ഐപിഎല്ലില്‍ വലിയ പ്രതീക്ഷകള്‍ നല്‍കി തുടരെ രണ്ടാം സീസണിലും പ്ലേഓഫിലെത്തിയിട്ടും ഫൈനലിലെത്താതെ പുറത്തായിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. പക്ഷെ കഴിഞ്ഞ സീസണിലെ പ്ലേഓഫിനെ അപേക്ഷിച്ച് ഇത്തവണ ലഖ്‌നൗ പൊരുതാന്‍ പോലും കഴിയാതെയാണ് വീണത്. ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന എലിമിനേറ്ററില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനോടു ലഖ്‌നൗ തകര്‍ന്നടിയുകയായിരുന്നു. 81 റണ്‍സിന്റെ വമ്പന്‍ ജയമാണ് രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയത്. ബാറ്റിങ് നിരയുടെ ദയനീയ പ്രകടനമാണ് ക്രുനാല്‍ പാണ്ഡ്യയുടെ ടീമിന്റെ കഥകഴിച്ചത്.
കെഎല്‍ രാഹുലിന്റെ അഭാവത്തില്‍ താല്‍ക്കാലിക ക്യാപ്റ്റനായ ക്രുനാലിനെയായിരുന്നു ലഖ്‌നൗവിന്റെ പതനത്തില്‍ എല്ലാവരും പഴിച്ചത്. അദ്ദേഹത്തിന്റെ മോശം ക്യാപ്റ്റന്‍സിയാണ് ടീമിന്റെ ഇത്രയും ദയനീയ പ്രകടനത്തിനു കാരണമെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു. യഥാര്‍ഥത്തില്‍ പ്രശ്‌നം ക്രുനാലിന്റേതാണോ? അല്ലെന്നു തന്നെയാണ് ഇതിനുള്ള ഉത്തരം.

കാരണം സീസണിലുടനീളം ചില പ്രശ്‌നങ്ങള്‍ ലഖ്‌നൗവിനുണ്ടായിരുന്നു. പക്ഷെ ലീഗ് ഘട്ടത്തിലെ മല്‍സരങ്ങളില്‍ ഇവയൊന്നും അത്ര മാത്രം പ്രകടമായിരുന്നില്ല. എന്നാല്‍ പ്ലേഓഫില്‍ ഇവയെല്ലാം മറനീക്കി പുറത്തുവന്നതോടെ ലഖ്‌നൗ വന്‍ പരാജയത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു. അവരെ കുഴപ്പത്തിലാക്കിയ മൂന്നു പ്രശ്‌നങ്ങള്‍ എന്തൊക്കെ ആയിരുന്നുവെന്നു പരിശോധിക്കാം.
ചില വമ്പന്‍ താരങ്ങളെ അമിതമായി ആശ്രയിച്ചുവെന്നതായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ആദ്യത്തെ ദൗര്‍ബല്യം. ഭൂരിഭാഗം മല്‍സരങ്ങളിലും ഒന്നോ, രണ്ടോ കളിക്കാരെ മാത്രം ആശ്രയിച്ചാണ് അവര്‍ വിജയങ്ങള്‍ നേടിയത്. ടീമെന്ന നിലയില്‍ കൂട്ടായ ഒരു പ്രകടനം കാഴ്ചവയ്ക്കുന്നതില്‍ ലഖ്‌നൗ പരാജയപ്പെട്ടു. പരിചയ സമ്പന്നനായ സ്പിന്നര്‍ അമിത് മിശ്രയില്‍ ടീം മാനേജ്‌മെന്റിനു വിശ്വാസം നഷ്ടമായതോടെ മധ്യ ഓവറുകളില്‍ വിക്കറ്റുകളെടുക്കുകയെന്ന ചുമതല രവി ബിഷ്‌നോയ്ക്കു മാത്രമായി മാറി. ബിഷ്‌നോയിയെക്കൂടാതെ ക്രുനാല്‍ പാണ്ഡ്യയും കെ ഗൗതവും അത്ര വിശ്വസ്തരായ സ്പിന്നര്‍മാരായിരുന്നില്ല.
