ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ എല്ലാവരും വലിയ പ്രതീക്ഷയോടെ കാണുന്ന താരമാണ് സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന്റെ ബാറ്റിങ് മികവ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിന് ആവിശ്യത്തിന് അവസരം ദേശീയ ടീമില്‍ ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
റിഷഭ് പന്തിന് പരിക്കേറ്റതോടെ ഇന്ത്യക്ക് ബാറ്റിങ്ങിലും വിശ്വസിക്കാവുന്ന മികച്ചൊരു വിക്കറ്റ് കീപ്പറില്ലാത്ത അവസ്ഥയാണ്. ഇഷാന്‍ കിഷനൊന്നും മികവിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ സഞ്ജുവിന് മുന്നില്‍ മികവ് കാട്ടാനുള്ള അവസരമുണ്ട്. ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനം സഞ്ജുവിന്റെ കരിയറില്‍ വലിയ വഴിത്തിരിവ് സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

എന്നാല്‍ പതിവ് പ്രശ്‌നങ്ങള്‍ സഞ്ജുവിനെ വേട്ടയാടുന്നു. അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ വരവറിയിച്ച സഞ്ജു ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ഡെക്കിനാണ് പുറത്തായത്. ആദ്യ ആഴ്ചയില്‍ റണ്‍വേട്ടക്കാരില്‍ ടോപ് ഫൈവിലുണ്ടായിരുന്ന സഞ്ജു സാംസണ്‍ ഇപ്പോള്‍ 16ാം സ്ഥാനത്താണ്. മൂന്ന് മത്സരത്തില്‍ നിന്ന് 97 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്. 32.33 ശരാശരിയും 159.01 സ്‌ട്രൈക്കറേറ്റിലുമാണ് സഞ്ജു കളിക്കുന്നത്.
എന്നാല്‍ ഇത്തവണയും പഴയ പ്രശ്‌നങ്ങള്‍ സഞ്ജുവിനെ വേട്ടയാടുന്നു. സ്ഥിരതയോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. എവിടെയാണ് സഞ്ജുവിന് പിഴക്കുന്നതെന്ന പതിവ് ചോദ്യം വീണ്ടും ശക്തമായി തലയുയര്‍ത്തുകയാണ്. ഇതിന്റെ ഉത്തരമായി മൂന്ന് കാര്യങ്ങള്‍ പറയാം. സഞ്ജുവിന്റെ മനോഭാവമാണ് ആദ്യം മാറേണ്ടത്. എല്ലാ പന്തുകളും അതിര്‍ത്തി കടത്താമെന്ന അമിത ആത്മവിശ്വാസം സഞ്ജുവിനുണ്ട്.
ഡെക്കായാലും തന്റെ ശൈലി മാറ്റില്ലെന്ന സഞ്ജുവിന്റെ നിലപാട് അമിത ആത്മവിശ്വാസമാണെന്ന് വിലയിരുത്താം. നായകനെന്ന നിലയില്‍ സഞ്ജുവിന്റെ ശൈലി ടീമിന്റെ വിജയം മുന്നില്‍ക്കണ്ടാവണം. എന്നാല്‍ നിലവില്‍ സഞ്ജുവിനത് സാധിക്കുന്നില്ല. അഹങ്കാരത്തോടെയാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്. നല്ല ബൗളര്‍മാരെ ബഹുമാനിച്ച് മുന്നോട്ട് പോകാത്ത പക്ഷം സ്ഥിരതയോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കില്ല.

ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡല്‍ഹിക്കെതിരേ നാല് പന്തില്‍ ഡെക്കായി മടങ്ങിയത്. സഞ്ജുവില്‍ നിന്ന് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം ഉണ്ടാകണമെങ്കില്‍ തന്റെ ശൈലി സാഹചര്യത്തിനനുസരിച്ച് അദ്ദേഹം മാറ്റേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ബാറ്റ്‌സ്മാനെന്ന നിലയില്‍ സഞ്ജുവിന് മുന്നേറുക കടുപ്പം. തന്റേതായ ദിവസം വമ്പന്‍ സ്‌കോര്‍ നേടുന്നതിലുപരിയായി സ്ഥിരതയോടെ കളിക്കാന്‍ സഞ്ജു ശൈലിയില്‍ മാറ്റം വരുത്തണം.
സഞ്ജുവിന് ക്ഷമയില്ലെന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. മത്സരത്തിന്റെ അവസ്ഥക്കനുസരിച്ച് സഞ്ജു ക്ഷമയോടെ ബാറ്റുചെയ്യേണ്ടതായുണ്ട്. എന്നാല്‍ സഞ്ജുവിന്റെ കരിയര്‍ പരിശോധിച്ചാല്‍ അദ്ദേഹത്തിന് ക്ഷമയോടെ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് കാണാനാവും. ബൗളറുടെ പ്രകോപനത്തില്‍ വീഴുന്ന താരമാണ് സഞ്ജു. നായകനെന്ന നിലയില്‍ കളിക്കുമ്പോള്‍ കൂടുതല്‍ ക്ഷമയും പക്വതയും അദ്ദേഹം കാട്ടേണ്ടതായുണ്ട്.
എന്നാല്‍ സഞ്ജുവിന്റെ കരിയറില്‍ അദ്ദേഹത്തിന്റെ പ്രധാന ദൗര്‍ബല്യങ്ങളിലൊന്ന് ക്ഷമ കാട്ടുന്നില്ലെന്നതാണ്. കൂടുതല്‍ ക്ഷമ കാട്ടേണ്ടത് സഞ്ജുവിന്റെ കരിയറില്‍ നിര്‍ണ്ണായകമാണ്. മൂന്നാമത്തെ കാര്യം ഉത്തരവാദിത്തമില്ലായ്മയാണ്. ടീമിനെ ഒറ്റക്ക് തോളിലേറ്റുന്ന പ്രകടനങ്ങള്‍ സഞ്ജുവില്‍ നിന്ന് ഉണ്ടാവുന്നില്ല. സഞ്ജു തന്റെ ബാറ്റിങ് പ്രകടനത്തില്‍ ശ്രദ്ധിക്കുന്നതോടൊപ്പം ഉത്തരവാദിത്തം ഏറ്റെടുക്കാനും തയ്യാറാവണം.

ഐപിഎല്ലില്‍ മൂന്ന് തവണ സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരമാണ് സഞ്ജു. എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുത്തു കളിക്കുന്നതില്‍ അദ്ദേഹം വളരെ പിന്നില്‍. സഞ്ജു ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മത്സരങ്ങള്‍ വളരെ ചുരുക്കമാണെന്ന് പറയാം. ഇക്കാര്യവും സഞ്ജു ശ്രദ്ധിക്കണം. അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ റണ്ണറപ്പുകളാക്കാന്‍ നായകന്‍ സഞ്ജുവിന് സാധിച്ചിരുന്നു.
ഇത്തവണ ടീമിന് മികച്ച തുടക്കവും ലഭിച്ചിട്ടുണ്ട്. യശ്വസി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ ഗംഭീര ഫോമില്‍ കളിക്കുന്നു. ഇത്തവണ രാജസ്ഥാനെ കപ്പടിപ്പിച്ചാലും സഞ്ജുവിന് ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ അത് മതിയാവില്ല. അതിന് റണ്‍വേട്ടക്കാരില്‍ ടോപ് അഞ്ചിനുള്ളിലെങ്കിലും സഞ്ജുവിന് എത്തേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ മലയാളി നായകന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.