ഐപിഎല്‍ സീസണ്‍ സമാപിച്ചതിനു പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസ നായകന്‍ എംഎസ് ധോണിയെയും മുംബൈ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും താരതമ്യം ചെയ്തിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ചാം ഐപിഎല്‍ കിരീടത്തലേക്കു നയിച്ചതോടെ രോഹിത്തിന്റെ പേരിലുള്ള ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം ധോണിയെത്തിയിരുന്നു.
നേരത്തേ അഞ്ചു ട്രോഫികളുമായി ഹിറ്റ്മാനായിരുന്നു തലപ്പത്ത്. ഇത്തവണ ധോണിയും അദ്ദേഹത്തിനൊപ്പം ഒന്നാംസ്ഥാനത്തിനു അവകാശിയായിരിക്കുകയാണ്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു എംഎസ് ധോണിയെയും രോഹിത് ശര്‍മയെയും സല്‍മാന്‍ ബട്ട് താരതമ്യം ചെയ്തത്.

പക്ഷെ അതു ക്യാപ്റ്റന്‍സിയുടേയോ, പ്രകടനത്തിന്റെയോ കാര്യത്തില്‍ ആയിരുന്നില്ല. മറിച്ച് ഫിറ്റ്‌നസിന്റെ കാര്യത്തിലായിരുന്നു. യൂട്യൂബ് ചാനലില്‍ ലൈവില്‍ വന്നപ്പോഴായിരുന്നു ഒരു ആരാധകന്‍ ധോണിയുടെയും രോഹിത്തിന്റെയും ഫിറ്റ്‌നസ് നിലവാരത്തെക്കുറിച്ച് താരതമ്യം ചെയ്യാമോയെന്നു ബട്ടിനോടു ചോദിച്ചത്. ആദ്യമൊന്നു ചിരിച്ച ശേഷമായിരുന്നു അദ്ദേഹം ഇതിനു മറുപടി നല്‍കിയത്.
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ എംഎസ് ധോണിയെയും രോഹിത് ശര്‍മയെയും തമ്മില്‍ താരതമ്യം പോലും ചെയ്യരുതെന്നും അത്രയും വലിയ അന്തരം ഇരുവര്‍ക്കുമിടയിലുണ്ടെന്നും സല്‍മാന്‍ ബട്ട് വ്യക്തമാക്കി. രോഹിത് ശര്‍മയ്ക്കു വലിയൊരു പദവിയുണ്ട്. അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാണ്. എല്ലാ തരത്തിലും അദ്ദേഹം ടീമിനു മാതൃക കാണിക്കേണ്ടയാളാണ്.
ഫിറ്റ്‌നസെന്നത് വളരെ പ്രധാനപ്പെട്ട കാര്യവുമാണ്. ഒരു ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങള്‍ സ്വന്തം ടീമില്‍ നിന്നും എന്തെങ്കിലും ആവശ്യപ്പെടുകയാണെങ്കില്‍ അതു ആദ്യം നിങ്ങളില്‍ സ്വയമുണ്ടാവണം. നിങ്ങള്‍ ഏറ്റവും മുകളില്‍ നില്‍ക്കണമെന്നും രോഹിത് ശര്‍മയ്‌ക്കെതിരേ സല്‍മാന്‍ ബട്ട് തുറന്നടിച്ചു.
രോഹിത് ശര്‍മയിലേക്കു നോക്കുകയാണെങ്കില്‍ അദ്ദേഹം ഒരുപാട് മെച്ചപ്പെടുത്തേണ്ട ഒരു കാര്യം ഫിറ്റ്‌നസ് തന്നെയാണെന്നു നിങ്ങള്‍ക്കു തിരിച്ചറിയാന്‍ സാധിക്കും. ഫിറ്റ്‌നസ് നിലവാരമുയര്‍ത്തിയാല്‍ അതു രോഹിത്തിന്റെ ബാറ്റിങും ആത്മവിശ്വാസവും മെച്ചപ്പെടുത്തുകയും ചെയ്യും.
പക്ഷെ നമ്മള്‍ ഇതിനെക്കുറിച്ച് ദീര്‍ഘകാലമായി പറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് രോഹിത്തിന് മതിയായ ഫിറ്റ്‌നസ് ഇല്ലാത്തതെന്നു എനിക്കറിയില്ല. ഒരുപക്ഷെ ഇതിന്റെ കാരണം അദ്ദേഹത്തിനു തന്നെ സ്വയം അറിയാമായിരിക്കുമെന്നും സല്‍മാന്‍ ബട്ട് വിശദമാക്കി.

41ാം വയസ്സിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ചുകൊണ്ടിരിക്കുന്ന എംഎസ് ധോണി അടുത്ത സീസണിലും കളിക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു ഫൈനലിനു ശേഷം വ്യക്തമാക്കിയത്. ബാറ്റിങില്‍ സിഎസ്‌കെയ്ക്കായി ഫിനിഷറുടെ റോളില്‍ അവസാന രണ്ടോവറുകളില്‍ മാത്രമാണ് അദ്ദേഹം ബാറ്റ് ചെയ്തത്. മോശമല്ലാത്ത പ്രകടനം നടത്തുകയും ചെയ്തു.
എന്നാല്‍ ക്യാപ്റ്റന്‍സിയിലും വിക്കറ്റ് കീപ്പിങിലും തനിക്കു ഇപ്പോഴും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു അദ്ദേഹം കാണിച്ചുതന്നു. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയ ധോണിയുടെ മിന്നല്‍ സ്റ്റംപിങിനെ ലോകം മുഴുവന്‍ വാഴ്ത്തുകയും ചെയ്തിരുന്നു. വെറും 0.1 സെക്കന്റിലായിരുന്നു ഗില്ലിന്റെ സ്റ്റംപിങ് അദ്ദേഹം നടത്തിയത്.
എന്നാല്‍ ബാറ്ററെന്ന നിലയില്‍ രോഹിത് ശര്‍മയ്ക്കു ഒട്ടും മികച്ച സീസണായിരുന്നില്ല ഇത്തവണത്തേത്. പലപ്പോഴും നല്ല തുടക്കങ്ങള്‍ ലഭിച്ചെങ്കിലും അവ വലിയ ഇന്നിങ്‌സുകളാക്കി മാറ്റാന്‍ കഴിയാതെ അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ഹിറ്റ്മാന്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
16 മല്‍സരങ്ങളില്‍ നിന്നും 20.75 ശരാശരിയില്‍ 132.80 സ്‌ട്രൈ്ക്ക് റേറ്റോടെ 332 റണ്‍സാണ് രോഹിത്തിനു നേടാനായത്. എങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം ഈ സീസണിലും മികവ് ആവര്‍ത്തിച്ചു. ദുര്‍ബലമായ ബൗളിങ് നിരയെ വച്ച് ടീമിനെ പ്ലേഓഫിലെത്തിക്കാനായത് അദ്ദേഹത്തിനു അഭിമാനിക്കാന്‍ വക നല്‍കുന്നു. സെമി ഫൈനലിനു തുല്യമായ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു തോറ്റായിരുന്നു മുംബൈ പുറത്തായത്.