ബാറ്റിങില്‍ ഭൂരിഭാഗം മല്‍സരങ്ങളിലും ലഖ്‌നൗവിനെ ജയിപ്പിച്ചത് മാര്‍ക്കസ് സ്റ്റോയ്‌നിസും നിക്കോളാസ് പൂരനുമായിരുന്നു. പലപ്പോഴും തുടക്കം പാളിയിരുന്ന ലഖ്‌നൗവിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നിരുന്നത് സ്റ്റോയ്‌നിസിന്റെ ഇന്നിങ്‌സുകളായിരുന്നു. അതിനു ശേഷം ഫിനിഷിങിന്റെ ചുമതല പൂരന്‍ ഭംഗിയാക്കുകയും ചെയ്തു.
ഇവരെക്കൂടാതെ ദീപക് ഹൂഡ, മനന്‍ വോറ, കരണ്‍ ശര്‍മ, ക്രുനാല്‍ എന്നിവര്‍ക്കൊന്നും ബാറ്റിങില്‍ കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. കൈല്‍ മയേഴ്‌സ്, ക്വിന്റണ്‍ ഡികോക്ക്, ആയുഷ് ബദോനി എന്നിവര്‍ സ്ഥിരത പുലര്‍ത്തുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. ബൗളിങില്‍ ബിഷ്‌നോയിക്കൊഴികെ മറ്റു ബൗളര്‍മാര്‍ക്കൊന്നും കാര്യമായി വിക്കറ്റുകളുമെടുക്കാനായില്ല. 13 വിക്കറ്റുകളാണ് യുവ സ്പിന്നര്‍ നേടിയത്.

ബാറ്റിങ് ഓര്‍ഡറില്‍ സ്ഥിരയില്ലാതെ പോയതും കളിക്കാര്‍ക്കു പ്രത്യേക റോളുകള്‍ നല്‍കാന്‍ കഴിയാതെ പോയതുമാണ് ലഖ്‌നൗവിനു തിരിച്ചടിയായ രണ്ടാമത്തെ കാര്യം. സ്പിന്നര്‍മാരെ നേരിടാന്‍ മാര്‍ക്കസ് സ്റ്റോയ്‌നിസിനെയാണ് എല്ലായ്‌പ്പോഴും അവര്‍ ക്രീസിലേക്കു അയച്ചത്. അദ്ദേഹം തന്റെ റോള്‍ മോശമാക്കിയതുമില്ല.
പക്ഷെ ലോവര്‍ ഓര്‍ഡറില്‍ സ്‌റ്റോയ്നിസിനെ കളിപ്പിച്ചിരുന്നെങ്കില്‍ അതു കൂടുതല്‍ ഇംപാക്ടുണ്ടാക്കുമായിരുന്നു. നിക്കോളാസ് പൂരനു പലപ്പോഴും കുറച്ചു ബോളുകള്‍ മാത്രമേ നേരിടാന്‍ അവസരം ലഭിച്ചുള്ളൂ. സമ്മര്‍ദ്ദഘട്ടങ്ങളില്‍ ക്രീസിലെത്തിയതിനാല്‍ തുടക്കത്തില്‍ തന്നെ സിക്‌സറുകളടിക്കാന്‍ താരം നിര്‍ബന്ധിതനാവുകയും ചെയ്തു.
