മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ടൂര്‍ണമെന്റ് പാതി പിന്നിടുമ്പോള്‍ പ്ലേ ഓഫ് പോരാട്ടം കടുക്കുകയാണ്. രാജസ്ഥാനും ലഖ്‌നൗവും ഗുജറാത്തും സിഎസ്‌കെയും പ്ലേ ഓഫ് സീറ്റിനായുള്ള കുതിപ്പില്‍ മുന്‍പന്തിയിലുണ്ട്. ആരാധകരെ ആവേശത്തിലാഴ്ത്തി പല സര്‍പ്രൈസ് താരങ്ങളും ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
യുവതാരങ്ങളില്‍ പലരും മികവ് കാട്ടുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും പ്രതീക്ഷ ഉയര്‍ത്തുകയാണ്. 2024ല്‍ ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ കാത്തിരിക്കുന്ന യുവതാരങ്ങള്‍ ഏറെയാണ്. ഈ സീസണില്‍ മികവ് കാട്ടുന്ന പല യുവതാരങ്ങള്‍ക്കും ഈ വര്‍ഷം തന്നെ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താന്‍ സാധ്യത കൂടുതലാണ്. ഈ സീസണിലെ ഐപിഎല്ലിലെ പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യന്‍ ടീമില്‍ ഈ വര്‍ഷം തന്നെ അരങ്ങേറാന്‍ സാധ്യതയുള്ളവരെ അറിയാം.

കൂടുതല്‍ സാധ്യതയുള്ള താരങ്ങളിലൊരാള്‍ യശ്വസി ജയ്‌സ്വാളാണ്. മികച്ചൊരു ഇടം കൈയറുടെ അഭാവം ഇന്ത്യയുടെ ടോപ് ഓഡറിലുണ്ട്. ഗൗതം ഗംഭീറിനും ശിഖര്‍ ധവാനും ശേഷം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി ഓപ്പണിങ്ങില്‍ തിളങ്ങാന്‍ ശേഷിയുള്ളവനെന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ യശ്വസി ജയ്‌സ്വാള്‍ കാഴ്ചവെക്കുന്നത്. ഭയമില്ലാതെ കളിക്കുന്ന ഓപ്പണറാണ് ജയ്‌സ്വാള്‍.
എട്ട് മത്സരത്തില്‍ നിന്ന് 304 റണ്‍സ് ഇതിനോടകം താരം നേടിക്കഴിഞ്ഞു. 38ന് മുകളില്‍ ശരാശരിയില്‍ കളിക്കുന്ന താരത്തിന്റെ സ്‌ട്രൈക്കറേറ്റ് 147ന് മുകളിലാണ്. മൂന്ന് ഫിഫ്റ്റിയും യുവതാരം അടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യ ടി20 ലോകകപ്പില്‍ മുന്നില്‍ക്കണ്ട് പരിഗണിച്ച് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധ്യതയുള്ള താരമാണ് ജയ്‌സ്വാള്‍. ഐപിഎല്ലില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും ജയ്‌സ്വാളിന്റെ കണക്കുകള്‍ മികച്ചതാണ്.
ഇഷാന്‍ കിഷനെ ബാക്കപ്പ് ഓപ്പണറായി പരിഗണിക്കുന്നത് ടീമിന് വലിയ ഗുണം ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ജയ്‌സ്വാളിന് അവസരം ലഭിക്കാന്‍ സാധ്യത കൂടുതല്‍. രണ്ടാമത്തെ താരം മുംബൈ ഇന്ത്യന്‍സിന്റെ തിലക് വര്‍മയാണ്. മധ്യനിരയില്‍ മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യക്ക് ഇപ്പോഴില്ല. അത് ടീമിനെ കാര്യമായി ബാധിക്കുന്നുമുണ്ട്. റിഷഭ് പന്ത് പരിക്കേറ്റ് പുറത്തുള്ളത് ഇന്ത്യയുടെ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ ക്ഷാമം ഉയര്‍ത്തുന്നു.
