മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലും നട്ടെല്ലായ താരമാണ് സൂര്യകുമാര്‍ യാദവ്. മൈതാനത്തിന്റെ എല്ലാ വശത്തേക്കും സിക്‌സര്‍ പറത്തുന്ന സൂര്യകുമാറിന്റെ ബാറ്റിങ് ശൈലി അധികമാര്‍ക്കും അനുകരിക്കാനാവാത്തതാണ്. അതുകൊണ്ട് തന്നെ ആരാധക മനസില്‍ സൂര്യക്ക് വലിയ സ്ഥാനവുമുണ്ട്. ആരാധകര്‍ സൂര്യകുമാര്‍ എന്ന് വിളിക്കുന്നതിലും കൂടുതല്‍ സ്‌കൈ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
സ്‌കൈ എന്ന പേര് അദ്ദേഹത്തിന്റെ മാനംമുട്ടെയുള്ള സിക്‌സുകളുടെ പേരില്‍ ചാര്‍ത്തപ്പെട്ട് കിട്ടിയതാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇപ്പോള്‍ തന്റെ സ്‌കൈ എന്ന പേരിന് പിന്നിലെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യകുമാര്‍. മുംബൈ ഇന്ത്യന്‍സിലെത്തിയ ശേഷമല്ല ഈ പേര് വന്നതെന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിച്ചിരുന്നപ്പോഴാണ് ഈ പേര് ലഭിച്ചതെന്നുമാണ് സൂര്യകുമാര്‍ വെളിപ്പെടുത്തിയത്.

'സ്‌കൈയെന്ന പേര് വന്നത് 2014-15ലാണ്. ആ സമയത്ത് കെകെആറിനായാണ് കളിക്കുന്നത്. ആ സമയത്ത് ഗൗതി ഭായിയാണ് ആ പേര് എനിക്ക് നല്‍കിയത്. അതിന്റെ കാരണവുമുണ്ട്, സൂര്യകുമാര്‍ യാദവ് എന്നത് വളരെ നീണ്ട പേരാണ്. അത് വിളിക്കാന്‍ പ്രയാസമാണ്. അതുകൊണ്ടാണ് ഗൗതി ഭായി എന്നെ സൂര്യയെന്ന് വിളിച്ചത്'- സൂര്യകുമാര്‍ യാദവ് പറഞ്ഞു. പിന്നീട് സ്‌കൈ എന്ന പേര് എല്ലാവരും ഏറ്റെടുക്കുകയും കമന്റേറ്റര്‍മാരടക്കം ഈ പേര് ഉപയോഗിച്ച് സൂര്യകുമാറിനെ പ്രശംസിക്കുകയും ചെയ്തു.
തന്റെ ഇഷ്ടപ്പെട്ട നഗരം യുകെയാണെന്ന് വെളിപ്പെടുത്തിയ സൂര്യ തന്റെ ഷോട്ടിന് 'ദി സുപ്ല ഷോട്ട്' എന്ന പേരുവന്നതിനെക്കുറിച്ചും തുറന്നുപറഞ്ഞു. 'ടെന്നിസ് ക്രിക്കറ്റില്‍ നിന്നാണ് ദി സുപ്ല ഷോട്ടെന്ന പേരുവന്നത്. ഈ പേരിന് അര്‍ത്ഥം തല ലക്ഷ്യമാക്കിയെത്തുന്ന പന്ത് വിക്കറ്റ് കീപ്പറിന് മുകളിലൂടെ അടിച്ചുപറത്തുകയെന്നതാണ്. അതുകൊണ്ടാണ് എന്റെ അത്തരം ഷോട്ടുകള്‍ക്ക് സുപ്ല ഷോട്ടെന്ന് പേരുവന്നത്'- സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ഇന്ത്യന്‍ ടീമിലെ തന്റെ ഇഷ്ട താരങ്ങളെക്കുറിച്ചും സൂര്യ മനസുതുറന്നു. 'ഇന്ത്യന്‍ ടീമിലെ എല്ലാവരും അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ കൂടുതല്‍ അടുപ്പമുള്ളത് ഇഷാന്‍ കിഷന്‍, മുഹമ്മദ് സിറാജ്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ എന്നിവരോടാണ്. ഇവരോടൊപ്പം സമയം ചിലവിടാനാണ് കൂടുതല്‍ ആഗ്രഹിക്കുന്നത്'-സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റിസര്‍വ് താരമായി സൂര്യകുമാറുമുണ്ട്.
നിലവില്‍ ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിനൊപ്പമാണ് സൂര്യയുള്ളത്. എന്നാല്‍ ഫൈനലില്‍ കളിക്കാനുള്ള അവസരം സൂര്യക്ക് ലഭിച്ചേക്കില്ല. ശ്രേയസ് അയ്യരുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവിനാണ് അവസരം ലഭിക്കേണ്ടിയിരുന്നതെങ്കിലും അജിന്‍ക്യ രഹാനെയുടെ മടങ്ങിവരവോടെ സൂര്യ പ്ലേയിങ് 11 പുറത്തായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. രഹാനെക്ക് പരിക്കേല്‍ക്കാത്ത സാഹചര്യത്തില്‍ സൂര്യ ബെഞ്ചിലിരിക്കും.

കെകെആര്‍ ഒഴിവാക്കിയ സൂര്യകുമാര്‍ മുംബൈ ഇന്ത്യന്‍സിലേക്കെത്തിയതോടെ താരത്തിന്റെ കരിയര്‍ മാറി മറിയുകയും ഇന്ത്യന്‍ ടീമിലേക്കടക്കം വളരാന്‍ അവസരം ലഭിക്കുകയും ചെയ്തു. ഇത്തവണത്തെ സൂര്യയുടെ പ്രകടനം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. 16 മത്സരത്തില്‍ നിന്ന് 605 റണ്‍സാണ് സൂര്യ നേടിയത്. 181.14 സ്‌ട്രൈക്കറേറ്റിലായിരുന്നു സൂര്യയുടെ ബാറ്റിങ്. ഒരു സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റിയും സൂര്യ നേടിയെടുത്തു.
ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിലും ഏഷ്യാ കപ്പിലും ഇന്ത്യയുടെ നട്ടെല്ലായി സൂര്യയുണ്ടാവുമെന്നുറപ്പ്. നാലാം നമ്പറില്‍ നിലവിലെ ഇന്ത്യയുടെ വിശ്വസ്തനാണ് സൂര്യ. സമ്മര്‍ദ്ദ സാഹചര്യത്തില്‍ റണ്‍സുയര്‍ത്താന്‍ സൂര്യക്ക് അസാധ്യ മികവുണ്ട്. ഏത് സാഹചര്യത്തിലും വെടിക്കെട്ട് നടത്താന്‍ സൂര്യക്ക് സാധിക്കും. കോപ്പീ ബുക്ക് ശൈലിയില്‍ കളിക്കുന്ന താരമല്ല സൂര്യ. അദ്ദേഹത്തിന്റെ ഷോട്ടുകളെല്ലാം അധികമാരും കളിക്കാത്തതാണ്.