ഐപിഎല്ലിലെ അവസാനത്തെ ഹോം മല്‍സരത്തിലും ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കിനെ പുറത്ത് ഇരുത്തിയതിന്റെ പേരില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനു രൂക്ഷ വിമര്‍ശനം. ഹോംഗ്രൗണ്ടില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള മാച്ചിലാണ് ഉമ്രാനെ എസ്ആര്‍എച്ച് തഴഞ്ഞത്. എന്നാല്‍ എന്തുകൊണ്ടാണ് പേസറെ കളിപ്പിക്കാതിരുന്നത് എന്നതിനെക്കുറിച്ച് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം നല്‍കിയ മറുപടി എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ടോസിന്റെ സമയത്തായിരുന്നു ഉമ്രാന്റെ അഭാവത്തെപ്പറ്റി അദ്ദേഹം പ്രതികരിച്ചത്.
ഉമ്രാന്‍ മാലിക്ക് പ്ലെയിങ് ഇലവനില്‍ ഇല്ലാത്തതിനെക്കുറിച്ച് സത്യസന്ധമായി പറയുകയാണെങ്കില്‍ എനിക്കു വലിയ ഉറപ്പില്ല. തീര്‍ച്ചയായും 150 കിമി വേഗതയില്‍ ബൗള്‍ ചെയ്യുന്ന അദ്ദേഹം എക്‌സ് ഫാക്ടര്‍ തന്നെയാണ്. പക്ഷെ തിരശീലയ്ക്കു പിറകില്‍ എന്തൊക്കെയാണ് നടക്കുന്നതെന്നു തനിക്കറിയില്ലെന്നായിരുന്നു എയ്ഡന്‍ മാര്‍ക്രമിന്റെ മറുപടി.

ടീം സെലക്ഷനില്‍ തനിക്കൊരു റോളുമില്ലെന്ന സൂചന കൂടിയാണ് അദ്ദേഹത്തിന്റെ ഈ വാക്കുകള്‍. ക്യാപ്റ്റനായിട്ടും ടീമില്‍ നിന്നും ഒരു താരത്തെ മാറ്റി നിര്‍ത്താനുള്ള കാരണമറിയില്ലെന്ന മാര്‍ക്രാമിന്റെ മറുപടിക്കെതിരേ വലിയ വിമര്‍ശമാണ് ആരാധകരില്‍ നിന്നുയരുന്നത്.
ഇതു ശരിക്കും ഷോക്കിങാണ്. കൂടാതെ അമ്പരപ്പിക്കുകയും ചെയ്യുന്നു. ഒരു പ്രത്യേക താരം എന്തു കൊണ്ടാണ് കളിക്കാത്തതെന്നു ക്യാപ്റ്റന് എന്തുകൊണ്ടാണ് യാതൊരു ഐഡിയയുമില്ലാത്തത്? എയ്ഡന്‍ മാര്‍ക്രമായിരിക്കില്ല പ്ലെയിങ് ഇലവന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് എന്നത് സമ്മതിക്കുന്നു. പക്ഷെ എന്തുകൊണ്ട് ഒരു താരം കളിക്കുന്നില്ലെന്നു പറയാന്‍ ക്യാപ്റ്റനു സാധിക്കണം.
സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മോശം ടീം മാനേജ്‌മെന്റാണ് ഇപ്പോഴത്തേത്. പോയിന്റ് പട്ടികയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ അവസാന സ്ഥാനം ഇപ്പോള്‍ ന്യായീകരിക്കപ്പെട്ടിരിക്കുകയാണ്. ക്യാപ്റ്റനായ എയ്ഡന്‍ മാര്‍ക്രമിന് ടീം മാനേജ്‌മെന്റ് കളിക്കാരുടെ ഒരു ഷീറ്റ് കളിക്കു മുമ്പ് നല്‍കുകയാണ്. ഗ്രൗണ്ടില്‍പ്പോയി അവരെ നയിക്കാനും ആവശ്യപ്പെടുന്നു. ഈ സീസണില്‍ ഹൈദരാബാദ് ടീമിന്റെ ദയനീയ പ്രകടനത്തിനും കാരണം ഇതു തന്നെയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

എയ്ഡന്‍ മാര്‍ക്രം അവസാന മല്‍സരത്തിനു ശേഷവും ഇന്നു ടോസിനു മുമ്പ് പറഞ്ഞതുമായ കാര്യങ്ങള്‍ നോക്കിയാല്‍ പ്ലെയിങ് ഇലവന്റെ കാര്യത്തില്‍ അദ്ദേഹത്തിനു ടീമില്‍ വലിയ റോളില്ലെന്നു വ്യക്തമായി. അനുമതി ലഭിച്ചാല്‍ അവസരം നല്‍കാന്‍ ഇഷ്ടമാണെന്നായിരുന്നു മാര്‍ക്രം അന്നു പറഞ്ഞത്. ഇന്നു ഉമ്രാന്‍ മാലിക്കിനെ ഒഴിവാക്കിയതിനെക്കുറിച്ച് അദ്ദേഹത്തിന്റെ പക്കല്‍ ഉത്തരവുമില്ല.
ഉമ്രാന്‍ മാലിക്ക് കളിക്കാത്തതിനെക്കുറിച്ച് എയ്ഡന്‍ മാര്‍ക്രം പറഞ്ഞത് അന്വേഷിക്കപ്പെടേണ്ടത് ആവശ്യമാണ്. തീര്‍ച്ചയായും എസ്ആര്‍എച്ച് ടീമിന്റെ ഉടമകളും മാനേജ്‌മെന്റ് തലത്തില്‍ മുകളിലുള്ളവരാണ് കുറ്റവാളികള്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദും അവരുടെ ക്യാപ്റ്റന്‍മാര്‍ക്കും എന്തുപറ്റി? എന്തൊക്കെയോ കുഴപ്പം തോന്നുന്നുവെന്നായിരുന്നു ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
187 റണ്‍സ് വിജയലക്ഷ്യം
187 റണ്‍സിന്റെ വിജയലക്ഷ്യമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് അഞ്ചു വിക്കറ്റിനു 186 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ഹെന്‍ഡ്രിച്ച് ക്ലാസെന്റെ (104) കന്നി ഐപിഎല്‍ സെഞ്ച്വറിയാണ് ടീമിനു വലിയ ടോട്ടല്‍ സമ്മാനിച്ചത്. 51 ബോളുകള്‍ നേരിട്ട താരം എട്ടു ഫോറും ആറു സിക്‌സറുകളുമടിച്ചു.
പുറത്താവാതെ 27 റണ്‍സെടുത്ത ഹാരി ബ്രൂക്കാണ് മറ്റൊരു പ്രധാന സ്‌കോറര്‍. നായകന്‍ എയ്ഡന്‍ മാര്‍ക്രം (18), രാഹുല്‍ ത്രിപാഠി (15), അഭിഷേക് ശര്‍മ (11) എന്നിവര്‍ക്കു കാര്യമായ സംഭാവന നല്‍കാനായില്ല.