ഇതിന് പരിഹാരം കാണാന്‍ ശേഷിയുള്ളവനാണ് തിലക് വര്‍മ. അതിവേഗത്തില്‍ ബാറ്റ് ചെയ്യാനും നിലയുറപ്പിച്ച് കളിക്കാനും കഴിവുള്ള തിലക് ഭേദപ്പെട്ട രീതിയില്‍ പന്തുമെറിയും. യുവരാജ് സിങ് ഇന്ത്യക്കായി കാഴ്ചവെച്ച പ്രകടനങ്ങള്‍ ആവര്‍ത്തിക്കാന്‍ കഴിവുള്ളവനാണ് തിലക് വര്‍മയെന്ന് പറയാം. ഏഴ് മത്സരത്തില്‍ നിന്ന് 219 റണ്‍സാണ് തിലക് നേടിയത്. മൂന്നാം നമ്പറിലും ഫിനിഷര്‍ റോളിലുമെല്ലാം മുംബൈ പരീക്ഷിക്കുന്ന താരത്തിന് 154ന് മുകളില്‍ സ്‌ട്രൈക്കറേറ്റുമുണ്ട്.

ഒറ്റക്ക് മത്സരഫലത്തെ മാറ്റാന്‍ ശേഷിയുള്ളവനാണ് തിലക് വര്‍മയെന്ന് പറയാം. അതുകൊണ്ട് തന്നെ തിലകില്‍ ടീമിന് പ്രതീക്ഷകളേറെ. എംഎസ് ധോണിക്ക് ശേഷം മികച്ചൊരു ഫിനിഷറെ കണ്ടെത്താന്‍ ഇന്ത്യക്കായിട്ടില്ല. ഹര്‍ദിക് പാണ്ഡ്യ ടോപ് ഓഡറില്‍ കളിക്കാന്‍ കൂടുതല്‍ താല്‍പര്യം കാട്ടുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് മികച്ചൊരു ഫിനിഷറെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ആ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന താരമാണ് റിങ്കു സിങ്.
ഗുജറാത്തിനെതിരേ ഒരോവറില്‍ അഞ്ച് സിക്‌സര്‍ പറത്തി കെകെആറിന് അത്ഭുത ജയം സമ്മാനിച്ചവനാണ് റിങ്കു സിങ്. ഫിനിഷര്‍ റോളില്‍ കസറുന്ന താരത്തെ ഇന്ത്യ ഈ വര്‍ഷം തന്നെ ടി20യിലേക്ക് പരിഗണിച്ചേക്കും. ഒമ്പത് മത്സരത്തില്‍ നിന്ന് 270 റണ്‍സാണ് ഈ സീസണില്‍ താരം നേടിയത്. 54 ശരാശരിയും 151ന് മുകളില്‍ സ്‌ട്രൈക്കറേറ്റുമുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ അനായാസം റണ്‍സുയര്‍ത്താന്‍ റിങ്കുവിന് കഴിവുണ്ട്. അത് എല്ലാവര്‍ക്കമുള്ള കഴിവല്ല.
മറ്റൊരു താരം രാഹുല്‍ തെവാത്തിയയാണ്. ഇന്ത്യ ഒരു തവണ ടീമിലേക്ക് പരിഗണിച്ച താരമാണ് തെവാത്തിയ. എന്നാല്‍ ഫിറ്റ്‌നസിന്റെ പേരില്‍ തഴയപ്പെട്ടു. ഫിനിഷര്‍ റോളില്‍ തുടര്‍ച്ചയായി മികവ് തെളിയിക്കാന്‍ തെവാത്തിയക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ തെവാത്തിയയെ ഇന്ത്യ പരിഗണിച്ചേക്കും. ആയുഷ് ബദോനി, ദ്രുവ് ജുറേല്‍, ജിതേഷ് ശര്‍മ എന്നിവരും പ്രതീക്ഷ നല്‍കി വളര്‍ന്നുവരുന്നവരാണ്.