ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ആദ്യ ജയം നേടിയെടുത്തിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ തട്ടകത്തില്‍ 12 റണ്‍സിനാണ് സിഎസ്‌കെ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗവിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടാനായത്. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ ശേഷമാണ് സിഎസ്‌കെയുടെ തിരിച്ചുവരവ്.
എന്നാല്‍ സ്വന്തം മണ്ണില്‍ 12 റണ്‍സിന് മാത്രമാണ് സിഎസ്‌കെയ്ക്ക് ജയിക്കാനായതെന്നത് നിരാശപ്പെടുത്തുന്നത്. ഇത്രയും വലിയൊരു ടോട്ടല്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തിട്ടും സിഎസ്‌കെയ്ക്ക് വലിയൊരു ജയം നേടാനായില്ല. ടീമിന്റെ ജയത്തില്‍ എംഎസ് ധോണിയും അത്ര സന്തുഷ്ടവാനല്ല. മത്സരശേഷം അദ്ദേഹം നടത്തിയ പ്രതികരണങ്ങളില്‍നിന്ന് തന്നെ ഇത് വ്യക്തം. നായകസ്ഥാനം ഒഴിയുമെന്നടക്കമുള്ള മുന്നറിയിപ്പ് ധോണി നല്‍കിക്കഴിഞ്ഞു.

അവസാന സീസണിലെ ഒമ്പതാം സ്ഥാനക്കാരായ സിഎസ്‌കെയ്ക്ക് ഇത്തവണ ശക്തമായ തിരിച്ചുവരവ് ആവിശ്യമാണ്. ധോണിയുടെ അവസാന സീസണെന്ന നിലയിലും കിരീട പ്രതീക്ഷകളേറെ. എന്നാല്‍ ബൗളര്‍മാരുടെ ഒരു പ്രശ്‌നം ടീമിനെ തളര്‍ത്തുകയാണ്. ഇതിനെക്കുറിച്ച് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇതിഹാസ താരങ്ങളായ സുനില്‍ ഗവാസ്‌കറും ഇയാന്‍ ബിഷോപ്പും. ധോണിയോട് സംസാരിച്ചിരുന്നെന്നും ടീമിന്റെ ഒരു പ്രശ്‌നം അംഗീകരിക്കാനാവില്ലെന്നും അവന്‍ പറഞ്ഞെന്നുമാണ് ഇരുവരും വെളിപ്പെടുത്തിയത്.
അത് ബൗളര്‍മാര്‍ എക്‌സ്ട്രാസ് വഴങ്ങുന്നതിനെക്കുറിച്ചാണ് ധോണി പറഞ്ഞത്. ബൗളര്‍മാര്‍ അനാവശ്യമായി റണ്‍സ് വഴങ്ങുന്ന സാഹചര്യമുണ്ട്. നോബോളും വൈഡിലൂടെയും നിരവധി റണ്‍സ് വിട്ടുകൊടുക്കുന്നു. ഇതില്‍ ധോണിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആദ്യ മത്സരത്തില്‍ 16 വൈഡാണ് സിഎസ്‌കെ ബൗളര്‍മാര്‍ എറിഞ്ഞത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ ഇത് 12 വൈഡുമായി.

കൂടാതെ അഞ്ച് നോബോളുകളാണ് രണ്ട് മത്സരങ്ങളില്‍ നിന്ന് സിഎസ്‌കെ ബൗളര്‍മാര്‍ എറിഞ്ഞത്. ഇത് അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. ബൗളര്‍മാരുടെ എക്‌സ്ട്രാസില്‍ നിയന്ത്രണമില്ലാത്ത ശൈലിയില്‍ ധോണിക്ക് കടുത്ത അതൃപ്തിയാണുള്ളത്. ബൗളര്‍മാരുടെ ഈ പിഴവ് ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും മെച്ചപ്പെടേണ്ടതായുണ്ടെന്നും ധോണി തങ്ങളോട് സംസാരിച്ചുവെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.
ചെന്നൈയില്‍ വലിയ ജയം നേടേണ്ട സമയത്താണ് ഇത്തരം എക്‌സ്ട്രാസുകളിലൂടെ വിജയ റണ്‍സ് കുറഞ്ഞുപോകുന്നത്. അവസാന സമയത്ത് ഓരോ ജയങ്ങളും ഓരോ റണ്‍സും പ്ലേ ഓഫിലേക്കെത്താന്‍ നിര്‍ണ്ണായകമാവും. അതുകൊണ്ട് തന്നെ തട്ടകത്തില്‍ വലിയ ജയങ്ങള്‍ ടീമുകള്‍ നേടേണ്ടതായുണ്ട്. ഇത്തവണ കിരീടത്തോടെ പടിയിറങ്ങാന്‍ ധോണി ആഗ്രഹിക്കുന്നു. അതിനാല്‍ വലിയ ജയങ്ങള്‍ ടീം നേടണമെന്ന വാശി ഇത്തവണ ധോണിക്ക് കൂടുതലാണ്.

പതിവില്‍ നിന്ന് വ്യത്യസ്തമായ ശരീര ഭാഷയാണ് ധോണിയുടേത്. ക്യാപ്റ്റന്‍ ഇത്തവണ കൂളല്ലെന്ന് പറയാം. ധോണിയുടെ പതിവ് ചിരി ഇത്തവണ മത്സരങ്ങളില്‍ കാണുന്നില്ല. അല്‍പ്പം ഗൗരവത്തിലാണ് ധോണിയുള്ളത്. ഇത് ഈ സീസണില്‍ അദ്ദേഹം അത്രമാത്രം കിരീടം ആഗ്രഹിക്കുന്നതിനാലാണ്. സിഎസ്‌കെയുടെ പേസ് നിരയില്‍ ആശങ്കകളേറെയാണ്. മുകേഷ് ചൗധരിക്ക് പരിക്കേറ്റത് ടീമിനെ കാര്യമായി ബാധിക്കുന്നുണ്ട്. ദീപക് ചഹാര്‍ മോശം ഫോമിലും.
ഡ്വെയ്ന്‍ ബ്രാവോയുടെ വിരമിക്കല്‍ സൃഷ്ടിച്ച വലിയ വിടവും സിഎസ്‌കെയിലുണ്ട്. ഇതെല്ലാം ടീമിനെ കാര്യമായി ബാധിക്കുകയും ചെയ്യുന്നു. ഇംപാക്ട് പ്ലയറായി രണ്ട് മത്സരങ്ങള്‍ കളിച്ച തുഷാര്‍ ദെശപാണ്ഡെ വിക്കറ്റ് നേടുന്നുണ്ടെങ്കിലും റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്നില്ല. കൂടാതെ എക്‌സ്ട്രാസിലും മുന്നിട്ട് നില്‍ക്കുന്നു. പേസ് ബൗളര്‍മാരുടെ പ്രകടനം മെച്ചപ്പെടാത്ത പക്ഷം സിഎസ്‌കെയ്ക്ക് മുന്നോട്ടുള്ള കുതിപ്പ് കടുപ്പമാണെന്ന് പറയാം.