ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ പ്ലേ ഓഫിനോടടുക്കാനുള്ള നിര്‍ണ്ണായക മത്സരത്തില്‍ ആര്‍സിബിക്കായി തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് വിരാട് കോലി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 63 പന്തില്‍ 100 റണ്‍സാണ് കോലി നേടിയത്. 12 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് കോലി തന്റെ ആറാം ഐപിഎല്‍ സെഞ്ച്വറി നേടിയത്. ഐപിഎല്ലില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്നവരില്‍ ക്രിസ് ഗെയ്‌ലിനൊപ്പമെത്താനും കോലിക്കായി.
റണ്‍സ് പിന്തുടരുമ്പോള്‍ രണ്ട് സെഞ്ച്വറി നേടുന്ന ഏക ഇന്ത്യക്കാരനാണ് കോലി. സീസണിലെ കോലിയുടെ മെല്ലപ്പോക്ക് ബാറ്റിങ്ങിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്ന സമയത്താണ് നിര്‍ണ്ണായക മത്സരത്തിലെ രാജാവിന്റെ തകര്‍പ്പന്‍ സെഞ്ച്വറി പിറന്നത്. എല്ലാ വിരോധികളുടെയും വായടപ്പിക്കാന്‍ കോലിക്ക് സാധിച്ചു. ഭുവനേശ്വര്‍ കുമാറിന്റെ ആദ്യ രണ്ട് പന്തും ബൗണ്ടറി പറത്തി വരവറിയിച്ച കോലി പിന്നീടങ്ങോട്ട് തകര്‍ത്തടിക്കുകയായിരുന്നു.

ഇപ്പോഴിതാ കോലിയുടെ ഗംഭീര സെഞ്ച്വറിക്ക് പിന്നാലെ രോഹിത് ശര്‍മയെ ട്രോളുകയാണ് ആരാധകര്‍. ഹിറ്റ്മാന്‍ കോലിയെ കണ്ട് പഠിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. രോഹിത് റണ്‍സുകണ്ടെത്താനാവാതെ പതറുമ്പോള്‍ കോലി തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടുകയാണ്. റെക്കോഡുകള്‍ ഭേദിക്കാന്‍ കോലി പൊരുതുമ്പോള്‍ മുട്ടകച്ചവടത്തിലേക്ക് മുട്ടകള്‍ ശേഖരിക്കലിലാണ് രോഹിത്തിന് താല്‍പര്യമെന്നാണ് ആരാധകരുടെ പരിഹാസം.
2020 മുതലുള്ള രോഹിത്തിന്റെ ഐപിഎല്ലിലെ കണക്കുകള്‍ നോക്കുമ്പോള്‍ 30ന് മുകളില്‍ ശരാശരിയില്‍ ഒരു സീസണ്‍ പോലുമില്ല. സ്‌ട്രൈക്കറേറ്റും മോശം. മികച്ച ഫിറ്റ്‌നസില്ലാത്ത രോഹിത് സമീപകാലത്തായി റണ്‍സ് നേടാന്‍ വളരെയധികം പ്രയാസപ്പെടുകയാണ്. ഈ സീസണില്‍ ഒറ്റ ഫിഫ്റ്റി മാത്രമാണ് രോഹിത്തിന് നേടാനായത്. സമ്മര്‍ദ്ദമെന്ന് കേട്ടാല്‍ രോഹിത്തിന് മുട്ടിടിക്കുമ്പോള്‍ കോലി നിര്‍ണ്ണായക മത്സരങ്ങളില്‍ മുന്നില്‍ നിന്ന് നയിച്ച് ടീമിനെ ജയിപ്പിക്കുന്നു.
