ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ സിഎസ്‌കെയ്ക്കായി ഭേദപ്പെട്ട പ്രകടനമാണ് തുഷാര്‍ ദെശപാണ്ഡെ കാഴ്ചവെക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ താരം ഇംപാക്ട് താരമായെത്തിയാണ് സിഎസ്‌കെയ്ക്കായി ശോഭിക്കുന്നത്. അല്‍പ്പം തള്ളുകൊള്ളിയാണെങ്കിലും വിക്കറ്റ് നേടാന്‍ തുഷാര്‍ മിടുക്കുകാട്ടുന്നു. ധോണി തുഷാറിനെ പിന്തുണക്കുന്നുമുണ്ട്.
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ തുഷാര്‍ ദെശപാണ്ഡെ 31 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റാണ് നേടിയത്. മുംബൈക്കെതിരേ സിഎസ്‌കെയുടെ ജയത്തില്‍ നിര്‍ണ്ണായകമാവാന്‍ തുഷാറിന് സാധിച്ചുവെന്ന് പറയാം. മത്സരത്തില്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നേടാനും തുഷാര്‍ ദേശപാണ്ഡെക്ക് സാധിച്ചിരുന്നു. മത്സരശേഷം രോഹിത് ശര്‍മയുടെ വിക്കറ്റ് നേടുക എളുപ്പമാണെന്ന് തുഷാര്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളെത്തിയിരുന്നു.

ഇന്ത്യന്‍ നായകനും മുംബൈ ഇന്ത്യന്‍സ് നായകനുമായ രോഹിത് ശര്‍മ മികച്ച റെക്കോഡുള്ള താരം കൂടിയാണ്. ഒരു തവണ രോഹിത്തിനെ പുറത്താക്കിയപ്പോള്‍ ഇങ്ങനെ പറയാന്‍ എങ്ങനെ തുഷാറിന് ധൈര്യമുണ്ടായെന്നടക്കമുള്ള പല വിമര്‍ശനങ്ങളും താരത്തിനെതിരേ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തുഷാര്‍.
താന്‍ ഒരിക്കലും രോഹിത് ഭായിയെക്കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തുഷാര്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് തുഷാര്‍ തന്റെ നിരപരാധിത്തം വ്യക്തമാക്കിയത്. 'എല്ലാ ഇതിഹാസ താരങ്ങളെയും ബഹുമാനിക്കുന്നുവെന്നും ഇത്തരത്തിലുള്ള മോശമായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നുമാണ്' തുഷാര്‍ കുറിച്ചത്.

തുഷാര്‍ രോഹിത്തിനെതിരേ പറഞ്ഞുവെന്ന തരത്തില്‍ രോഹിത് വിരോധികള്‍ ഇത് വലിയ പ്രചാരം നടത്തിയിരുന്നു. എന്തായാലും തുഷാര്‍ ഇന്ത്യന്‍ ടീമില്‍ കളിക്കില്ലെന്നുറപ്പാണ്. അതുകൊണ്ട് തന്നെ രോഹിത്തിനെതിരേ തുറന്ന് പറയാന്‍ മടികാട്ടുന്നുമില്ലെന്നുമെല്ലാം ആരാധകര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രചാരങ്ങളിലൊന്നും യാതൊരു കഴമ്പുമില്ലെന്ന് തുഷാറിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാവുകയാണ്.
ഇത്തവണ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും എക്‌സ്ട്രാസ് വഴങ്ങുന്നതില്‍ തുഷാര്‍ മടികാട്ടുന്നില്ല. നോബോളും വൈഡുമെല്ലാം താരം വഴങ്ങുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ധോണി ഇത് തുറന്നുപറയുകയും ചെയ്തിരുന്നു. ബൗളര്‍മാര്‍ ഇതുപോലെ എക്‌സ്ട്രാസ് വഴങ്ങിയാല്‍ താന്‍ നായകസ്ഥാനം ഒഴിയുമെന്ന ഭീഷണി പോലും ധോണിയുടെ ഭാഗത്ത് നിന്നുണ്ടായി.
എന്നാല്‍ തുഷാറിന്റെ സിഎസ്‌കെയിലെ പ്ലേയിങ് 11 സ്ഥാനം പലരും ചോദ്യം ചെയ്യുമ്പോഴും ധോണി തുഷാറിന്റെ പ്രതിഭയില്‍ വിശ്വാസം അര്‍പ്പിക്കുന്നു. സിഎസ്‌കെ ഇത്തരത്തില്‍ അണ്ടര്‍റേറ്റഡാക്കപ്പെടുന്ന താരങ്ങളെ വളര്‍ത്തുന്നതില്‍ എക്കാലത്തും മികവ് കാട്ടാറുണ്ട്. അതുപോലെ തന്നെയാണ് തുഷാറിന്റെ കാര്യത്തിലും. മികച്ച ലൈനും ലെങ്തും നിലവില്‍ കണ്ടെത്താന്‍ തുഷാറിന് സാധിക്കുന്നില്ല.

എന്നാല്‍ മികച്ച പിന്തുണ ലഭിച്ചാല്‍ ഭാവിയില്‍ മികവ് കാട്ടാന്‍ കഴിവുള്ള താരമാണ് തുഷാറെന്ന് പറയാം. ഇത്തവണ സിഎസ്‌കെയുടെ പദ്ധതികളില്‍ നിര്‍ണ്ണായക സ്ഥാനം തുഷാറിന് ലഭിച്ചേക്കും. ധോണിയുടെ അവസാന ഐപിഎല്‍ സീസണാണിത്. ആദ്യ മത്സരത്തില്‍ തോറ്റ് തുടങ്ങിയ സിഎസ്‌കെ പിന്നീട് കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചിട്ടുണ്ട്. നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ധോണിപ്പട.
പരിക്ക് സിഎസ്‌കെയെ ബാധിച്ചിട്ടുണ്ട്. വലിയ പ്രതീക്ഷവെച്ച ബെന്‍ സ്‌റ്റോക്‌സ് പ്രകടനംകൊണ്ട് നിരാശപ്പെടുത്തുന്നത് സിഎസ്‌കെയ്ക്ക് തിരിച്ചടിയാണ്. പരിക്കും താരത്തെ ബാധിക്കുന്നുണ്ട്. ദീപക് ചഹാറും പരിക്കിന്റെ പിടിയില്‍. ശ്രീലങ്കന്‍ താരങ്ങള്‍ സിഎസ്‌കെ നിരയിലേക്ക് എത്തുന്നതോടെ ടീമിന് അല്‍പ്പം ആശ്വാസമാവും. ഇത്തവണ കപ്പിലേക്കെത്താന്‍ സിഎസ്‌കെയ്ക്ക് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.