Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: കിങ് കോലി! ആറാം സെഞ്ച്വറി, ഹൈദരാബാദ് തരിപ്പണം; പ്ലേഓഫ് പ്രതീക്ഷ കാത്ത് ആര്‍സിബി

ഹൈദരാബാദ്: ഇടിവെട്ട് സെഞ്ച്വറിയുമായി ഇതിഹാസ ബാറ്റര്‍ വിരാട് കോലി കത്തിക്കയറിയപ്പോള്‍ ഐപിഎല്ലില്‍ പ്ലേഓഫിലേക്കു ഒരു ചുവട് കൂടി അടുത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. നോക്കൗട്ടിനു തുല്യമായ നിര്‍ണായക മാച്ചില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആര്‍സിബി നിലംപരിശാക്കുകയായിരുന്നു. ഇതോടെ മറ്റു പല ടീമുകളുടെയും നെഞ്ചിടിപ്പ് കൂടിയിരിക്കുകയാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അവരുടെ ഗ്രൗണ്ടില്‍ എട്ടു വിക്കറ്റിനു വിക്കറ്റിനു ആര്‍സിബി നിഷ്പ്രഭരാക്കുകയായിരുന്നു. ആര്‍സിബി ഈ മല്‍സരം തോറ്റിരുന്നെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും പ്ലേഓഫിലേക്കു മുന്നേറുമായിരുന്നു. മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരുടെ പ്ലേഓഫ് സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ആര്‍സിബി എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചിരിക്കുകയാണ്.

VIRAT KOHLI

187 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമായിരുന്നു ആര്‍സിബിക്കു ഹൈദരാബാദ് നല്‍കിയത്. പക്ഷെ ഓപ്പണിങ് വിക്കറ്റില്‍ വിരാട് കോല്- ഫഫ് ഡുപ്ലെസി സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതോടെ ഹൈദരാബാദ് നിസ്സഹായരായി. 172 റണ്‍സാണ് ഈ ജോടി വാരിക്കൂട്ടിയത്. മുന്‍ മല്‍സരങ്ങളില്‍ സ്ലോ ഇന്നിങ്‌സുകളുടെ പേരില്‍ പഴി കേട്ട കോലി ഇതിന്റെ ക്ഷീണം തീര്‍ക്കുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. തുടക്കം മുതല്‍ ഹൈദരാബാദ് ബൗളര്‍മാര്‍ക്കെതിരേ ആഞ്ഞടിച്ച അദ്ദേഹം വെറും 62 ബോളുകളിലായിരുന്നു കരിയറിലെ ആറാം ഐപിഎല്‍ സെഞ്ച്വറി കണ്ടെത്തിയത്.

94ല്‍ നില്‍ക്കെ സിക്‌സര്‍ പായിച്ചായിരുന്നു കോലി മൂന്നക്കത്തിലെത്തിയത്. തൊട്ടടുത്ത ബോളില്‍ പുറത്താവുകയും ചെയ്തു. 63 ബോളില്‍ 12 ഫോറും നാലു സിക്‌സറുമടക്കം 100 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരിക്കല്‍ക്കൂടി ക്യാപ്റ്റന്റെ കളി കെട്ടഴിച്ച് ഫഫ് ഡുപ്ലെസി 71 റണ്‍സോടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

47 ബോളുകള്‍ നേരിട്ട അദ്ദേഹം ഏഴു ഫോറും രണ്ടു സിക്‌സറുമടിച്ചു. കോലിയും ഡുപ്ലെസിയും മടങ്ങിയ ശേഷം ഗ്ലെന്‍ മാക്‌സ്വെല്‍ (5*), മൈക്കല്‍ ബ്രേസ്വെല്‍ (4*) എന്നിവര്‍ ചേര്‍ന്ന് 19.2 ഓവറില്‍ വിജയറണ്‍സ് കുറിച്ചു. സ്‌കോര്‍- ഹൈദരാബാദ് ആറിന് 186, ബാംഗ്ലൂര്‍ 19.2 ഓവറില്‍ രണ്ടിന് 187.

DUPLESSIS

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഹൈദരാബാദ് അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 186 റണ്‍സ് സ്‌കോര്‍ ചെയ്തത്. സൗത്താഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്‍ഡ്രിച്ച് ക്ലാസെന്റെ (104) തകര്‍പ്പന്‍ സെഞ്ച്വറി ഹൈദരാബാദിനെ ശക്തമായ നിലയിലെത്തിക്കുകയായിരുന്നു.

ആര്‍സിബി ബൗളര്‍മാരും ക്ലാസെനും തമ്മിലുള്ള മാറ്റരുയ്ക്കല്‍ കൂടിയായിരുന്നു കണ്ടത്. അതില്‍ ക്ലാസെന്‍ വിജയിക്കുകയും ചെയ്തു. വെറും 51 ബോളുകളിലാണ് എട്ടു ഫോറും ആറു സിക്‌സറുമടക്കം താരം 104 റണ്‍സ് വാരിക്കൂട്ടിയത്. വ്യക്തിഗത സ്‌കോര്‍ 97ല്‍ നില്‍ക്കെ സിക്‌സര്‍ പായിച്ചായിരുന്നു ക്ലാസെന്‍ കന്നി ഐപിഎല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

പുറത്താവാതെ 27 റണ്‍സെടുത്ത ഹാരി ബ്രൂക്കാണ് ഹൈദരാബാദിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 19 ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സറും താരം നേടി. അഭിഷേക് ശര്‍മ (11), രാഹുല്‍ ത്രിപാഠി (15), നായകന്‍ എയ്ഡന്‍ മാര്‍ക്രം (18), ഗ്ലെന്‍ ഫിലിപ്‌സ് (5) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ഹൈദരാബാദിന്‍െ തുടക്കം മോശമായിരുന്നു. ഈ സീസണില്‍ വ്യത്യസ്ത ഓപ്പണിങ് കോമ്പിനേഷനുകള്‍ പരീക്ഷിച്ച് പരാജയപ്പെട്ട ഹൈദരാബാദ് ഈ കളിയിലും പുതിയ ഓപ്പണിങ് ജോടികളെ ഇറക്കുകയായിരുന്നു. അഭിഷേക്- ത്രിപാഠി സഖ്യമായിരുന്നു ഇത്.