കോലിയാണ് ഏക രാജാവെന്നും കോലിയോട് ഒപ്പം രോഹിത്തിന് സ്ഥാനം നല്‍കുന്നത് നിര്‍ത്തണമെന്നുമെല്ലാമാണ് ആരാധകര്‍ പറയുന്നത്. മോശം ഫോമിലേക്ക് കൂപ്പുകുത്തിയിരുന്ന കോലി മടങ്ങിവരവ് ഗംഭീരമാക്കി തുടരുകയാണ്. 1490 ദിവസത്തിന് ശേഷമുള്ള തന്റെ ഐപിഎല്‍ സെഞ്ച്വറി സിക്‌സറിലൂടെയാണ് കോലി പൂര്‍ത്തിയാക്കിയത്. കോലിയുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രമുഖരടക്കം ആഘോഷിക്കുകയാണ്.

കഴിഞ്ഞ ദിവസം കോലിയും രോഹിത്തും ഇന്ത്യക്കായി ഇനി ടി20 കളിക്കേണ്ടെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞിരുന്നു. ശാസ്ത്രി ഇത് തിരുത്തണമെന്നും കോലിയെക്കൊണ്ട് എന്താണ് ടി20യില്‍ ചെയ്യാന്‍ സാധിക്കുകയെന്നത് പ്രകടനങ്ങള്‍ വിലയിരുത്തട്ടേയെന്നുമാണ് ആരാധകര്‍ പറയുന്നത്. രോഹിത് വേസ്റ്റാണെന്നും പ്രായം തളര്‍ത്തുന്ന രോഹിത് ഫിറ്റ്‌നസിന് ഒട്ടും ശ്രദ്ധ നല്‍കാത്ത താരമാണ്. തന്റെ സ്ഥാനം നഷ്ടമാവില്ലെന്ന ആത്മവിശ്വാസം രോഹിത്തിനുണ്ട്.
മുന്‍ കണക്കുകള്‍ നോക്കാതെ രോഹിത്തിനെ പുറത്താക്കണമെന്നുമെല്ലാം ആരാധകര്‍ പറയുന്നു. രോഹിത്തിന്റെ ഐപിഎല്ലിലെ മോശം ഫോമിനെ പരിഹസിക്കുന്നവര്‍ക്ക് മുന്നില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ കണക്കുകള്‍ നിരത്തിയാണ് രോഹിത് ആരാധകര്‍ പ്രതിരോധം തീര്‍ക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നാല് ടി20 സെഞ്ച്വറി നേടിയ താരമാണ് രോഹിത്. കോലി കഴിഞ്ഞിടെ അഫ്ഗാനിസ്ഥാനെതിരേയാണ് ടി20 സെഞ്ച്വറി നേടിയതെന്ന് മറക്കരുതെന്നാണ് രോഹിത് ആരാധകര്‍ പറയുന്നത്.
രോഹിത് ശര്‍മ ശക്തമായി തിരിച്ചുവരുമെന്നും ഐപിഎല്ലില്‍ അഞ്ച് തവണ കപ്പ് നേടിയ മറ്റാരുണ്ടെന്നും ആരാധകര്‍ ചോദിക്കുന്നു. കോലി സെല്‍ഫിഷായ താരമാണ്. പല മത്സരങ്ങളിലും സ്വന്തം നേട്ടത്തിനായി മെല്ലപ്പോക്ക് ബാറ്റിങ് നടത്തി. എന്നാല്‍ രോഹിത് തുടക്കം മുതല്‍ ആക്രമിച്ച് ടീമിന്റെ ജയത്തിനായാണ് പൊരുതുന്നത്. സ്വന്തം നേട്ടത്തിനായി കളിക്കുന്നവനല്ല രോഹിത്തെന്നും ആരാധകര്‍ പറയുന്നു.
13 മത്സരത്തില്‍ നിന്ന് നിന്ന് 1 സെഞ്ച്വറിയും 6 ഫിഫ്റ്റിയും ഉള്‍പ്പെടെ 538 റണ്‍സുമായി കോലി റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 13 മത്സരത്തില്‍ നിന്ന് 257 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. ഇതില്‍ രണ്ട് ഡെക്കും ഉള്‍പ്പെടും. ആര്‍സിബി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിയപ്പോള്‍ മുംബൈയുടെ സാധ്യതകള്‍ തുലാസിലാണെന്ന് പറയാം.