ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ സിഎസ്‌കെയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് വലിയ തിരിച്ചടി നല്‍കിയാണ് കെകെആറിനോട് തോറ്റത്. സ്വന്തം കട്ടകത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് സിഎസ്‌കെയെ ശരിക്കും തളര്‍ത്തി. സിഎസ്‌കെ നിര ബാറ്റിങ് മറന്നതാണ് തിരിച്ചടിയായി മാറിയത്. അവസാന മത്സരത്തില്‍ ഡല്‍ഹിക്കെതിരേ ജയിക്കാത്ത പക്ഷം സിഎസ്‌കെയ്ക്ക് പ്ലേ ഓഫിലേക്കെത്താനാവില്ല.
ഇപ്പോഴിതാ കെകെആറിനോടേറ്റ തോല്‍വിക്ക് പിന്നാലെ കെകെആര്‍ സ്പിന്നറെ പ്രശംസിച്ചിരിക്കുകയാണ് സിഎസ്‌കെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ്. കെകെആറിന്റെ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെയാണ് ഫ്‌ളമിങ് പ്രശംസിച്ചത്. വരുണിനെ വിട്ടുകളഞ്ഞത് വലിയ അബദ്ധമായിപ്പോയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'വരുണിനെ വിട്ടുകളഞ്ഞത് ഇപ്പോഴും സിഎസ്‌കെയെ വേദനിപ്പിക്കുന്നു. ഞങ്ങളോടൊപ്പം ഒന്നിലധികം വര്‍ഷം നെറ്റ്‌സില്‍ പന്തെറിഞ്ഞ താരമാണ് വരുണ്‍.

എന്നാല്‍ ലേലത്തിലേക്കെത്തിയപ്പോള്‍ ദൗര്‍ഭാഗ്യവശാല്‍ അവനെ ഒപ്പം കൂട്ടാന്‍ ഞങ്ങള്‍ക്കായില്ല. നെറ്റ്‌സില്‍ പന്തെറിയുമ്പോള്‍ത്തന്നെ അവന്റെ പ്രതിഭ മനസിലാക്കിയതാണ്. അവനായി അല്‍പ്പം കൂടി ഉയര്‍ന്ന തുക മുടക്കേണ്ടതായിരുന്നു'-ഫ്‌ളമിങ് പറഞ്ഞു. 13 മത്സരത്തില്‍ നിന്ന് 19 വിക്കറ്റുകളാണ് വരുണ്‍ സീസണില്‍ നേടിയത്. 8.3 ആണ് സ്‌ട്രൈക്കറേറ്റ്. ഇതിനോടകം ഇന്ത്യക്കായി കളിച്ചെങ്കിലും ഐപിഎല്ലിലെ മികവ് ആവര്‍ത്തിക്കാനായില്ല.
ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് വരുണ്‍. 2024ലെ ലോകകപ്പില്‍ ഇന്ത്യക്ക് മികച്ച സ്പിന്നര്‍മാരെ ആവിശ്യമാണ്. ഈ വിടവ് നികത്താന്‍ പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള താരമാണ് വരുണ്‍ ചക്രവര്‍ത്തി. എന്നാല്‍ ഇന്ത്യന്‍ പിച്ചുകളില്‍ മാത്രം മികവ് കാട്ടുന്ന ബൗളറാണ് വരുണെന്ന് പറയാം. യുഎഇയില്‍ ഐപിഎല്‍ നടന്നപ്പോള്‍ താരം മികവ് കാട്ടിയെങ്കിലും മറ്റ് വിദേശ രാജ്യങ്ങളില്‍ പോയാല്‍ മികവ് കാട്ടാന്‍ സാധിച്ചേക്കില്ല.