കഴിഞ്ഞ സീസണില്‍ ബാറ്റിങില്‍ തിളങ്ങിയ ആയുഷ് ബദോനിയും ദീപക് ഹൂഡയും ഇത്തവണ നിരാശപ്പെടുത്തി. ഹൂഡയായിരുന്നു ഏറ്റവും വലിയ ഫ്‌ളോപ്പ്. ഓപ്പണിങ് മുതല്‍ ഏഴാം നമ്പറില്‍ വരെ താരത്തെ ലഖ്‌നൗ പരീക്ഷിച്ചെങ്കിലും എവിടെയും ക്ലിക്കായില്ല. ക്രുനാലിനെ ടോപ് ഓര്‍ഡറില്‍ ഇറക്കിയ തന്ത്രവും വിജയം കണ്ടില്ല. ക്രുനാലിനു പകരം പൂരനെ ടോപ് ഓര്‍ഡറില്‍ കളിപ്പിച്ചിരുന്നെങ്കില്‍ അതു കൂടുതല്‍ ഇംപാക്ടുണ്ടാക്കുമായിരുന്നു.

സീസണിലുടനീളം ടീമില്‍ അഴിച്ചുപണികള്‍ നടത്തിക്കൊണ്ടിരുന്നുവെന്നതാണ് ലഖ്‌നൗവിന്റെ പതനത്തിനു വഴിയൊരുക്കിയ മൂന്നാമത്തെ കാരണം. ഒരു ഇലവനിലും വിശ്വാസമര്‍പ്പിക്കാതെ അവര്‍ കളിക്കാരെ മാറി മാറി പരീക്ഷിച്ചുകൊണ്ടേയിരുന്നു. വെറും നാലു കളിക്കാര്‍ മാത്രമാണ് സീസണില്‍ ആകെയുള്ള 15 മല്‍സരങ്ങളിലും കളിച്ചത്. ബാക്കിയുള്ളവരല്ലാം ടീമിലേക്കു വന്നും പോയ്‌ക്കൊണ്ടുമിരുന്നു. ഇതു ടീമെന്ന നിലയില്‍ അവര്‍ക്കു ഒരു സ്ഥിരതയും നല്‍കിയില്ല. സ്‌റ്റോയ്‌നിസ്, പൂരന്‍, ക്രുനാല്‍, ബിഷ്‌നോയ് എന്നീ നാലു പേരൊഴികെ മറ്റു കളിക്കാരെല്ലാം ടൂര്‍ണമെന്റലുടനീളം ലഖ്‌നൗ ഇലവനിലെ സന്ദര്‍ശകര്‍ മാത്രമായിരുന്നു.
എട്ടു കളിക്കാരാണ് സീസണില്‍ അഞ്ചോ, അതില്‍ കുറച്ചോ മല്‍സരങ്ങളില്‍ കളിക്കാനിറങ്ങിയത്. കൂടാതെ ഇംപാക്ട് പ്ലെയറെ ശരിയായ രീതിയില്‍ ഉപയോഗിക്കുന്ന കാര്യത്തിലും ലഖ്‌നൗവിനു പിഴവുകള്‍ സംഭവിച്ചു. വേദികളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോല്‍ പലപ്പോഴും ഇംപാക്ട് പ്ലെയറുടെ സെലക്ഷന്റ കാര്യത്തില്‍ ലഖ്‌നൗവിനു വീഴ്ചകള്‍ സംഭവിക്കുകയും ചെയ്തു.
ഏറ്റവും മികച്ച ഇലവന്‍ ഏതാണെന്ന കാര്യത്തില്‍ തങ്ങള്‍ക്കു വ്യക്തതയില്ലെന്നു എലിമിനേറ്ററിലെ അവരുടെ ടീം സെലക്ഷന്‍ തന്നെ വലിയ തെളിവാണ്. മികച്ച ഇലവനെ സീസണിന്റെ തുടക്കത്തില്‍ തന്നെ കണ്ടെത്തുകയും അവരില്‍ വിശ്വാസമര്‍പ്പിച്ച് തുടര്‍ച്ചയായി കളിപ്പിക്കുകയും ചെയ്തിരുന്നെങ്കില്‍ ലഖ്‌നൗവിന്റെ വിധി മറ്റൊന്നാവുമായിരുന്നു.