KLAASEN

പക്ഷെ പരീക്ഷണം ഒരിക്കല്‍ക്കൂടി പാളി. പവര്‍പ്ലേയില്‍ റണ്ണെടുക്കാന്‍ പാടുപെട്ട ഇരുവരും ന്യൂസിലാന്‍ഡ് സ്പിന്നര്‍ മൈക്കല്‍ ബ്രേസ്വെല്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ പുറത്താവുകയും ചെയ്തു. അഭിഷേകിനെ മഹിപാല്‍ ലൊംറോറിന്റെ കൈകളിലും ത്രിപാഠിയെ ഹര്‍ഷല്‍ പട്ടേലിന്റെ കൈകളിലും ബ്രേസ്വെല്‍ എത്തിക്കുകയായിരുന്നു (രണ്ടിന് 28). തുടര്‍ന്നായിരുന്നു ക്ലാസെന്റെ വരവ്.

ആദ്യ ബോളില്‍ തന്നെ ബൗണ്ടറിയടിച്ചുകൊണ്ട് തുടങ്ങിയ അദ്ദേഹം ഇതേ തുടരുകയും ചെയ്തു. ക്യാപ്റ്റന്‍ മാര്‍ക്രമിനെ കൂട്ടുപിടിച്ച് ക്ലാസെന്‍ മൂന്നാം വിക്കക്കറ്റില്‍ 76 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ക്രീസിന്റെ മറുഭാഗത്ത് മാര്‍ക്രം റണ്ണെടുക്കാന്‍ പാടുപെട്ടപ്പോള്‍ ക്ലാസെന്‍ ബൗളര്‍മാരെ തല്ലിച്ചതയ്ക്കുകയായിരുന്നു.

ടീം സ്‌കോര്‍ 104ല്‍ മാക്രമിനെ പുറത്താക്കി ഷഹബാസ് അഹമ്മദ് ആര്‍സിബിയെ കളിയിലേക്കു തിരികെ കൊണ്ടു കൊണ്ടു വന്നു. ക്ലീന്‍ ബൗള്‍ഡായാണ് അദ്ദേഹം ക്രീസ് വിട്ടത്. എന്നാല്‍ നാലാം വിക്കറ്റില്‍ മറ്റൊരു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് കൂടി കണ്ടു. ക്ലാസെന്‍- ബ്രൂക്ക് ജോടി 74 റണ്‍സാണ് അടിച്ചെടുത്തത്. ഇതോടെ ഹൈദരാബാദ് ടോട്ടല്‍ 170 കടക്കുകയും ചെയ്തു.

ടീം ടോട്ടല്‍ 200 കടക്കുമെന്നിരിക്കെയാണ് ക്ലാസെന്റെ പുറത്താവല്‍. ഹര്‍ഷലിനെതിരേ കയറിയടിക്കാന്‍ ശ്രമിച്ച അദ്ദേഹം ബൗള്‍ഡാവുകായിരുന്നു. ആര്‍സിബിക്കിയാ മൈക്കല്‍ ബ്രേസ്വെല്‍ രണ്ടു വിക്കറ്റുകളെടുത്തു.

നേരത്തേ ടോസിനു ശേഷം ആര്‍സിബി ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെ നാണംകെടുത്തിയ തൊട്ടുമുമ്പത്തെ മാച്ചിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ആര്‍സിബി ഇറങ്ങിയത്. മറുഭാഗത്തു ഹൈദരാബാദ് ടീമില്‍ ചില മാറ്റങ്ങളുണ്ടായിരുന്നു. ഹാരി ബ്രൂക്കിനെ പ്ലെയിങ് ഇലവനിലേക്കു തിരിച്ചുവിളിച്ച അവര്‍ കാര്‍ത്തിക് ത്യാഗിയെയും കളിപ്പിപ്പിച്ചു.

പ്ലെയിങ് ഇലവന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹെന്‍ഡ്രിച്ച് ക്ലാസെന്‍, ഹാരി ബ്രൂക്ക്, ഗ്ലെന്‍ ഫിലിപ്‌സ്, അബ്ദുള്‍ സമദ്, കാര്‍ത്തിക് ത്യാഗി, മായങ്ക് ഡഗര്‍, ഭുവനേശ്വര്‍ കുമാര്‍, നിതീഷ് റെഡ്ഡി.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- വിരാട് കോലി, ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്വെല്‍, മഹിപാല്‍ ലൊംറോര്‍, ഷഹബാസ് അഹമ്മദ്, അനൂജ് റാവത്ത് (വിക്കറ്റ് കീപ്പര്‍), മൈക്കല്‍ ബ്രേസ്വെല്‍, അനൂജ് റാവത്ത്, വെയ്ന്‍ പാര്‍നല്‍, കരണ്‍ ശര്‍മ, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.

Story first published: Thursday, May 18, 2023, 15:11 [IST]
Other articles published on May 18, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+