ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ വലിയ പ്രതീക്ഷയോടെ തുടങ്ങിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മുംബൈ ഇന്ത്യന്‍സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിക്കാന്‍ ആര്‍സിബിക്ക് സാധിച്ചു. രണ്ടാം മത്സരത്തിന് തയ്യാറെടുക്കവെ ആര്‍സിബിക്ക് കടുത്ത നിരാശയുണ്ടാക്കുന്ന വാര്‍ത്തയെത്തിയിരിക്കുകയാണ്. പരിക്കേറ്റ രജത് പാട്ടീധാര്‍ ഈ സീസണില്‍ കളിക്കില്ലെന്നതിന് ഔദ്യോഗിക സ്ഥിരീകരണമായിരിക്കുകയാണ്.
അവസാന സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ രജത്തിന്റെ അഭാവം ആര്‍സിബിയുടെ ഇന്ത്യന്‍ ബാറ്റിങ് കരുത്ത് കുറക്കുന്നതാണ്. രജത്തിന് പകരക്കാരനെ ആര്‍സിബി പ്രഖ്യാപിക്കാന്‍ സാധ്യത കൂടുതലാണ്. പ്രധാന താരങ്ങളെല്ലാം ഇതിനോടകം മറ്റ് ടീമുകളുടെ ഭാഗമായിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ പകരക്കാരനെ കണ്ടെത്തുക ആര്‍സിബിക്ക് എളുപ്പമാവില്ല. ചില മലയാളി താരങ്ങളെ രജത്തിന്റെ പകരക്കാരനായി ആര്‍സിബി പരിഗണിക്കാന്‍ സാധ്യതയുണ്ട്.

ഇത്തരത്തില്‍ പരിഗണിക്കാന്‍ സാധ്യതയുള്ള മൂന്ന് മലയാളി താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒരാള്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാണ്. ഓള്‍റൗണ്ടറായ താരം നേരത്തെ ആര്‍സിബിയുടെ ഭാഗമായിട്ടുള്ളവരിലൊരാളാണ്. ടീമിനൊപ്പം കളിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ആഭ്യന്തര ക്രിക്കറ്റിലും മോശമല്ലാത്ത പ്രകടനം നടത്താന്‍ സച്ചിന് സാധിച്ചിട്ടുണ്ട്. സച്ചിനെ പരിഗണിച്ചാല്‍ ബൗളറെന്ന നിലയിലും ടീമിന് ഉപകാരമാണ്.
19 ഐപിഎല്ലില്‍ നിന്ന് 144 റണ്‍സും രണ്ട് വിക്കറ്റുമാണ് അദ്ദേഹം നേടിയത്. 2021ലാണ് അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. ഇത്തവണ വീണ്ടും ആര്‍സിബിക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് സച്ചിന്‍ ബേബി. ആര്‍സിബിക്ക് പരിഗണിക്കാവുന്ന മറ്റൊരു മലയാളി താരം കരുണ്‍ നായരാണ്. 31കാരനായ താരം അനുഭവസമ്പന്നനാണ്. എന്നാല്‍ സമീപകാല പ്രകടനങ്ങള്‍ മികച്ചതല്ല. നേരത്തെ ആര്‍സിബിക്കായി കളിച്ചിട്ടുള്ള താരമാണ് കരുണ്‍ നായര്‍.

രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവര്‍ക്കായും കരുണ്‍ കളിച്ചിട്ടുണ്ട്. 76 ഐപിഎല്ലില്‍ നിന്ന് 1496 റണ്‍സാണ് താരം നേടിയത്. ഇതില്‍ 10 ഫിഫ്റ്റിയും ഉള്‍പ്പെടും. 127.75 ആണ് സ്‌ട്രൈക്കറേറ്റ്. വലിയ പ്രകടനം പ്രതീക്ഷിക്കാന്‍ സാധിക്കാത്ത താരമാണെങ്കിലും നിലവില്‍ പരിഗണിക്കാന്‍ സാധിക്കുന്ന ശേഷിക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരിലൊരാള്‍ കരുണ്‍ നായരാണ്.
മറ്റൊരു മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീനാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയ അസ്ഹറുദ്ദീനെ 2021ല്‍ ആര്‍സിബി ടീമിലെത്തിച്ചിരുന്നു. എന്നാല്‍ കളിക്കാന്‍ ഒരവസരം പോലും നല്‍കാതെ ഒഴിവാക്കിയിരുന്നു. ടോപ് ഓഡറില്‍ വെടിക്കെട്ട് പ്രകടനം നടത്താന്‍ കെല്‍പ്പുള്ള താരത്തെ ആര്‍സിബിക്ക് പരിഗണിക്കാവുന്നതാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണെന്നത് അസ്ഹറുദ്ദീന് മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്.

എന്നാല്‍ ഈ സീസണില്‍ പാട്ടീധാറിന് പകരക്കാരനെ പ്രഖ്യാപിക്കാതെ ആര്‍സിബി മുന്നോട്ട് പോകാനും സാധ്യത കൂടുതലാണ്. നായകന്‍ ഫഫ് ഡുപ്ലെസിസ്, വിരാട് കോലി, ദിനേഷ് കാര്‍ത്തിക്, ഗ്ലെന്‍ മാക്‌സ് വെല്‍, മിച്ചല്‍ ബ്രാസ്വെല്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന കരുത്തുറ്റ ബാറ്റിങ് നിര ഇത്തവണ ആര്‍സിബിക്കൊപ്പമുണ്ട്. മഹിപാല്‍ ലോംറോര്‍, സോനു യാദവ് എന്നിവര്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാരായും സുയാഷ് പ്രഭുദേശായി, അനൂജ് റാവത്ത് എന്നിവര്‍ യുവ ബാറ്റ്‌സ്മാന്‍മാരുമുണ്ട്.
ഫിന്‍ അലന്‍ പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് രജത്തിന്റെയും മടക്കം. വിരാട് കോലി, ദിനേഷ് കാര്‍ത്തിക് എന്നിവരിലൊരാള്‍ക്ക് വിശ്രമം വേണ്ടിവന്നാല്‍ ഉത്തമ പകരക്കാരനെ ഇറക്കാന്‍ ആളില്ല. ഇനി പരിഗണിക്കാന്‍ സാധിക്കുന്ന മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്ലാത്തതിനാല്‍ ആര്‍സിബിക്ക് ഇക്കാര്യത്തില്‍ ചെറിയ ആശങ്കയുണ്ടാവുമെന്നുറപ്പ്. ഇത്തവണ കന്നി ഐപിഎല്‍ കിരീടമെന്ന വലിയ സ്വപ്‌നത്തിന് പിന്നാലെയാണ് ആര്‍സിബി.