മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണയും നിരവധി താരങ്ങളാണ് പ്രതിഭകാട്ടി വളര്‍ന്നുവരുന്നത്. ഐപിഎല്ലിലൂടെ ദേശീയ ടീമിലേക്ക് വളര്‍ന്ന താരങ്ങള്‍ നിരവധിയാണെന്ന് പറയാം. നിലവിലെ ഇന്ത്യന്‍ ടീമിന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് മികച്ച വിക്കറ്റ് കീപ്പറുടെ അഭാവമാണ്. മൂന്ന് ഫോര്‍മാറ്റിലേക്കും ഇന്ത്യക്ക് വിക്കറ്റ് കീപ്പറെ ആവിശ്യമാണ്.
റിഷഭ് പന്തിന് പരിക്കേറ്റ സാഹചര്യത്തില്‍ ഇന്ത്യ കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരെയാണ് പ്രധാനമായും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സഞ്ജു സാംസണിനും ഇടക്ക് അവസരങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ ഇവരില്‍ വിശ്വസ്തരായ വിക്കറ്റ് കീപ്പറായി മാറാന്‍ ആര്‍ക്കും തന്നെ സാധിച്ചിട്ടില്ല. ഇപ്പോഴിതാ ഈ സീസണിലൂടെ ശ്രദ്ധ നേടി ചില വിക്കറ്റ് കീപ്പര്‍മാര്‍ വളര്‍ന്നുവരുന്നുണ്ട്.

സഞ്ജു സാംസണിനും ഇഷാന്‍ കിഷനും വലിയ ഭീഷണി ഉയര്‍ത്തി വളര്‍ന്നുവരുന്ന മൂന്ന് അണ്‍ക്യാപ്പഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. പ്രഭ്‌സിംറാന്‍ സിങ്ങാണ് ഇതിലൊരാള്‍. പഞ്ചാബ് കിങ്‌സ് ഓപ്പണര്‍ ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. അടിച്ചു തകര്‍ത്തുകളിക്കാനും അവസരത്തിനൊത്ത് കളിക്കാനും കഴിവുള്ള പ്രഭ്‌സിംറാന്‍ 12 മത്സരത്തില്‍ നിന്ന് 334 റണ്‍സാണ് സീസണില്‍ നേടിയത്.
27.83 ശരാശരിയും 153.91 സ്‌ട്രൈക്കറേറ്റും പ്രഭ്‌സിംറാന്റെ പേരിലുണ്ട്. ഒരു സെഞ്ച്വറിയും ഫിഫ്റ്റിയുമാണ് താരം സീസണില്‍ നേടിയത്. നിലവില്‍ വിക്കറ്റ് കീപ്പറായി പഞ്ചാബ് പരിഗണിക്കുന്നില്ലെങ്കിലും വിക്കറ്റിന് പിന്നിലും മികവ് കാട്ടാന്‍ കഴിവുള്ളവനാണ് പ്രഭ്‌സിംറാന്‍. ടി20യിലും ഏകദിനത്തിലും വലിയ പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരമെന്ന നിലയില്‍ ഇതിനോടകം സഞ്ജുവിനും ഇഷാനും താരം ഭീഷണിയായിക്കഴിഞ്ഞു.
വരുന്ന മത്സരങ്ങളിലും ഇതേ മികവ് കാട്ടാന്‍ പ്രഭ്‌സിംറാന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. മറ്റൊരു താരം ദ്രുവ് ജുറേലാണ്. ഈ സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ കണ്ടെത്തലാണ് ദ്രുവ് ജുറേല്‍. ഇംപാക്ട് പ്ലയറായി കളിച്ച ഒറ്റ ഇന്നിങ്‌സുകൊണ്ട് എല്ലാവരെയും ശ്രദ്ധ നേടാന്‍ ജുറേലിന് സാധിച്ചു. പേസിനെയും സ്പിന്നിനെയും നന്നായി കളിക്കുന്ന ജുറേല്‍ വിക്കറ്റ് പോകുമോയെന്ന് ഭയമില്ലാതെ കളിക്കുന്ന താരം കൂടിയാണ്.
വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാനുള്ള കഴിവും ജുറേലിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. ഏത് സാഹചര്യത്തിലും കളിക്കാന്‍ പ്രതിഭയുള്ള താരത്തിന് ഫിനിഷര്‍ റോളില്‍ തിളങ്ങാനാവും. ഇന്ത്യക്കാവശ്യം ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ കഴിവുള്ള വിക്കറ്റ് കീപ്പറെയാണ്. പിന്തുണച്ച് വളര്‍ത്തിയെടുത്താല്‍ ഇന്ത്യയുടെ ടി20 ടീമിന് മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ള താരമാണ് ജുറേല്‍.

ജിതേഷ് ശര്‍മയാണ് മറ്റൊരു താരം. കഴിഞ്ഞ സീസണില്‍ത്തന്നെ ഉയര്‍ന്നുവന്ന പേരുകളിലൊന്നാണ് ജിതേഷ് ശര്‍മയുടേത്. പഞ്ചാബ് കിങ്‌സ് ബാറ്റ്‌സ്മാന്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ്. വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ടോപ് ഓഡറിലും ഫിനിഷര്‍ റോളിലും ജിതേഷ് കസറുന്നു. ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നവനാണ് ഇതിനോടകം മാറാന്‍ ജിതേഷിന് സാധിച്ചിട്ടുണ്ട്.
ഉയര്‍ന്ന സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ താരത്തിന് കഴിവുണ്ട്. നിലയുറപ്പിച്ച് അടിച്ചുകളിക്കുകയെന്നതിലുപരിയായി തുടക്കം മുതല്‍ ആക്രമിക്കാന്‍ പ്രതിഭയുള്ള താരമാണ് ജിതേഷ്. ഇന്ത്യക്കായി അധികം വൈകാതെ കളിക്കാന്‍ സാധ്യതയുള്ള താരമെന്ന് ജിതേഷിനെ വിശേഷിപ്പിക്കാം. 2024ലെ ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യയുടെ സാധ്യതാ പട്ടികയിലേക്ക് പരിഗണിക്കപ്പെടുന്ന താരമാണ് ജിതേഷ്.
സഞ്ജു സാംസണ്‍ ഈ സീസണിലും ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും സ്ഥിരത പ്രശ്‌നമാണ്. ഇഷാനെയും വിശ്വസിക്കാനാവുന്നില്ല. അതുകൊണ്ട് തന്നെ ഇവര്‍ക്ക് വലിയ ഭീഷണി ഉയര്‍ത്താന്‍ കഴിവുള്ളവരാണ് വളര്‍ന്നുവരുന്ന മൂന്ന് പേരും.