മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന് ഏറ്റവും തലവേദനയായത് ബൗളിങ്ങാണ്. ജസ്പ്രീത് ബുംറയുടെ അഭാവവും ജോഫ്രാ ആര്‍ച്ചറുടെ പരിക്കും മുംബൈയെ തളര്‍ത്തി. നിര്‍ണ്ണായകമായ ഹൈദരാബാദിനെതിരായ മത്സരത്തില്‍ മുംബൈ ബൗളര്‍മാര്‍ ആദ്യ 10 ഓവറില്‍ നോക്കുകുത്തികളായിരുന്നു. തല്ലുവാങ്ങിക്കൂട്ടിയ മുംബൈ ബൗളര്‍മാര്‍ ഹൈദരാബാദ് സ്‌കോറിന് 230ന് മുകളിലേക്കെത്തിക്കുമെന്ന് പോലും തോന്നിച്ചു.
എന്നാല്‍ ഡെത്ത് ഓവറില്‍ മുംബൈ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് കണ്ടത്. അതില്‍ എടുത്തു പറയേണ്ടത് ആകാശ് മദ് വാളിന്റെ പ്രകടനമാണ്. ഹൈദരാബാദിന്റെ നടുവൊടിക്കുന്ന ബൗളിങ്ങാണ് ആകാശ് കാഴ്ചവെച്ചത്. നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് ആകാശ് നേടിയത്. മുംബൈയിലെ പിച്ച് ബൗളര്‍മാര്‍ക്ക് ഒട്ടും പിന്തുണ ലഭിക്കാത്തതാണ്. ഇവിടെയാണ് മദ് വാളിന്റെ നാല് വിക്കറ്റ് പ്രകടനം.

9.25 ഇക്കോണമി അല്‍പ്പം മോശമാണെങ്കിലും പിച്ചിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ ആകാശിന്റേത് തകര്‍പ്പന്‍ പ്രകടനം തന്നെയാണ്. വിവ്രാന്ത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ഹെന്‍ റിച്ച് ക്ലാസന്‍, ഹാരി ബ്രൂക്ക് എന്നിവരുടെ വിക്കറ്റാണ് മദ് വാള്‍ വീഴ്ത്തിയത്. ഹൈദരാബാദിന്റെ തകര്‍പ്പന്‍ ബാറ്റിങ് നിരയെ വിറപ്പിക്കാന്‍ മദ് വാളിന് സാധിച്ചുവെന്ന് പറയാം. അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സിന് മുതല്‍ക്കൂട്ടായി മദ് വാള്‍ മാറുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
ജസ്പ്രീത് ബുംറക്കൊപ്പം ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് ആകാശ്. തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാനും മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിയാനും ആകാശിന് സാധിക്കുന്നു. ഹൈദരാബാദിന്റെ ഹാരി ബ്രൂക്കിനെ പുറത്താക്കിയ പന്തില്‍ നിന്ന് തന്നെ ആകാശിന്റെ പ്രതിഭ വ്യക്തം. ഈ സീസണില്‍ നിരാശപ്പെടുത്തിയ മുംബൈ ബൗളിങ് നിരയിലെ ഏക ആശ്വാസമാണ് ആകാശെന്ന് പറയാം.
നിര്‍ണ്ണായക മത്സരത്തില്‍ അവസരത്തിനൊത്തുയരാന്‍ താരത്തിനായി. 7 മത്സരത്തില്‍ നിന്ന് ഒമ്പത് വിക്കറ്റാണ് ആകാശ് നേടിയത്. വേണ്ടവിധം ഉപയോഗിച്ചാല്‍ മുംബൈക്ക് മുതല്‍ക്കൂട്ടായി മാറാന്‍ ആകാശിന് സാധിക്കുമെന്ന കാര്യം ഉറപ്പാണ്. അടുത്ത സീസണിലും മുംബൈ പിന്തുണക്കേണ്ട ബൗളറാണ് ആകാശെന്നാണ് ആരാധകര്‍ പറയുന്നത്. പ്ലേ ഓഫിലെത്തിയാല്‍ മുംബൈയുടെ ബൗളിങ്ങിലെ പ്രധാന പ്രതീക്ഷ ആകാശായിരിക്കുമെന്ന് പറയാം.

തല്ലുകൊള്ളിയായ ക്രിസ് ജോര്‍ദാനും തകര്‍പ്പന്‍ പ്രകടനമാണ് ഡെത്തോവറില്‍ കാഴ്ചവെച്ചത്. 17ാ ഓവര്‍ എറിഞ്ഞ ആകാശ് 6 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് ജോര്‍ദാന്‍ 18ാം ഓവറില്‍ 6 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടി. 19ാം ഓവറില്‍ ആകാശ് 6 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് നേടിയത്. അവസാന ഓവറില്‍ ക്രിസ് ജോര്‍ദാന്‍ 14 റണ്‍സും വഴങ്ങി.
ഹൈദരാബാദിന്റെ സ്‌കോര്‍ അനായാസം 230ന് മുകളില്‍ പോകുമെന്ന് തോന്നിച്ചിടത്തുനിന്ന് 200ലേക്ക് പിടിച്ചുകെട്ടിയത് ഡെത്തോവറിലെ ആകാശിന്റെയും ജോര്‍ദാന്റെയും പ്രകടനമാണ്. എന്നാല്‍ മുംബൈയുടെ ബൗളിങ് പ്രകടനം ഇപ്പോഴും ആശങ്കയുണ്ടാക്കുന്നത് തന്നെയാണ്. പ്ലേ ഓഫിലേക്ക് ഇതേ ബൗളിങ് നിരയുമായി പോകുന്നത് ടീമിന് വലിയ ഗുണം ചെയ്യില്ലെന്ന കാര്യം ഉറപ്പാണ്.