്പറില്‍ മിടുക്കനായ ബാറ്റ്‌സ്മാനെ തേടുകയാണ് ഇന്ത്യ. ഈ സ്ഥാനത്തിലേക്ക് വളരാന്‍ കെല്‍പ്പുള്ളവനാണ് തിലക്. ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്നതിലുപരിയായി കടന്നാക്രമിച്ച് കളിക്കാന്‍ കഴിവുള്ള താരങ്ങളിലൊരാളാണ് തിലക്.
ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമാണ് തിലക്. ഐപിഎല്ലിലെ പ്രകടനം വിലയിരുത്തി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് പരിഗണിക്കുക പ്രയാസമാണ്. എന്നാല്‍ തിലക് ഇത്തരത്തില്‍ ഐപിഎല്ലില്‍ മാത്രം തിളങ്ങുന്ന താരമല്ല. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ പയറ്റിത്തെളിഞ്ഞ തിലക് ഇതിനോടകം ഇരുത്തം വന്ന ബാറ്റ്‌സ്മാനാണ്. പാര്‍ട്ട് ടൈം സ്പിന്നറെന്ന നിലയിലും അദ്ദേഹത്തെ ഉപയോഗിക്കാം.

അതുകൊണ്ട് തന്നെ അടുത്ത യുവരാജായി മാറാന്‍ തിലകിന് കഴിവുണ്ട്. ആത്മവിശ്വാസത്തോടെ കളിക്കുന്ന താരത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള കഴിവുമുണ്ട്. രോഹിത് ശര്‍മക്കും സൂര്യകുമാര്‍ യാദവിനും ശേഷം മുംബൈ ഇന്ത്യന്‍സിനെ നയിക്കാന്‍ അവസരം ലഭിക്കാന്‍ സാധ്യതയുള്ളവരിലൊരാളാണ് തിലക്. ടി20യില്‍ മാത്രമല്ല മൂന്ന് ഫോര്‍മാറ്റിലും ഉപയോഗിക്കാവുന്ന താരമാണ് തിലക്. അതുകൊണ്ട് തന്നെ ഇന്ത്യ പിന്തുണ നല്‍കി വളര്‍ത്തേണ്ട താരമാണ് തിലക്.
2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ മധ്യനിരയില്‍ തിലകിനെ പ്രതീക്ഷിക്കാം. മുംബൈ ഇന്ത്യന്‍സിന് കീഴില്‍ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തുന്നവരുടെ കൂട്ടത്തിലേക്ക് തിലകും എത്തുമോയെന്നത് കാത്തിരുന്ന് കാണാം.