ടി20യിലേക്ക് മാത്രം പരിഗണിക്കാവുന്ന താരമാണ് വരുണെന്ന് പറയാം. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടുമോയെന്നത് കണ്ടറിയാം. താരത്തിന്റെ ഫിറ്റ്‌നസും പ്രശ്‌നമാണ്. അതിവേഗത്തില്‍ ഓടാനോ മികച്ച ക്യാച്ചുകളെടുക്കാനോ താരത്തിന് സാധിക്കില്ല. ബാറ്റുകൊണ്ടും കാര്യമായി സംഭാവന ചെയ്യാന്‍ കഴിവില്ല. അതുകൊണ്ട് തന്നെ വരുണിനെ ഇന്ത്യ പരിഗണിക്കാതിരിക്കാനും സാധ്യകളേറെയാണ്.
എന്നാല്‍ ഐപിഎല്ലില്‍ സ്ഥിരതയോടെ കളിക്കാന്‍ വരുണിന് സാധിക്കുന്നു. താരത്തിന്റെ പന്തുകള്‍ ബാറ്റ്‌സ്മാനെ വട്ടം കറക്കുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. അവസാന മത്സരത്തില്‍ സിഎസ്‌കെയെ കെകെആര്‍ തകര്‍ത്തപ്പോഴും വരുണിന്റെ ബൗളിങ് മികവ് നിര്‍ണ്ണായകമായിരുന്നു. 4 ഓവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് വരുണ്‍ വീഴ്ത്തിയത്. കുഴപ്പിക്കുന്ന ബൗളിങ് ആക്ഷനും വരുണിനുണ്ട്.

അതുകൊണ്ട് തന്നെ ബാറ്റ്‌സ്മാന്‍ക്ക് വരുണിനെ നേരിടുക പ്രയാസമാണ്. ഐപിഎല്ലിന്റെ 16ാം സീസണിലെ കെകെആര്‍ പ്ലേ ഓഫിലെത്താനുള്ള സാധ്യത കുറവാണ്. 13 മത്സരത്തില്‍ നിന്ന് 12 പോയിന്റാണ് ടീമിനുള്ളത്. ഒരു മത്സരം ശേഷിക്കെ ജയിച്ചാലും പ്ലേ ഓഫിലെത്താന്‍ മഹാത്ഭുതങ്ങള്‍ സംഭവിക്കണം. ശ്രേയസ് അയ്യരുടെ അഭാവത്തില്‍ നിധീഷ് റാണക്ക് കീഴിലിറങ്ങിയ കെകെആറിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല.
സിഎസ്‌കെയ്ക്ക് ഇത്തവണ പ്ലേ ഓഫ് കളിക്കാനായില്ലെങ്കില്‍ സിഎസ്‌കെ ആരാധകര്‍ക്കത് കടുത്ത നിരാശയുണ്ടാക്കുമെന്നുറപ്പ്. എംഎസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണാണിതെന്ന് ഏറെക്കുറെ ഉറപ്പാണ്. അതുകൊണ്ട് തന്നെ ധോണിക്ക് കിരീടത്തോടെ യാത്രയയപ്പ് നല്‍കാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നു. പക്ഷെ അവസാന മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റാല്‍ പ്ലേ ഓഫ് കാണാതെ സിഎസ്‌കെയ്ക്ക് പുറത്താവേണ്ടി വരും. ഇത് വലിയ നിരാശയുണ്ടാക്കുമെന്നുറപ്പ്.
ഡല്‍ഹിയുടെ തട്ടകത്തില്‍ നടക്കുന്ന മത്സരം എന്ത് വിലകൊടുത്തും സിഎസ്‌കെയ്ക്ക് ജയിക്കേണ്ടതായുണ്ട്. എന്നാല്‍ ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മ ടീമിനെ തകര്‍ക്കുന്നു. നിര്‍ണ്ണായക മത്സരത്തില്‍ സിഎസ്‌കെ ജയിച്ച് പ്ലേ ഓഫ് സീറ്റ് നേടുമോയെന്നത് കണ്ടറിയാം.